Remarks | കാസർകോട്ട് മുമ്പ് സേവനമനുഷ്ഠിച്ച എഡിഎം നവീൻ ബാബുവിനെ കുറിച്ച് ഉദ്യോഗസ്ഥർക്കും മേലധികാരികൾക്കും പറയാനുള്ളത് നല്ല വാക്കുകൾ മാത്രം
● നവീൻ ബാബു 2016 മുതൽ കാസർകോട് ജില്ലയിൽ സേവനമനുഷ്ഠിച്ചിരുന്നു.
● തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂടി കലക്ടറായും ജോലി ചെയ്തിട്ടുണ്ട്.
● സഹപ്രവർത്തകർ അദ്ദേഹത്തെ ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനായി ഓർക്കുന്നു
കാസർകോട്: (KasargodVartha) ജില്ലയിൽ മുൻ എഡിഎം ആയും തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂടി കലക്ടറുമായി ജോലി ചെയ്തിരുന്ന കണ്ണൂരിൽ മരണപ്പെട്ട കെ നവീൻ ബാബുവിനെ കുറിച്ച് ഉദ്യോഗസ്ഥർക്കും മേലധികാരികൾക്കും പറയാനുള്ളത് നല്ല വാക്കുകൾ മാത്രം. അദ്ദേഹം അഴിമതി നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മുൻ സഹപ്രവർത്തക കൂടിയായ വത്സലയും പ്രതികരിച്ചു. എഡിഎമിന്റെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കാസർകോട് ജോലി ചെയ്തിരുന്നപ്പോൾ ഇങ്ങനെയൊരു ആക്ഷേപം ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരും മേലധികാരികളും വ്യക്തമാക്കി.
2023 ഏപ്രിൽ മുതൽ 2024 ജനുവരി വരെ എഡിഎം ആയിരുന്നു മരിച്ച നവീൻ ബാബു. അതിന് മുമ്പ് ഇലക്ഷൻ വിഭാഗം ഡെപ്യൂടി കലക്ടറായും ജോലി ചെയ്തിരുന്നു. എന്തെങ്കിലും കാര്യം സാധിച്ചുകൊടുക്കാൻ താഴെയുള്ള ഒരു ഉദ്യോഗസ്ഥനോടും ആവശ്യപ്പെട്ടതായി അറിയില്ല. നിയമപരമായും സുതാര്യമായും എത്തുന്ന ഒരു ഫയലും വെച്ച് താമസിപ്പിച്ചതായി മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.
2016 മുതൽ അദ്ദേഹം കാസർകോട് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്തൊക്കെ മികച്ച പ്രവർത്തനം നടത്തിയ അദ്ദേഹത്തിന്റെ ഭാര്യയും ജില്ലയിൽ ഉണ്ടായിരുന്നു. ഉയർന്നു വരുന്ന ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമാണ്. മികച്ച ട്രാക് റെകോർഡിന് ഉടമയാണ് അദ്ദേഹമെന്നും മേലധികാരികൾ പ്രതികരിച്ചു. നിർണായകമായ പല ഫയലുകളും കൈകാര്യം ചെയ്തിരുന്ന നവീൻ ബാബു അനാവശ്യമായ ഒരു പിടിവാശി ഏതെങ്കിലും ഒരു കാര്യത്തിൽ കാണിച്ചതായി അറിയില്ലെന്നാണ് കീഴുദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
നവീൻ ബാബുവിനെതിരെ കാസർകോട് എഡിഎം ആയിരുന്നപ്പോൾ എന്തെങ്കിലും ഒരു പരാതി തനിക്ക് ലഭിക്കുകയോ മോശം അഭിപ്രായങ്ങളോ ഉണ്ടായിട്ടില്ലെന്ന് കാസർകോട് കലക്ടർ കെ ഇമ്പശേഖറും കാസർകോട് വാർത്തയോട് പ്രതികരിച്ചു. താൻ ചുതലയേറ്റെടുത്ത ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വരെ എഡിഎം ആയിരുന്നു നവീൻ ബാബു. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം കണ്ണൂരിലേക്ക് മാറിയതെന്നും കലക്ടർ കൂട്ടിച്ചേർത്തു
ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം നാടായ പത്തനംതിട്ടയിലേക്കുള്ള ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ചൊവ്വാഴ്ച രാവിലെ ട്രെയിനിൽ പോകേണ്ടതായിരുന്നെങ്കിലും ട്രെയിനിൽ കയറിയില്ലെന്നറിഞ്ഞ് ബന്ധുക്കൾ വിവരമറിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്.
#NavinBabu #Kasaragod #Corruption #Government #PublicService #Investigation