city-gold-ad-for-blogger

പോലീസ് വിളിച്ചുകൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍; കഴുത്തില്‍ ബുള്ളറ്റ് കണ്ടെത്തി, പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് പിതാവ്

ഹരിയാന: (www.kasargodvartha.com 18.09.2017) പോലീസ് വിളിച്ചുകൊണ്ടുപോയ മുസ്ലിം യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ മകനെ കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചു. ഹരിയാനയിലെ മേവാത്ത് നൂഹിലാണ് സംഭവം. നൂഹ് ജില്ലയിലെ ഖഡ്ഖഡി ഗ്രാമത്തിലെ ഇസ്‌ലാമിന്റെ മകന്‍ മുന്‍ഫൈദിനെയാണ് ഹരിയാന പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. പോലീസിന്റെ ഏജന്റാകാന്‍ വിളിച്ചുകൊണ്ടുപോയതായിരുന്നു മുന്‍ഫൈദിനെ.

വെള്ളിയാഴ്ച വൈകിട്ട് പോലീസ് സമീപിച്ച കാര്യം മുന്‍ഫൈദ് പിതാവിനെയും ഭാര്യാപിതാവിനെയും വിളിച്ചറിയിച്ചിരുന്നു. ഹരിയാന പോലീസിലെ സി.ഐ.എ സ്റ്റാഫ് എന്ന് പരിചയപ്പെടുത്തിയ വിക്രാന്ത്, ശക്തി സിങ്, സതീശ്, സിദ്ധാര്‍ത്ഥ് എന്നിവര്‍ തന്നോട് റെവാരിയിലെത്താന്‍ പറയുകയായിരുന്നു. അവിടെയെത്തി നാല് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ മുന്‍ഫൈദിനെതിരെ നേരത്തെ പോലീസ് ചുമത്തിയിരുന്ന എല്ലാ കള്ളക്കേസുകളും പിന്‍വലിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രത്യുപകാരമായി തങ്ങളെ സഹായിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.

കള്ളക്കേസുകളുടെ പേരില്‍ നിരന്തരം മുന്‍ഫൈദിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുന്നത് അറിഞ്ഞ പിതാവും ഭാര്യാപിതാവും പോലീസ് പറയുന്നത് എന്തായാലും ചെയ്തുകൊടുത്ത് കേസുകളില്‍നിന്ന് ഒഴിവാകാന്‍ ഉപദേശിച്ചു. എന്നാല്‍ ഈ സംഭാഷണത്തിനുശേഷം കാലാപഹദ് ഘട്ടിയില്‍ മുഫൈദിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മകനെ വിളിച്ചുവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പിതാവ് പറയുന്നത്.

മുന്‍ഫൈദിനൊപ്പം അതേ ഗ്രാമത്തില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ മൂന്ന് യുവാക്കള്‍കൂടി പോലീസ് വാഹനത്തിലുണ്ടായിരുന്നു. അവരുടെ മുന്നില്‍വെച്ചാണ് വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. തിരികെ ഗ്രാമത്തിലെത്തിയ അവര്‍ ഹരിയാന പോലീസ് തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുമോ എന്ന ഭീതിയിലാണ്. നൂഹ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മുന്‍ഫൈദിന്റെ മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്തുനിന്നായി വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ പിതാവിന്റെ മൊഴി എഫ്‌ഐആറില്‍ നിന്നും പോലീസ് മുക്കിയതായി ആരോപണമുയര്‍ന്നു. അജ്ഞാതരായ പ്രതികളാണ് മുന്‍ഫൈദിനെ കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് ഇന്‍സ്‌പെക്ടര്‍ മസ്താന വെള്ള നിറത്തിലുള്ള പിക്കപ്പുമായി തോര്‍ഘട്ടിയിലെ വിജനപ്രദേശത്തുകൂടി വരുമ്പോള്‍ ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടെന്നും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ ഉള്ളത്.

പോലീസ് വിളിച്ചുകൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍; കഴുത്തില്‍ ബുള്ളറ്റ് കണ്ടെത്തി, പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് പിതാവ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, National, Police, Killed, Young Man Dies In Mysterious Circumstances

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia