Tragedy | മാവിലാകടപ്പുറത്തെ ബോട് അപകടം: കാണാതായ മുജീബിന്റെ മൃതദേഹം കണ്ടെത്തി; ദുരന്തം കവർന്നത് 2 ജീവനുകൾ
● പരപ്പനങ്ങാടി സ്വദേശിയാണ് മുജീബ്
● വ്യാപകമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്
● അബൂബകർ കോയ എന്ന കോയമോനാണ് മരിച്ച മറ്റൊരാൾ
നീലേശ്വരം: (KasargodVartha) മാവിലാകടപ്പുറത്ത് ബോട് മുങ്ങി കാണാതായ പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് വച്ച് ബുധനാഴ്ച വൈകിട്ട് 5.30 ഓടെ ഫിഷറീസിന്റെ റസ്ക്യൂ ബോട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
മുജീബിനെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഡ്രോണിയർ എയർക്രാഫ്റ്റ്, കപ്പൽ, ഫിഷറീസിന്റെ റസ്ക്യൂ ബോട്, കോസ്റ്റൽ പൊലീസിന്റെ പട്രോൾ ബോട്ട് എന്നിവ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. വലയുടെയും ബോടിന്റെയും അവശിഷ്ടങ്ങളും തിരച്ചിലിൽ കണ്ടെത്തി. കോസ്റ്റൽ പൊലീസ് സി ഐ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഹൊസ്ദുർഗ് തഹസിൽദാർ തുടങ്ങിയവർ നേതൃത്വം നൽകി.
അതേസമയം, അപകടത്തിൽ മരിച്ച അബൂബകർ കോയ എന്ന കോയമോന്റെ (58) മൃതദേഹം ചൊവ്വാഴ്ച രാത്രി തന്നെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർടം നടപടികൾ പൂർത്തിയാക്കി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മാലിക് ദീനാർ പള്ളിയിൽ പരിപാലന കർമ്മങ്ങൾ നടത്തി പുലർച്ചെയാണ് വീട്ടിലെത്തിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് 37 പേർ കയറിയ ഫൈബർ ബോട് അപകടത്തിൽപ്പെട്ട് മുങ്ങിയത്. 37 പേരിൽ 35 തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിൽപ്പെട്ട ബോടിൽ മലയാളികളും ഒഡീഷ, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളുമാണ് കൂടുതൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ കലക്ടർ കെ ഇമ്പശേഖർ, കണ്ണൂർ ഡിഐജി രാജ് പാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
#KeralaBoatAccident #Mavilakadappuram #Tragedy #RescueOperations #Marine