Wedding Invitation | ആനന്ദ് അംബാനിയുടേയും രാധിക മെര്‍ചന്റിന്റേയും 'സേവ് ദ ഡേറ്റ്' ക്ഷണക്കത്ത് പുറത്ത്; 3 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം നടക്കുന്നത് മുംബൈ ജിയോ വേള്‍ഡ് സെന്ററില്‍
ചുവപ്പും ഗോള്‍ഡും നിറങ്ങള്‍ ചേര്‍ന്ന ട്രഡീഷനല്‍ ഷെയ്ഡിലുള്ളതാണ് സേവ് ദ ഡേറ്റ് ക്ഷണക്കത്ത്
വിവാഹത്തിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ഉടന്‍ പുറത്തിറങ്ങുമെന്ന് അടുത്ത വൃത്തങ്ങള്‍
ഓരോ ചടങ്ങിനും അതിഥികള്‍ വ്യത്യസ്തമായ വസ്ത്രങ്ങളും ധരിക്കണം
മുംബൈ:(KasargodVartha) റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ചന്റിന്റേയും വിവാഹത്തിന്റെ 'സേവ് ദ ഡേറ്റ്' ക്ഷണക്കത്ത് പുറത്ത്. ചുവപ്പും ഗോള്‍ഡും നിറങ്ങള്‍ ചേര്‍ന്ന ട്രഡീഷനല്‍ ഷെയ്ഡിലുള്ളതാണ് സേവ് ദ ഡേറ്റ് ക്ഷണക്കത്ത്. വിവാഹത്തിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടക്കും.
ജൂലൈ 12-നാണ് വിവാഹം. 'ശുഭ് വിവാഹ്' എന്നാണ് ആ ചടങ്ങിനെ കുറിച്ച് ക്ഷണക്കത്തില്‍ കൊടുത്തിരിക്കുന്നത്. തൊട്ടടുത്ത ദിവസം 'ശുഭ് ആശിര്‍വാദ്' ചടങ്ങ് നടക്കും. ദമ്പതികള്‍ ബന്ധുക്കളുടേയും അതിഥികളുടേയും അനുഗ്രഹം തേടുന്നതാണ് ചടങ്ങ്. ജൂലൈ 14-നാണ് റിസപ്ഷന്‍. 'മംഗള്‍ ഉത്സവ്' എന്ന പേരിലാണ് റിസപ്ഷന്‍ നടക്കുക.
ഓരോ ചടങ്ങിനും അതിഥികള്‍ വ്യത്യസ്തമായ വസ്ത്രങ്ങളും ധരിക്കണം. വിവാഹത്തിന് ഇന്‍ഡ്യന്‍ പരമ്പരാഗത വസ്ത്രമാണ് ഡ്രസ് കോഡ്. ശുഭ് ആശിര്‍വാദിന് ഇന്തന്‍ഡ്യന്‍ ഫോര്‍മലും റിസപ്ഷന് ഇന്‍ഡ്യന്‍ ചിക്കും ഡ്രസ് കോഡുകളാണ് ക്ഷണക്കത്തില്‍ എഴുതിയിരിക്കുന്നത്.
നിലവില്‍ അംബാനി കുടുംബം രണ്ടാം പ്രീ വെഡ്ഡിങ് ആഘോഷത്തിലാണുള്ളത്. ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മെയ് 29-ന് പുറപ്പെട്ട കപ്പല്‍ ജൂണ്‍ ഒന്നിന് ഫ്രാന്‍സിലെത്തും. സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്ങ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, സചിന്‍ തെണ്ടുല്‍ക്കര്‍, എംഎസ് ധോനി തുടങ്ങിയ സെലിബ്രിറ്റികളെല്ലാം ഈ കപ്പലിലുണ്ട്. ഇവര്‍ക്ക് പുറമെ ലോകമെമ്പാടുമുള്ള വി ഐ പി അതിഥികളും കപ്പലില്‍ ഉണ്ട്.
വധൂവരന്‍മാരുടേയും അതിഥികളുടേയും സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കപ്പലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പിലിലെ ആഘോഷത്തിന് ശേഷം ലന്‍ഡനില്‍ പാര്‍ടിയും നടക്കും.