Complaint | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോടിങ് മെഷീനുകളില്‍ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉള്‍പെടുത്തി കമീഷനിങ് നടത്തുന്നതിനായി സ്ഥാനാർഥികളുടെ ഏജന്റുമാരെ വിളിച്ചുവരുത്തി വട്ടം കറക്കിയതായി പരാതി
* പുലര്‍ച്ചെ 6.45ന് തന്നെ ഇരുമുന്നണികളുടെയും ഏജന്റുമാർ ഹോളിലെത്തിയിരുന്നു
കാസര്‍കോട്: (KasaragodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോടിങ് മെഷീനുകളില്‍ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തി കമീഷനിങ് നടത്തുന്നതിനായി കാസര്‍കോട് ഗവ. കോളജിലെ സ്‌ട്രോങ് റൂമിലേക്ക് സ്ഥാനാർഥികളുടെ പ്രതിനിധികളെ വിളിച്ചുവരുത്തി വട്ടം കറക്കിയതായി പരാതി. മെറ്റല്‍ ഡിറ്റക്ടർ വേണമെന്ന് പറഞ്ഞാണ് കലക്ടര്‍ കമീഷനിങ് നടത്തുന്നത് വൈകിപ്പിച്ചതെന്നാണ് ആക്ഷേപം.
യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും 50 ഓളം ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇവിഎം കമീഷനിങ് നടത്തുന്നത്. വിവിവി പാറ്റ് മെഷീനും കണ്‍ട്രോള്‍ യൂണിറ്റുമടക്കം പരിശോധിച്ച് മോക് ഡ്രിലും നടത്തുന്നുണ്ട്. രാവിലെ ഏഴ് മണിക്ക് തന്നെ കൃത്യസമയത്ത് കമീഷനിങ് നടത്തുമെന്നാണ് കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ 6.45ന് തന്നെ ഇരു മുന്നണികളുടെയും മുഴുവന്‍ ഏജന്റുമാരും ഹോളിലെത്തിയിരുന്നു.
ഏജന്റുമാരുടെ ഫോടോയും വിവരങ്ങളും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ നല്‍കിയിട്ടും തിരിച്ചറിയല്‍ കാര്‍ഡ് പോലും നല്‍കിയത് ഇവര്‍ എത്തിയതിന് ശേഷം ആണെന്നാണ് രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ പറയുന്നത്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം അടുക്കത്ബയലിലെ താളിപ്പടുപ്പ് മൈതാനിയില്‍ നടക്കുന്നതുകൊണ്ട് പൊലീസിന്റെ കയ്യിലുള്ള മെറ്റല്‍ ഡിറ്റക്ടർ അവിടേക്ക് കൊണ്ടുപോയിരുന്നു. ഇതുകാരണം ഹാൻഡ് മെറ്റല്‍ ഡിറ്റക്ടർ കൊണ്ട് പരിശോധിച്ചാണ് ഏജന്റുമാരെ ഹോളിലേക്ക് കടത്തിവിട്ടത്.
പരിശോധനയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയും സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോടിങ് മെഷീനുകള്‍ ടേബിളുകളില്‍ നിരത്തുകയും ചെയ്ത് കമീഷനിങ് തുടങ്ങാനിരിക്കെ കലക്ടറുടെ ഫോണ്‍വിളി എത്തുകയും മെറ്റല്‍ ഡിറ്റക്ടർ പരിശോധനയ്ക്ക് ശേഷം മാത്രമേ കമീഷനിങ് പാടുള്ളൂ എന്ന് നിര്‍ദേശിക്കുകയും ചെയ്‌തതോടെ നടപടികളെല്ലാം തടസപ്പെട്ടു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെ രാഷ്ട്രീയ പാര്‍ടിയുടെ പ്രതിനിധികള്‍ കലക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കലക്ടര്‍ ഫോണെടുത്തില്ലെന്ന് രാഷ്ട്രീയ പാര്‍ടിയുടെ പ്രതിനിധികള്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
ബിജെപിയുടെയോ ബിഎസ്‌പി അടക്കമുള്ള പാര്‍ടികളുടെയോ സ്വതന്ത്രരുടെയോ ഒരു പ്രതിനിധി പോലും കമീഷനിങ് നടത്തുന്ന സ്ഥലത്തെത്തിയില്ലെന്നതും ചര്‍ച്ചാവിഷയമായിട്ടുണ്ട്. രാജ്‌നാഥ് സിങിന്റെ പരിപാടിയുണ്ടായിരുന്നതുകൊണ്ടാണ് ബിജെപിയുടെ പ്രതിനിധികള്‍ക്ക് കമീഷനിങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്നാണ് പാര്‍ടി നേതൃത്വത്തിന്റെ വിശദീകരണം.
ടേബിളില്‍ നിരത്തിവെച്ചിരുന്ന വിവിപാറ്റ് ഉള്‍പ്പെടെയുള്ളവ തിരിച്ച് സ്‌ട്രോങ് റൂമില്‍ തന്നെ കൊണ്ടുവെച്ചിരുന്നു. ഫോണെടുക്കാതിരുന്നതിനാല്‍ കലക്ടര്‍ക്ക് വാട്‌സ് ആപ് സന്ദേശം അയച്ചതോടെ ഹോളിന് പുറത്തിറക്കിയ ഏജന്റുമാരെ 11 മണിയോടെ ഹാൻഡ് മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തി ഹോളിലേക്ക് വീണ്ടും പ്രവേശിപ്പിച്ച് കമീഷനിങ് ആരംഭിക്കുകയായിരുന്നു. ഫോണ്‍ ഉള്‍പെടെയുള്ള ഒരു സാധനങ്ങളും ഹോളിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നില്ല. ഇതിനിടയില്‍ താളിപ്പടുപ്പിലെ പരിപാടി നടത്തുന്ന സ്ഥലത്തുനിന്ന് മെറ്റൽ ഡിറ്റക്ടറിൽ ഒന്ന് എത്തിക്കുകയും ചെയ്തിരുന്നു.
ഏജന്റുമാര്‍ വലഞ്ഞതിനൊപ്പം അർധ രാത്രിവരെ ഡ്യൂടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ആവശ്യമായ വിശ്രമമില്ലാതെ കമീഷനിങ് പൂര്‍ത്തിയാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. അവരും സ്ഥാനാർഥിമാരുടെ പ്രതിനിധികളും നാല് മണിക്കൂറാണ് ഒരു പണിയുമില്ലാതെ കാത്തിരുന്ന് മുഷിഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയില്‍ എത്തിയ ഏജന്റുമാര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു.