Investigation | കിൻഫ്രയിലെ ചെരുപ്പ് നിർമാണ കേന്ദ്രത്തിൽ നിന്നും 8 ലക്ഷം രൂപയുടെ പാദരക്ഷ കവർന്ന കേസിൽ 4 പേർ കാസർകോട് നഗരത്തിൽ വലയിലായി; 2 പേരെ തിരയുന്നു
കംപനിയുടെ ലാപ്ടോപും കവർച്ച ചെയ്‌തിരുന്നു
ബദിയഡുക്ക: (KasaragodVartha) സീതാംഗോളി കിൻഫ്ര പാർകിലെ ചെരുപ്പ് നിർമാണ കേന്ദ്രത്തിൽ നിന്നും എട്ട് ലക്ഷം രൂപയുടെ പാദരക്ഷകൾ കവർന്നുവെന്ന കേസിൽ നാല് പേർ കാസർകോട് നഗരത്തിൽ പൊലീസിന്റെ വലയിലായി. സംഘത്തിലെ പ്രതികളായ രണ്ട് പേരെ കൂടി കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 22നാണ് കിൻഫ്ര പാർകിലെ വെൽഫിറ്റ് ഫുട്‍വെയർ നിർമാണ കംപനിയിൽ നിന്നും ചെരുപ്പ് കവർച്ച ചെയ്‌തത്. രണ്ട് തവണകളായാണ് കവർച്ച നടന്നത്.
കംപനിയുടെ ലാപ്ടോപും കവർച്ച ചെയ്‌തിരുന്നു. കട്ടത്തടുക്കയിലെ നിസാർ, ഗൾഫിലുള്ള ഇയാളുടെ സുഹൃത്ത് എന്നിവർ പാർട്ണർമാരായ കംപനിയിലാണ് ലക്ഷങ്ങളുടെ മോഷണം നടന്നത്. സംഭവത്തിൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടയിൽ ഞായറാഴ്ച ഉച്ചയോടെ കാസർകോട് നഗരത്തിലെ പൂട്ടിയിട്ട കടവരാന്തയ്ക്ക് സമീപം ചിലർ ചെരുപ്പ് കച്ചവടം നടത്തുന്നത് ഇതുവഴി കടന്നുപോവുകയായിരുന്ന നിസാറിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.
സംശയം തോന്നി ചെരുപ്പ് വാങ്ങാനെന്ന രീതിയിൽ പരിശോധിച്ചപ്പോൾ കംപനിയുടെ സ്റ്റികർ പതിച്ചിട്ടുള്ളതായി കണ്ടെത്തി. തുടർന്ന് നിസാർ സുഹൃത്തുക്കളുടെ സഹായത്തോടെ ഇവരെ പിടികൂടുകയും കാസർകോട് ടൗൺ പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഇവരെ പിന്നീട് കേസ് അന്വേഷിക്കുന്ന ബദിയഡുക്ക പൊലീസിന് കൈമാറി. സംഘത്തിൽ ആറ് പേരുള്ളതായാണ് സംശയം.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പ്രതികളിൽ രണ്ടുപേർ മുമ്പും ഇത്തരം കേസുകളിൽ പ്രതികളായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. പ്രതികൾ മോഷ്ടിച്ച 10 ചാക്ക് ചെരുപ്പുകൾ ഉപ്പള മജലിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ലാപ്ടോപും ഇവിടെ നിന്നും പിടിച്ചെടുത്തു. പിടിയിലായവരെ വിശദമായ ചോദ്യം ചെയ്‌തപ്പോഴാണ് കേസിലെ മറ്റ് രണ്ട് പേരാണ് സൂത്രധാരന്മാരെന്ന് തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം കുമ്പള അനന്തപുരം വ്യവസായ കേന്ദ്രത്തിലെ ആയുർനിധി ആയുർവേദിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിയിൽ നിന്നും 4.5 ലക്ഷം രൂപ വിലവരുന്ന വെൽഡിങ് മെഷീൻ, പൈപ്, കേബിൾ എന്നിവ കവർച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ സ്ഥാപനത്തിലും കവർച്ച നടത്തിയത് ഇതേ സംഘമാണെന്ന് സംശയിക്കുന്നതായി സ്ഥാപനത്തിന്റെ മാനജിങ് ഡയറക്ടർ ഫിറോസ് ഖാൻ കാസർകോട് വാർത്തയോട് പറഞ്ഞു. വ്യവസായ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്നവരാണ് പിടിയിലായവരെന്ന് സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.