Anti Drug | ലഹരിക്കെതിരെ വമ്പൻ നടപടികളുമായി കളനാട് ജമാഅത്ത് കമ്മിറ്റി; കവലകളിൽ പരാതിപ്പെട്ടികളും, ജാഗ്രതാസമിതിയുടെ നിരീക്ഷണവും; കഞ്ചാവ് കേസിൽ പിടിയിലായയാളെ മഹല്ല് അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു

● വിപുലമായ ബോധവൽക്കരണ ക്യാമ്പയിൻ നടത്തും
● കൗമാരക്കാരെ നിരീക്ഷിക്കും
● സംരക്ഷിക്കുന്നവർക്കെതിരെയും നടപടിയെടുക്കും
കാസർകോട്: (KasargodVartha) ലഹരി ഉപയോഗത്തിനും വിൽപനക്കുമെതിരെ ശക്തമായ നടപടികളുമായി കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി. സ്‌കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തി നാടിൻ്റെ സൽപേരിന് കളങ്കം വരുത്തിയ സമീർ എന്ന വ്യക്തിയെ മഹല്ല് ജമാഅത്ത് അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നഗരത്തിലെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ കേസിൽ പൊലീസ് പിടിയിലായ സമീർ എന്നയാൾക്കെതിരെയാണ് നടപടി എടുത്തതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ലഹരി മാഫിയക്ക് സഹായം ചെയ്യുന്നവരെയും ലഹരിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും നിരീക്ഷിക്കുവാനും നാട്ടുകാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ശാരീരിക പരിശോധനകൾക്ക് വിധേയമാക്കി എന്തെങ്കിലും തെളിവ് ലഭിച്ചാൽ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇത്തരം ആളുകളെ നിയമപരമായും അല്ലാതെയും സംരക്ഷിക്കുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നും ജമാഅത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
നാടിൻ്റെ സൗര്യജീവിതത്തിന് തടസ്സമുണ്ടാക്കുന്ന ഇത്തരം നീചപ്രവർത്തനങ്ങൾ തടയുന്നതിന്, ലഹരി ഇടപാടുകാരുമായുള്ള എല്ലാ സഹകരണവും ഒഴിവാക്കാൻ നാട്ടുകാർക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്തും. ആരോപണവിധേയരായ വ്യക്തികളെയും അവരുടെ രക്ഷിതാക്കളെയും പള്ളി ഓഫീസിൽ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കും. ആവശ്യമെങ്കിൽ ഉന്നതരുടെ മക്കളായാലും കർശന നിയമനടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ചേർന്ന കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.
മറ്റുപ്രദേശങ്ങളിൽ നിന്ന് വാടകയ്ക്ക് താമസിക്കുന്നവരിൽ ചിലർ ലഹരിവിൽപന പോലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വീടുകളിൽ അസമയത്ത് അപരിചിതർ വന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടാൽ നാട്ടുകാർക്ക് പരാതി നൽകാവുന്നതാണ്. സമാധാനക്കേടുണ്ടാക്കുന്നവർക്ക് വീട് വാടകയ്ക്ക് കൊടുക്കുന്നതിൽ ഉടമസ്ഥർ ജാഗ്രത പാലിക്കണം. ലഹരി ഉപയോഗം, വില്പന എന്നിവ ശ്രദ്ധയിൽ പെട്ടാൽ നാട്ടുകാർക്ക് ജമാഅത്ത് കമ്മിറ്റിയെ നേരിട്ടോ പരാതി വഴിയോ അറിയിക്കാം. ഇതിനായി കളനാടിന്റ കവലകളിൽ പരാതി പെട്ടികൾ സ്ഥാപിക്കും. ലഹരി എന്ന വിപത്തിനെ നാട്ടിൽ നിന്ന് തുടച്ചുനീക്കാൻ കൗമാരക്കാരടക്കമുള്ള നാട്ടുകാരുടെ സഹകരണം ജമാഅത്ത് കമ്മിറ്റി അഭ്യർഥിച്ചു.
മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കുട്ടികൾ രാത്രി വൈകി വീട്ടിലെത്തുന്നുണ്ടോ എന്നും അവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടോ എന്നും നിരീക്ഷിക്കണം. അമിതമായ വസ്ത്രധാരണം, കൈകളിൽ കൂടുതലായി പണം കാണുന്നത്, പരിചയമില്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നത്, സംശയാസ്പദമായ സുഹൃത്തുക്കൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണം. കൗമാരക്കാർ രാത്രി വൈകിയും കവലകളിലും മറ്റു സംശയകരമായ ഇടങ്ങളിലും സംശയ സാഹചര്യങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാൻ ജാഗ്രതാസമിതി രൂപീകരിച്ച് പരിശോധന നടത്തും. പിടിക്കപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
അടുത്ത ദിവസം മത, രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, കൗമാരക്കാർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും. തീരുമാനങ്ങൾ വെള്ളിയാഴ്ച പള്ളികളിൽ അറിയിക്കുകയും നോട്ടീസ് ബോർഡുകളിൽ പതിക്കുകയും ചെയ്യും. കവലകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും ബോധവൽക്കരണം നടത്തും. ഈ പ്രവർത്തനങ്ങൾക്ക് മുഴുവൻ നാട്ടുകാരുടെയും സഹകരണവും ജമാഅത്ത് കമ്മിറ്റി അഭ്യർഥിച്ചു.
വാർത്താസമ്മേളനത്തിൽ കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ഹാജി, ജനറൽ സെക്രട്ടറി ശരീഫ് തോട്ടം, ട്രഷറർ ഹകീം ഹാജി കോഴിത്തിടിൽ, വൈസ് പ്രസിഡന്റ് ഹമീദ് പാരീസ്, അഷ്‌റഫ് മുക്രി, സെക്രട്ടറിമാരായ എ കെ അബ്ദുല്ല ഹാജി, ശരീഫ് മജിസ്‌ട്രേറ്റ്, യുഎഇ കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ പി അബ്ബാസ് എന്നിവർ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kalanad Jamaat Committee takes strict action against drug use and sales, suspending a member and introducing awareness programs in the community.
#DrugFreeKalanadu #JamaatAction #CommunityInitiative #DrugAwareness #KasaragodNews #Kalanadu