Success | പച്ചക്കറി കൃഷിയിൽ വിജയം: സഹോദരന്മാരുടെ നൂറുമണി വിളവ്
രാവണേശ്വരം സഹോദരന്മാരുടെ ജൈവ കൃഷിയിൽ വിജയം, ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യം കൈവരിച്ചു.
രാവണേശ്വരം: (KasargodVartha) അര ഏക്കർ സ്ഥലത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയിൽ അതുല്യ വിജയം നേടി രാവണേശ്വരത്തെ സഹോദരന്മാരായ പി. രാധാകൃഷ്ണനും പി. മഞ്ജുനാഥനും. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സി.പി..എമ്മിന്റെ ആഹ്വാനം സ്വീകരിച്ചാണ് ഇവർ കൃഷിയിലേക്ക് ഇറങ്ങിയത്.
നരമ്പൻ, പാവയ്ക്ക, മത്തൻ തുടങ്ങിയ വിളകളാണ് ഇവർ കൃഷി ചെയ്തത്. 50 സെന്റിൽ നടത്തിയ കൃഷിയിൽ നിന്ന് ഒരു തവണത്തെ വിളവെടുപ്പിൽ തന്നെ 50 കിലോ നരമ്പൻ ലഭിച്ചു. മൊത്തം 10 കിന്റൽ വിളവ് പ്രതീക്ഷിക്കുന്നു.
രാവണേശ്വരത്തെ പാരമ്പര്യ കർഷകനായ കരിപ്പാടക്കൻ ചന്തുവിന്റെ മക്കളാണ് ഇവർ. തങ്ങളുടെ ഈ കൃഷി മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.
അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം പ്രവർത്തകരായ പി. കൃഷ്ണൻ, എ. പവിത്രൻ മാസ്റ്റർ, കെ. വി. സുകുമാരൻ, പ്രജീഷ് കുന്നുംപാറ, എസ്. ശശി, ജൈവ കർഷകനായ ഗണേശൻ മാക്കി എന്നിവർ പങ്കെടുത്തു.
കർഷക തൊഴിലാളി വില്ലേജ് കമ്മിറ്റി അംഗവും പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗവുമായ മഞ്ജുനാഥൻ ഒരു ഇടവേളയ്ക്ക് ശേഷം കൃഷിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കർഷകസംഘം ജില്ലാ കമ്മിറ്റി മെമ്പറും രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ടുമായ രാധാകൃഷ്ണൻ നാട്ടിലെ കലാകായിക രംഗത്തും സജീവമാണ്. ഫോക് ലോർ അക്കാദമിയുടെ മികച്ച ഫോക് ലോർ ഡോക്യുമെന്ററിക്കുള്ള അവാർഡ് ഇദ്ദേഹം നേടിയിട്ടുണ്ട്.