city-gold-ad-for-blogger

Allegation | നീലേശ്വരം അപകടം: ക്ഷേത്ര ഭരണസമിതിയെ മാത്രം കുറ്റക്കാരാക്കുന്നത് ശരിയല്ലെന്ന് ബിജെപി; സിപിഎം ഹൈന്ദവ സമൂഹത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം

BJP Accuses Kerala Government of Mismanagement in Neeleswaram Accident
Photo: Arranged

● ബിജെപി സർക്കാരിനെ വിമർശിച്ചു
● പരുക്കേറ്റവർക്ക് ഉടനടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം
● പൊലീസ് മുൻകരുതൽ എടുത്തില്ലെന്നും ആരോപണം 

നീലേശ്വരം: (KasargodVartha) വീരർക്കാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ ദുരന്തത്തിൽ പരുക്കേറ്റവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് രവീശ് തന്ത്രി കുണ്ടാർ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടവും പൊലീസും ജാഗ്രത പാലിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ക്ഷേത്ര ഭരണ സമിതിയുടെ മാത്രം കുറ്റമായി ഈ സംഭവത്തെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.

കാസർകോട് മെഡിക്കൽ കോളജ് പ്രവർത്തനസജ്ജമായിരുന്നുവെങ്കിൽ ജില്ലയിൽ തന്നെ പരുക്കേറ്റ മുഴുവൻ ആളുകൾക്കും ചികിൽസ നൽകാൻ സാധിക്കുമായിരുന്നു. കോഴിക്കോട്, മംഗ്ളൂരു  എന്നിവിടങ്ങളിൽ കൊണ്ടുപോകേണ്ട ആവശ്യം വരില്ലായിരുന്നു. ഭരണകൂടത്തിന്റെയും പൊലീസിന്റെയും വീഴ്ച മറികടത്താൻ വേണ്ടിയാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും രവീശ് തന്ത്രി കുണ്ടാർ പറഞ്ഞു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ, വിജയകുമാർ റൈ, മഹിളാമോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം അശ്വിനി എം.എൽ, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അഞ്ജു ജോസ്റ്റി, ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് സുരേഷ് സിവി, ജനറൽ സെക്രട്ടറി രാജീവൻ പി, രാജീവൻ എന്നിവരും രവീശ് തന്ത്രി കുണ്ടാറിനൊപ്പം ഉണ്ടായിരുന്നു. 

'ഹൈന്ദവ സമൂഹത്തെ അപമാനിക്കുന്നു'

നീലേശ്വരം കളിയാട്ടവുമായി ബന്ധപ്പെട്ട് ഉണ്ടായ വെടിക്കെട്ട് അപകടത്തിൻ്റെ ഉത്തരവാദിത്വം ക്ഷേത്ര ഭരണസമിതി ഭാരവാഹികൾക്കും സംഘാടകർക്കും മേൽ മാത്രം ചാർത്തി തങ്ങളുടെ വീഴ്ച മറച്ചുവെക്കാൻ ജില്ലാ ഭരണകൂടവും പൊലീസും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ഈ സംഭവം ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ ഭരണകൂടവും പോലീസും പറയുന്നതുപോലെ ഉഗ്രശേഷിയുള്ള കരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നും, സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന പടക്കങ്ങൾ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിയ ഉത്സവപ്പറമ്പിൽ ആവശ്യമായ സുരക്ഷ ഏർപ്പെടുത്തുന്നതിൽ പോലീസിന് വീഴ്ച പറ്റിയതായി അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ നടന്ന ഈ സംഭവം പോലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് തന്നെ വലിയ വീഴ്ചയാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. കളിയാട്ടുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്നത് സാധാരണ വിഷുദിനങ്ങളിൽ വീടുകളിൽ ഉപയോഗിക്കുന്ന പടക്കങ്ങൾ മാത്രമായിരുന്നുവെന്നും, പോലീസ് ചൂണ്ടിക്കാണിക്കുന്നത് പോലെ ഷെഡ് തകരുകയോ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസിനെയും സർക്കാരിനെയും വിമർശിച്ചപ്പോൾ അതിൽ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ അസഹിഷ്ണുത കാണിച്ചുവെന്നും, പ്രദേശത്ത് മനപൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചുകൊണ്ട് ഹൈന്ദവ സമൂഹത്തെ അവഹേളിക്കാനാണ് ഡിവൈഎഫ്ഐ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു. ഈ അപകടത്തിന്റെ മറപിടിച്ച് കൊണ്ട് ക്ഷേത്രാചാര അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഗൂഢലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്ര ഭരണസമിതി മാത്രം ഈ സംഭവത്തിൽ കുറ്റക്കാരാണെന്ന് പറയാൻ സാധിക്കില്ലെന്നും, ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ വീഴ്ചടക്കം അന്വേഷിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

#NeeleswaramAccident #Kerala #BJP #TempleFestival #Fireworks #GovernmentFailure

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia