Crime | 'മൃതദേഹം മുറിയില്‍ പൂട്ടിയിട്ട് ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ സ്‌പ്രേ അടിച്ചു, കൂട്ടുകാരെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പമിരുന്ന് സിനിമയും കണ്ട് ഓണ്‍ലൈനില്‍ മുട്ടക്കറിയും ഓര്‍ഡര്‍ ചെയ്ത് കഴിച്ചു'; പബ്ജി കളിക്കാന്‍ അനുവദിക്കാത്തതിന് അമ്മയെ വെടിവച്ച് കൊന്ന മകന്‍ അതിനുശേഷം ആഘോഷിക്കുകയായിരുന്നുവെന്ന് പൊലീസ്
Jun 8, 2022, 17:15 IST
ലക്‌നൗ: (www.kasargodvartha.com) പബ്ജി അഡിക്റ്റായ മകന്‍ അമ്മയെ വെടിവച്ച് കൊന്നശേഷം ആഘോഷിക്കുകയായിരുന്നുവെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ക്രൂരംകൃത്യം ചെയ്ത കുട്ടിയുടെ പ്രവൃത്തിയെക്കുറിച്ചുള്ള പൊലീസ് നല്‍കുന്ന വിവരങ്ങള്‍ മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുകയാണ്. പാഠപുസ്തകങ്ങളും അറിവുകളുമായി നല്ല മനുഷ്യമായി വളരേണ്ട കുട്ടികള്‍ മൊബൈല്‍ ഗെയിമുകള്‍ക്ക് അഡിക്റ്റായി ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ ലോകത്തെ അമ്പരിപ്പിക്കുകയാണ്.
കൊലപാതകത്തിന് പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുത്ത ലക്‌നൗ പൊലീസ് പറയുന്നത് ഇങ്ങനെ: പബ്ജി കളിക്കാന്‍ അനുവദിക്കാത്തതിന് അച്ഛന്റെ തോക്കെടുത്താണ് മകന്‍ അമ്മയെ വെടിവച്ച് കൊന്നത്. അടുത്ത മുറിയില്‍ അമ്മയുടെ മൃതദേഹം പൂട്ടിയിട്ട 16കാരന്‍ ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ മൃതദേഹമുള്ള മുറിയില്‍ റൂം സ്‌പ്രേ അടിച്ചു.
തുടര്‍ന്ന് രണ്ട് കൂട്ടുകാരെ വിളിച്ചുവരുത്തി. ഓണ്‍ലൈനില്‍ മുട്ടക്കറി ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയും കൂട്ടുകാര്‍ക്കൊപ്പമിരുന്ന് ഫുക്രി സിനിമ കാണുകയുമായിരുന്നു. കൂട്ടുകാര്‍ അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ ബന്ധുവിന്റെ വീട്ടില്‍ പോയെന്ന് കുട്ടി കള്ളം പറഞ്ഞു.
കുറ്റം സമ്മതിച്ച കുട്ടി ചോദ്യം ചെയ്യലിലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പബ്ജി കളിക്കാന്‍ അനുവദിക്കാത്തതില്‍ അമ്മയോട് തനിക്ക് ദേഷ്യമായിരുന്നുവെന്നും അതിനാലാണ് അച്ഛന്റെ ലൈസന്‍സുള്ള തോക്കെടുത്ത് വെടിവച്ചതെന്നും കുട്ടി പറഞ്ഞു. ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് രണ്ട് ദിവസം മൃതദേഹം സൂക്ഷിച്ച മുറി കുട്ടി പൂട്ടിയിട്ടു.
എന്നാല്‍ രണ്ട് ദിവസമായതോടെ രൂക്ഷഗന്ധം പരിസരവാസികളില്‍ സംശയം പരത്തി. ഇതോടെ പന്തിക്കേട് തോന്നിയ നാട്ടുകാരാണ് വിവരം അറിയിച്ചത്. കൊലപാതകം നടന്നതായി അറിഞ്ഞാണ് സംഭവ സ്ഥലത്തെത്തിയത്. തുടര്‍ന്ന് അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇല്ലാത്ത കൊലപാതകിയെ സൃഷ്ടിച്ച് കുട്ടി വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു.
ഒരു ഇലക്ട്രീഷ്യനാണ് കൊലപാതകിയെന്ന തരത്തില്‍ കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകം നടത്തിയത് അച്ഛന്റെ തോക്കുകൊണ്ടാണെന്നും പിന്നില്‍ കുട്ടിയാണെന്നും കണ്ടെത്തിയതോടെ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടിയും 10 വയസുള്ള അനിയത്തിയും അമ്മയും 16 കാരനും ഒരുമിച്ചായിരുന്നു താമസം. മകന്‍ പബ്ജിയില്‍ അടിമപ്പെട്ടതായി മനസിലാക്കിയതോടെയാണ് കുട്ടിയെ അമ്മ പബ്ജി കളിക്കുന്നതില്‍ നിന്ന് വിലക്കിയത്. പല തവണ ആവശ്യപ്പെട്ടിട്ടും മൊബൈല്‍ നല്‍കാന്‍ അമ്മ തയ്യാറാകാതെ വന്നതോടെ അച്ഛന്റെ തോക്കെടുത്ത് അമ്മയെ കുട്ടി വെടിവച്ച് കൊല്ലുകയായിരുന്നു. സൈനികനായ അച്ഛന്‍ ബംഗാളിലാണ്. ലൈസന്‍സുള്ള തോക്ക് വീട്ടില്‍ വച്ചാണ് പോയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.