Tragedy | തൊഴിലാളികൾ ഉറങ്ങിക്കിടന്ന നങ്കൂരമിട്ട മീൻപിടുത്ത ബോട് ഒഴുകിപ്പോയി പുലിമുട്ടിനിടിച്ച് തകർന്ന് തരിപ്പണമായി; 5 പേർ കടലിൽ ചാടി രക്ഷപ്പെട്ടു
നീലേശ്വരം: (KasaragodVartha) തെഴിലാളികൾ ഉറങ്ങിക്കിടന്ന നങ്കൂരമിട്ട മീൻപിടുത്ത ബോട് ആങ്കർ ഇളകി ഒഴുകിപ്പോയി പുലിമുട്ടിനിടിച്ച് തകർന്ന് തരിപ്പണമായി. തേജസ്വിനി പുഴയുടെയും തൈക്കടപ്പുറം അഴിമുഖത്തിൻ്റെയും സമീപം നങ്കൂരമിട്ട ബോടാണ് പൂർണമായും തകർന്നത്.
ബോടിലുണ്ടായിരുന്ന തെലുങ്കാന സ്വദേശികളായ അഞ്ച് തൊഴിലാളികളും കടലിൽ ചാടി നീന്തി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് തൈക്കടപ്പുറം അഴിത്തലയിലാണ് സംഭവം. ചെറുവത്തൂർ മടക്കര കാവുഞ്ചിറയിലെ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കാർത്തിക എന്ന ബോടാണ് തകർന്നത്.
പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. ബോടിൽ ഉറങ്ങികിടന്ന തൊഴിലാളികൾ സംഭവം അറിഞ്ഞിരുന്നില്ല. അഴിത്തല പുലിമുട്ടിൽ ബോട് ശക്തമായി ഇടിച്ചപ്പോഴാണ് തൊഴിലാളികൾ ഞെട്ടിയുണർന്നത്. ഉടൻ തന്നെ എല്ലാവരും കടലിലേക്ക് എടുത്തു ചാടി നീന്തി രക്ഷപ്പെട്ടു. അഴിത്തല തീരദേശ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പിൻ്റെ രക്ഷാ ബോട് അഞ്ച് മിനുറ്റ് കൊണ്ട് എത്തിച്ചെങ്കിലും ഒന്നും ചെയ്യാനായില്ല.
കടൽ രക്ഷാസേന ലീഡറായ പി മനുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. തകർന്ന ബോടിലെ വലകൾ കടലിൽ ഒഴുകി പരന്നതിനാൽ പ്രൊപലറിൽ കുടുങ്ങുമെന്നത് കൊണ്ട് തകർന്ന ബോടിനടുത്തേക്ക് രക്ഷാ ബോടിന് എത്താനായില്ലെന്ന് സേനാംഗങ്ങൾ കാസർകോട് വാർത്തയോട് പറഞ്ഞു. കടൽ കലിതുള്ളി നിൽക്കുന്നത് കാരണം പുലിമുട്ടിനടുത്തേക്ക് ബോട് അടുപ്പിക്കാനും സാധിച്ചില്ല. പുലിമുട്ടിൽ തിരയടിച്ചു തകർന്ന ബോടിന്റെ ഭാഗങ്ങൾ കടലിൽ ഒഴുകിപ്പോയി. 10 ലക്ഷത്തിൻ്റെ നഷ്ടം കണക്കാക്കുന്നു.