Protest | ഓട്ടോ ഡ്രൈവറുടെ മരണം: യൂത്ത് ലീഗ് മാർച്ചിൽ പ്രതിഷേധമിരമ്പി
● കറുത്ത ബാഡ്ജ് ധരിച്ചും പ്ലകാർഡ് ഉയർത്തിപ്പിടിച്ചുമായിരുന്നു പ്രതിഷേധപ്രകടനം.
● പ്രതിഷേധക്കാർ പിൻമാറാത്തതിനെ തുടർന്ന് ജലപീരങ്കി പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്.
● കുടുംബത്തിന് നീതിയും സാമ്പത്തിക സഹായവും ഉറപ്പാക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം.
കാസർകോട്: (KasargodVartha) ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ മരണത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലേക്കാണ് യൂത്ത് ലീഗ് ബ്ലാക്ക് മാർച്ച് നടത്തിയത്.
മരണത്തിന് കാരണക്കാരനായ കാസർകോട് സബ് ഇൻസ്പെക്ടർ അനൂബ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും കുടുംബത്തിന് നീതിയും സാമ്പത്തിക സഹായവും ഉറപ്പാക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം.
കാസർകോട് ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നിരവധി യൂത്ത് ലീഗ് പ്രവർത്തകർ പങ്കെടുത്തു. പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും പ്രതിഷേധക്കാർ പിൻമാറാത്തതിനെ തുടർന്ന് ജലപീരങ്കി പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്. പോലീസിലെ ക്രിമിനൽ വാഴ്ചക്കെതിരെ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചും പ്ലകാർഡ് ഉയർത്തിപ്പിടിച്ചുമായിരുന്നു പ്രതിഷേധപ്രകടനം.
‘സത്താറിൻ്റെ മരണം: ‘കുറ്റക്കാരായ പൊലീസുകാരെ ശിക്ഷിക്കണം’; മുസ്ലിം യൂത്ത് ലിഗ് നടത്തിയ കാസർകോട് പൊലീസ് സ്റ്റേഷൻ മാർച് pic.twitter.com/aZQ45DYGyc
— Kasargod Vartha (@KasargodVartha) October 11, 2024
ജില്ലാ യൂത്ത് ലീഗ് പ്രസിഡൻറ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷറഫ് എടനീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, കാസർകോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് മാഹിൻ കേളോട്ട്, ജനറൽ സെക്രട്ടറി ടിഎം ഇഖ്ബാൽ, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ കെ ആരിഫ്, കാസർകോട് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ഹാരിസ് തായൽ, ഷംസുദ്ദീൻ ആവിയിൽ, ഗോൾഡൻ റഹ്മാൻ, എംപി നൗഷാദ്, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഹാരിസ് ബെദിര, സിദ്ധീഖ് ദണ്ഡകോളി, റൗഫ് ബാവിക്കര, നദീർ കൊത്തിക്കാൽ, എം എസ് എഫ് സംസ്ഥാന ജില്ലാ ഭാരവാഹികളായ അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, സയ്യിദ് ത്വാഹ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. എം എ നജീബ് സ്വാഗതവും ഷാനവാസ് പള്ളിക്കര നന്ദിയും പറഞ്ഞു.