Rescue | വെള്ളപ്പൊക്കത്തിനിടയിൽ അടിയന്തര ലാൻഡിംഗ് നടത്തി വ്യോമസേന ഹെലികോപ്റ്റർ; ദൃശ്യങ്ങൾ വൈറൽ; കയ്യടി നേടി യൂട്യൂബറും പ്രദേശവാസികളും
● ബീഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം.
● മുകേഷ് ജോഷി എന്ന യൂട്യൂബറാണ് ദൃശ്യങ്ങൾ പകർത്തിയത്.
● ഐഎഎഫ് ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
പാട്ന: (KasargodVartha) വെള്ളപ്പൊക്കം മൂലം അതിരൂക്ഷമായ സാഹചര്യത്തിലൂടെയാണ് ബീഹാർ ഇപ്പോൾ കടന്നുപോകുന്നത്. പല സ്ഥലങ്ങളിലും കടുത്ത നാശമാണ് വെള്ളപ്പൊക്കം മൂലം ഉണ്ടായിരിക്കുന്നത്. ഇതിനിടയിൽ ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ നിന്നും പുറത്തുവരുന്ന തീർത്തും അപ്രതീക്ഷിതമായ ഒരു നിമിഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇന്ത്യൻ വ്യോമസേനയുടെ (IAF) ഹെലികോപ്റ്റർ ഔറായ് ബ്ലോക്കിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് അടിയന്തര ലാൻഡിംഗ് നടത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.
വെള്ളത്തിൽ ഭാഗികമായി മുങ്ങിയ ഹെലികോപ്റ്ററിൻ്റെ വീഡിയോ ദൃശ്യം രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള ആളുകൾ ഏറെ കൗതുകത്തോടെയാണ് നോക്കികണ്ടത്. എന്നാൽ ഹെലികോപ്റ്ററിന്റെ എമർജൻസി ലാൻഡിംഗ് മാത്രമായിരുന്നില്ല കാഴ്ചക്കാരെ അമ്പരപ്പിച്ചത്. ഇതെല്ലാം ലൈവായി സ്പോട്ടിൽ റിപ്പോർട്ട് ചെയ്ത ഒരു യൂട്യൂബ് വ്ലോഗർ ആണ് കാണികളുടെ മനം കവർന്നത്. മുകേഷ് ജോഷി എന്ന പ്രാദേശിക യൂട്യൂബറാണ് ഹെലികോപ്റ്റർ ലാൻഡിംഗ് സംഭസ്ഥലത്തു നിന്ന് ലൈവ് റിപ്പോർട്ടിങ് ചെയ്തതിലൂടെ കാണികളുടെ പ്രശംസ ഏറ്റുവാങ്ങിയത്.
വൈറലാകുന്ന ദൃശ്യങ്ങളിൽ ഹെലികോപ്റ്ററിന്റെ ലാൻഡിംഗ് സൈറ്റിലേക്ക് ഓടിയെത്തുന്ന ജോഷിയെയാണ് കാണുന്നത്. തുടർന്ന് ഇയാൾ വെള്ളത്തിൽ മുട്ടോളം നിന്നുകൊണ്ട് തന്റെ പിന്നിൽ ലാൻഡുചെയ്യുന്ന ഹെലികോപ്ടറിന്റെ വീഡിയോ റെക്കോർഡ് ചെയ്യുകയാണ്. ഐഎഎഫ് ഉദ്യോഗസ്ഥരെ സഹായിച്ച പ്രാദേശിക ഗ്രാമീണരുമായി ആശയവിനിമയം നടത്തുന്ന അദ്ദേഹത്തിൻ്റെ സജീവവും വിശദവുമായ റിപ്പോർട്ടിംഗ് ശൈലി ഓൺലൈനിൽ വ്യാപകമായ പ്രശംസ ഏറ്റുവാങ്ങി.
അതേസമയം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും നിയന്ത്രിത ലാൻഡിംഗ് നടത്താൻ പൈലറ്റുമാർക് സുരക്ഷിതമായ സ്ഥലം കണ്ടെത്താൻ വേണ്ടിയുള്ള ഗ്രാമീണരുടെ പരിശ്രമവും സഹായവും മുകേഷ് തൻ്റെ വീഡിയോയിൽ എടുത്തുകാണിച്ചു. വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഒരു ഗ്രാമവാസിയുടെ 'ഞങ്ങളുടെ സൈനികരെ രക്ഷിക്കാൻ ഞാൻ എപ്പോഴും എൻ്റെ ജീവൻ പണയപ്പെടുത്തും', എന്ന വാക്കുകൾ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. ഇതോടെ നിരവധി ആളുകൾ സമൂഹത്തിനും സായുധ സേനയ്ക്കും പിന്തുണ അറിയിച്ച് രംഗത്തെത്തി.
മുകേഷിന്റെ വീഡിയോ ഇതിനോടകം ഒമ്പത് ലക്ഷത്തിലധികം ആളുകൾ കണ്ടിരിക്കുന്നു. മുകേഷും പ്രാദേശിക ഗ്രാമീണരും കാണിച്ച ധൈര്യവും സമർപ്പണവും എല്ലാവരും പ്രശംസിച്ചു. ഒരു ഉപയോക്താവ് ഇത് ഏറ്റവും മികച്ച മാധ്യമപ്രവർത്തനമാണെന്നും യുവ റിപ്പോർട്ടറും ധീരരായ ഗ്രാമീണരും അഭിനന്ദനം അർഹിക്കുന്നുവെന്നും പറഞ്ഞു. മറ്റൊരു ഉപയോക്താവ് ഇത്രയും കഠിന സാഹചര്യത്തിൽ ഒരു പ്രാദേശിക നായകൻ തിളങ്ങുന്നത് കാണുന്നത് സന്തോഷമാണെന്നും പറഞ്ഞു. വേറൊരു ഉപയോക്താവ് ഈ യൂട്യൂബർ തന്നെ വളരെയധികം ആകർഷിച്ചിരിക്കുന്നുവെന്നും കുറിച്ചു. ഒട്ടനവധി പേർ മുകേഷിനും സായുധസേനക്കും ഗ്രാമീണർക്കും നന്ദിയും പിന്തുണയും അറിയിച്ചു.
രണ്ട് പൈലറ്റുമാരുൾപ്പെടെ മൂന്ന് ജീവനക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് ഹെലികോപ്റ്ററിലെ എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി സീനിയർ പൊലീസ് സൂപ്രണ്ട് രാകേഷ് കുമാർ സ്ഥിരീകരിച്ചു, 'ഔറായ് ബ്ലോക്കിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരെല്ലാം ഐഎഎഫ് ഉദ്യോഗസ്ഥരായിരുന്നു, അധികാരികൾ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ അവരെ പുറത്തെത്തിച്ചിരുന്നു', അദ്ദേഹം വ്യകതമാക്കി.
#India #Bihar #IAF #helicopter #rescue #flood #viral #YouTube