Accident | വിദ്യാനഗർ ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്
* വിദ്യാനഗർ സ്‌കൗട് ഭവന് മുന്നിൽ തിങ്കളാഴ്ച രാവിലെ 9.15 മണിയോടെയായിരുന്നു അപകടം
വിദ്യാനഗർ: (KasargodVartha) ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. വിദ്യാനഗർ സ്‌കൗട് ഭവന് മുന്നിൽ തിങ്കളാഴ്ച രാവിലെ 9.15 മണിയോടെയായിരുന്നു അപകടം. പത്തോളം യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം.
കണ്ണൂരിൽ നിന്ന് കാസർകോട്ട് വരികയായിരുന്ന കെ എൽ 58 എ ജി 8388 കൃത്രിക ബസ് ആണ് അപകടത്തിൽ പെട്ടത്. മുന്നിലുണ്ടായിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് തന്നെ മറിയുകയായിരുന്നുവെന്നാണ് പറയുന്നത്.
നീലേശ്വരത്തെ രേഷ്‌മ, പവിത്ര, കല്യോട്ടെ ഷീജ, ചെറുവത്തൂരിലെ കമലാക്ഷൻ, പ്രഭാകരൻ, പെരിയയിലെ ഗോകുൽ രാജ്, സറീന, മേഘ, കൃഷ്ണൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂരിൽ നിന്ന് പുറപ്പെട്ട ബസിൽ കലക്ട്രേറ്റിലെ ഉദ്യോഗസ്ഥരടക്കം നിരവധി യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഭൂരിഭാഗം പേരും ബി സി റോഡിലെ സ്റ്റോപിൽ ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. അപകട സമയത്ത് ഡ്രൈവർക്കും കണ്ടക്ടർക്കും പുറമെ പത്തോളം യാത്രക്കാർ മാത്രമാണുണ്ടായത്. ബസ് ജീവനക്കാർക്ക് പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.