Sucess Story | 'ദുബൈയിൽ സുഹൃത്തിന്റെ ചതി'; സർവതും നഷ്ടമായിട്ടും ഇച്ഛാശക്തി ആയുധമായി; ജീവിതത്തിലേക്ക് തിരിച്ചുവന്ന് ഉയരങ്ങൾ കീഴടക്കി ബോഡി ബിൽഡറായ യുവാവ്; താങ്ങായത് 3 സുഹൃത്തുക്കൾ
● ദക്ഷിണേന്ത്യൻ ശരീര സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
● അന്താരാഷ്ട്ര മത്സരത്തിൽ വിജയിയാകുക എന്നതാണ് ലക്ഷ്യം
കാസർകോട്: (KasargodVartha) ദുബൈയിൽ സുഹൃത്തിന്റെ ചതിയിൽപ്പെട്ട് സർവതും നഷ്‌ടമായ ബോഡി ബിൽഡറായ യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം. ഉദുമ നാലാംവാതുക്കലിലെ ശ്രീജിത് ശ്രീധർ (35) ആണ് മത്സരങ്ങളിലും ജീവിതങ്ങളിലും വിജയം കൊയ്യാൻ തുടങ്ങിയത്.
2017ൽ ദുബൈയിലേക്ക് പോയ യുവാവ് 2021ൽ അവിടെ വെച്ച് കണ്ണൂർ പയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരാളെ പരിചയപ്പെടുകയും ഇയാളുടെ ജിം കേന്ദ്രത്തിൽ പാർട്ണറായി മാറുകയുമായിരുന്നു. എന്നാൽ ഒരു മുങ്ങുന്ന കപ്പലായിരുന്നു തന്റെ തലയിൽ വെച്ചുകെട്ടുന്നതെന്ന് എന്ന് ഏറെ വൈകിയായിരുന്നു താൻ മനസിലാക്കിയതെന്ന് യുവാവ് കാസർകോട് വാർത്തയോട് പറഞ്ഞു.
ലക്ഷങ്ങൾ ബാധ്യത ഉണ്ടാക്കിയാണ് പാർട്ണർ മുങ്ങിയത്. ലക്ഷങ്ങളുടെ കടക്കാരനായതോടെ ആരും തന്നെ കണ്ടാൽ മിണ്ടാത്ത അവസ്ഥയിലായി. പ്രത്യേക മാനസിക അവസ്ഥായിലൂടെയാണ് കടന്നുപോയത്. പിന്നീട് ഫ്ലാറ്റുകൾ തോറും ജിം പരിശീലനത്തിന് പോയി പതുക്കെ പതുക്കെ തന്റെ പ്രതിസന്ധി മറികടക്കാൻ ശ്രമം തുടങ്ങി. തകർന്ന മനസുമായി മത്സങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നത് ഏറെ വിഷമം ഉണ്ടാക്കി.
ഇതിനിടയിൽ നാട്ടിലെത്തി ഡോക്ടറെ സമീപിച്ചപ്പോൾ ഒന്നെങ്കിൽ ആറു മാസം മരുന്ന് കഴിക്കുകയോ അല്ലെങ്കിൽ കഠിനമായ പരിശീനത്തിന് മനസ് പാകപ്പെടുത്തകയോ വേണമെന്ന് ഡോക്ടർ ഉപദേശിച്ചു. എന്നാൽ മരുന്ന് കഴിക്കുക എന്നത് ഏറെ വിഷമകരമായിരുന്നു. അത് ഉപേക്ഷിച്ച് കഠിനമായ പരിശീലനത്തിൽ മുഴുകിയതോടെ കഴിഞ്ഞ മാസം 24ന് പുതുച്ചേരിയിൽ നടന്ന ദക്ഷിണേൻഡ്യൻ ശരീര സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞതായും യുവാവ് വ്യക്തമാക്കി.
തലശേരിയിലെ അതുൽ ബാബു, ഗൾഫിലെ തന്റെ ട്രെയിനർമാരായ കണ്ണൂരിലെ റമീസ്, കൊൽക്കത്തയിലെ ക്ലിന്റൺ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയാണ് തനിക്ക് ഈ നേട്ടം കൊയ്യാന്‍ സാധിച്ചത്. അന്താരാഷ്ട ശരീര സൗന്ദര്യ മത്സരത്തിൽ വിജയിയാവുക എന്ന ഒറ്റ ലക്ഷ്യമാണ് തന്റെ മുന്നിൽ ഉള്ളതെന്നും ശ്രീജിത് ശ്രീധർ പറഞ്ഞു. 'ശ്രീ ഫിറ്റ് നെസ് ഡിഎക്സ്ബി' (Sree Fitness DXB) എന്ന പേരിലാണ് ജിം ട്രെയിനിംഗ് നൽകി വരുന്നത്.
10 വർഷം മിസ്റ്റർ കാസർകോട്, ഇതിൽ നാല് വർഷം ചാംപ്യൻ ഓഫ് ചാംപ്യൻ, ഒരുവർഷം മിസ്റ്റർ കേരള, മിസ്റ്റർ ഇൻഡ്യ മത്സരത്തിൽ നാലാം സ്ഥാനം എന്നീ നേട്ടങ്ങൾ കൊയ്ത ശ്രീജിതിന് ഇനി തിരിഞ്ഞ് നോക്കാൻ സമയമില്ല. ഗൾഫിൽ ഒരുപാടുപേർ ഇത്തരം ചതികളിൽ പെട്ടിട്ടുണ്ടെന്നും അവർക്ക് തന്റെ ജീവിതം പ്രചോദനമാവുമെന്നാണ് കരുതുന്നതെന്ന് യുവാവ് കാസർകോട് വാർത്തയോട് പറഞ്ഞു.
#bodybuilding #fitness #motivation #inspiration #comeback #success #kasaragod #india