Rank | കേന്ദ്ര സർവകലാശാലയിൽ നിന്ന് എംബിഎ ട്രാവൽ ആൻഡ് ടൂറിസം മാനജ്മെന്റിൽ ഒന്നാം റാങ്ക് നേടി തിളങ്ങി അൻവറ ശിറീൻ
കഠിനാധ്വാനത്തിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും ഫലം
കാസർകോട്: (KasargodVartha) പെരിയ കേന്ദ്ര സർവകലാശാലയിലെ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം മാനജ്മെന്റ്) കോഴ്സിൽ ഒന്നാം റാങ്ക് നേടി അൻവറ ശിറീൻ അഭിമാനമായി. ഉദുമ പടിഞ്ഞാറിലെ കുന്നിൽ ഹംസ - ആഇശ ദമ്പതികളുടെ മകളാണ്. കഠിനാധ്വാനത്തിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും ഫലമായാണ് അൻവറ ഈ വിജയം കൈവരിച്ചത്.
ശാർജയിലെ ഇൻഡ്യൻ എക്‌സലൻ്റ് പ്രൈവറ്റ് സ്‌കൂളിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനം. ലിങ്കൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബിഎ ട്രാവൽ ആൻഡ് ടൂറിസം മാനജ്മെൻ്റ് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി കേന്ദ്ര സർവകലാശാലയിൽ ചേർന്നത്.
ടൂറിസം മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് അതിൽ തന്റെ ഭാവി കാണുകയാണ് അൻവറ. ഈ ലക്ഷ്യത്തിലെത്തിച്ചേരാൻ അവർ നടത്തിയ യാത്ര എല്ലാവർക്കും പ്രചോദനമാണ്. ഒന്നാം റാങ്കെന്ന വലിയ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അൻവറ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
സർവകലാശാല അധികൃതരും അധ്യാപകരും സഹപാഠികളും ബന്ധുക്കളും റാങ്ക് നേട്ടത്തിൽ അഭിനന്ദിച്ചു. യുഎഇയിൽ ജോലി ചെയ്യുന്ന ഭർത്താവ് പി സി ആശിഫിന്റെ പിന്തുണയും അൻവറയ്ക്ക് കരുത്തേകുന്നു. സിറാജ് ഏക സഹോദരനാണ്.