Struggle | കഥയല്ലിത് ജീവിതം; സിനിമകളിൽ അഭിനയിക്കുമ്പോഴും സുചിത്ര ദേവിയുടെ ഉള്ള് നീറുന്നു; പ്രതിസന്ധികൾ തരണം ചെയ്യാൻ പോരാട്ടം
● ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.
● നാല് സിനിമകൾക്ക് അവാർഡ് ലഭിച്ചു.
പനയാൽ: (KasargodVartha) ദുരിതങ്ങൾക്കിടയിലും ശരീരവും മനസും തളരാതെ സിനിമ അഭിനയത്തിലൂടെ തിളങ്ങുകയാണ് പനയാലിലെ സുചിത്ര ദേവി. ഇരുവൃക്കകളും തകർന്ന വേദനയിലും ദുഃഖം പുറത്ത് കാണിക്കാതെ സിനിമയിൽ അഭിനയിച്ച് മരുന്നിനുള്ള പണം കണ്ടെത്തുകയാണ് ഈ കലാകാരി. ഇതുവരെയായി 12 ഓളം സിനിമകളിൽ അഭിനയിച്ച സുചിത്ര ദേവിയുടെ ആദ്യ സിനിമ ആൻഡ്രോയിഡ് കുഞ്ഞപ്പനായിരുന്നു.
പിന്നീട് തിങ്കളാഴ്ച നിശ്ചയം, ജിന്ന് രേഖ, വൈറ്റ് ആൾടോ, നദികളിൽ സുന്ദരി യമുന പത്മിനി, കുണ്ഡലപുരാണം, അജയൻ്റെ രണ്ടാം മോഷണം, പൊറോട്ട് നാടകം, രാമനും ഖദീജയും, ഒരു ഭാരത് സർകാർ ഉൽപ്പന്നം എന്നി സിനിമകളിൽ ശ്രദ്ധേയമായ അഭിനയം കാഴ്‌ച വെച്ച സുചിത്ര ദേവി 15 ഷോട് ഫിലിമുകളിലും തെരുവ് നാടകങ്ങളിലും അഭിനയിച്ചു. സുചിത്ര അഭിനയിച്ച നാല് സിനിമകൾക്ക് അവാർഡ് ലഭിച്ചു.
ആൻഡ്രോയിഡ് കുഞ്ഞപ്പന് സംസ്ഥാന അവാർഡും തിങ്കളാഴ്ച നിശ്ചയത്തിന് ദേശീയ, സംസ്ഥാന അവാർഡുകളും നേടാനായി. സിനിമ പ്രവർത്തനത്തിനിടയിലാണ് നാലുവർഷം മുമ്പ് ഇരുവൃക്കകളും തകർന്നതായി കണ്ടെത്തിയത്. തുടർന്നുള്ള ചികിത്സയിക്കിടയിലും തളരാതെ പിടിച്ചുനിൽക്കുകയായിരുന്നു. അഞ്ചുവർഷ മുമ്പ് അർബുദം ബാധിച്ച് ഭർത്താവ് ടി ഗോപി മരിച്ച ശേഷം വിദ്യാർഥികളായ ഉണ്ണികണ്ണൻ, കൃഷ്ണൻ ഉണ്ണി, യദുകൃഷ്ണൻ എന്നീ മക്കളുടെ പഠന കാര്യങ്ങളും മറ്റും സുചിത്ര ദേവിക്ക് ഒറ്റയ്‌ക്ക് നോക്കേണ്ടി വന്നു.
പള്ളിക്കര ഒരുമ ബാൻഡ് സംഘത്തിലെ കാപ്‌റ്റായിരുന്നു ഇവർ. ഇതിൽ നിന്നും സിനിമയിൽ നിന്നും ലഭിക്കുന്ന ചെറിയ പ്രതിഫലം കൊണ്ട് കുടുംബ ജീവതം മുന്നോട്ട് പോകുന്നതിനിടയിലാണ് വൃക്ക രോഗം കണ്ടെത്തിയത്. ഇപ്പോൾ ആഴ്‌ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യണം. സിനിമ അഭിനയത്തിനിടയിലും ഇതിനുള്ള സൗകര്യം ലഭിക്കുന്നതായി സുചിത്ര ദേവി പറയുന്നു.
മരുന്നിനും മറ്റുമായി മാസത്തിൽ പതിനായിരത്തിലധികം രൂപ ചിലവഴിക്കണം. മാസത്തിൽ പരിശോധനക്കായി 2500 രൂപയെങ്കിലും വേണം. ഇതിനാവശ്യമായ പണം പോലും ഇല്ല. സുചിത്ര ദേവിയുടെ സഹോദരി വൃക്ക ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനായി 25 ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് ഡോക്ടർ പറയുന്നു. സിപിഎം ഉദുമ ഏരിയാ മുൻ വനിത വോളന്റീയർ കാപ്റ്റാനായിരുന്ന സുചിത്രദേവി സിപിഎം പനയാൽ കിഴക്കേക്കര ബ്രാഞ്ചംഗമാണ്.
#MalayalamCinema #Kerala #KidneyDisease #Fundraising #SupportHer #Help