Olympic Games | ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിന് പ്രായ പരിധിയുണ്ടോ? അറിയാം വിശദമായി
നീന്തലിലും ഡൈവിങ്ങിലും മത്സരിക്കുന്നതിന് 14 വയസ് ഉണ്ടായിരിക്കണം
ഷൂടിങ്ങില്‍ പ്രായ പരിധി ഇല്ല
ഹൈദരാബാദ്: (KasargodVartha) ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയുണ്ടോ? ഒളിംപിക്‌സ് പ്രേമികളായ എല്ലാവര്‍ക്കും അറിയേണ്ട കാര്യമാണ് ഇത്. മുന്‍കാലങ്ങളില്‍ അങ്ങനെ മത്സരിക്കുന്നതിന് പ്രത്യേകിച്ചൊരു പ്രായ പരിധി ഒന്നും ഉണ്ടാകാറില്ല. എന്നാല്‍ ഇത്തവണ പാരീസ് ഒളിംപിക്‌സിന്റെ (Paris Olympics,) ഒദ്യോഗിക വെബ് സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഒളിംപക്‌സിലെ ട്രാക് ആന്‍ഡ് ഫീല്‍ഡ് / ജിംനാസ്റ്റിക് വേദികള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാണെന്നാണ് വ്യക്തമാക്കുന്നത്. മുന്‍കാലങ്ങളില്‍ നടന്ന പല മത്സരങ്ങളിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വരെ മത്സരിച്ച് മെഡലുകള്‍ വാരിക്കൂട്ടിയിരുന്നു.
അത്തരത്തില്‍ കുട്ടിത്തം മാറാതെ മത്സരിച്ച് വിജയിച്ചവരെ കുറിച്ച് പരിചയപ്പെടാം:
ജിംനാസ്റ്റിക്‌സ് താരം നാദിയ കൊമനേച്ചി
1976 ല്‍ മോണ്‍ട്രിയല്‍ ഒളിംപിക്സില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം സ്വന്തമാക്കിയ താരമാണ് റുമാനിയന്‍ ജിംനാസ്റ്റ് നാദിയാ കൊമനേച്ചി(Romanian gymnast Nadia Comaneci). അന്ന് 14 വയസ് മാത്രമായിരുന്നു കൊമനേച്ചിയുടെ പ്രായം. ജിംനാസ്റ്റിക്സില്‍ അപൂര്‍വമായ പെര്‍ഫെക്റ്റ് ടെന്‍ സ്‌കോര്‍ ആദ്യമായി ഒളിംപിക്സില്‍ സ്വന്തമാക്കിയ താരം എന്നും കായിക ലോകത്ത് ഓര്‍മിക്കപ്പെടും.
അണ്‍ ഈവണ്‍ ബാറിലും, ബാലന്‍സ് ബീമിലും, ഫ് ളോര്‍ എക്സര്‍സൈസിലും, ഓവര്‍ ഓള്‍ വിഭാഗത്തിലുമൊക്കെ അവിസ്മരണീയമായ പ്രകടനമായിരുന്നു നാദിയ കൊമനേച്ചി കാഴ്ചവച്ചത്. അവരുടെ പ്രകടനം കണ്ട് ഒരുകാലത്ത് ലോകം കോരിത്തരിച്ചിരുന്നു.
നീന്തല്‍ താരം മൈകല്‍ ഫെല്‍പ്സ്
15 -ാം വയസില്‍ സിഡ്നി ഒളിംപിക്സിന് അമേരികന്‍ ടീമിനൊപ്പമെത്തിയ നീന്തല്‍ താരം മൈകല്‍ ഫെല്‍പ്സ് (Swimmer Michael Phelps) ആണ് മറ്റൊരു താരം. അന്ന് 200 മീറ്ററില്‍ അഞ്ചാം സ്ഥാനവും കൊണ്ടാണ് താരത്തിന്റെ മടക്കമെങ്കിലും അടുത്ത നാല് ഒളിംപിക്സുകളില്‍ ഫെല്‍പ്സിന്റെ ജൈത്രയാത്ര തന്നെയായിരുന്നു. 23 സ്വര്‍ണം ഉള്‍പെടെ 28 മെഡലുകളാണ് ഈ കൊച്ചുതാരം സ്വന്തമാക്കിയത്.
പ്രായം കുറഞ്ഞ മറ്റ് ഒളിംപിക് ജേതാക്കള്‍
1936 ല്‍ സ്പ്രിങ്ങ് ബോര്‍ഡ് ഡൈവിങ്ങില്‍ മത്സരിച്ച് സ്വര്‍ണം നേടിയ അമേരികന്‍ ഡൈവര്‍ മര്‍ജോറി ജെസ്റ്റ് റിങ്ങാണ് ഒളിംപിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവ്. തൊട്ടടുത്തുള്ളത് ടോകിയോ ഒളിംപിക്സില്‍ സ്‌കേറ്റ് ബോര്‍ഡില്‍ സ്വര്‍ണം നേടിയ 13 കാരിയായ മൊമിജി നിഷിയയാണ്. ഇരുവരും തമ്മില്‍ രണ്ടു മാസത്തിന്റെ പ്രായ വ്യത്യാസം മാത്രമാണുള്ളത്. 1896 ല്‍ പത്തു വയസില്‍ ഒളിംപിക്സിനെത്തി ടീം ജിംനാസ്റ്റിക്സില്‍ ഗ്രീസിന് വേണ്ടി വെങ്കല മെഡല്‍ നേടിയ ദിമിത്രിയോസ് ലൗണ്ട്രാസ് ആണ് ഒളിംപിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ മറ്റൊരു മെഡല്‍ ജേതാവ്.
അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്കുള്ള മിനിമം പ്രായം അറിയാം
കഴിഞ്ഞ മത്സരങ്ങളിലെല്ലാം കുട്ടിത്താരങ്ങള്‍ പങ്കെടുത്ത് മെഡല്‍ വാങ്ങിയ ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ ഇന്ന് 2024 ല്‍ പാരീസ് ഒളിംപിക്സിലേക്കെത്തുമ്പോള്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ്, ജിംനേഷ്യം വിഭാഗങ്ങളില്‍ കുട്ടി താരങ്ങളുടെ മെഡല്‍ നേട്ടം പ്രതീക്ഷിക്കാനാവില്ല.
എന്നാല്‍ പാരീസ് അക്വാട്ടിക് സെന്ററിലും നാഷണല്‍ ഷൂടിങ്ങ് സെന്ററിലും കുഞ്ഞു പ്രതിഭകളുടെ മാറ്റുരയ്ക്കലിന് ലോകം പ്രതീക്ഷയോടെ കാത്തിരിക്കും. കാരണം നീന്തലിലും ഡൈവിങ്ങിലും മത്സരിക്കുന്നതിന് 14 വയസാണ് കുറഞ്ഞ പ്രായം നിശ്ചയിച്ചിരിക്കുന്നത്. ഷൂടിങ്ങിനാകട്ടെ പ്രായ പരിധി വെച്ചിട്ടുമില്ല.
ട്രാക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഒളിംപിക് കമിറ്റി പ്രായ പരിധി കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ട്രാക് ഇനങ്ങളില്‍ ഇറങ്ങുന്ന ഒളിംപ്യന്മാര്‍ക്ക് കുറഞ്ഞത് 16 വയസെങ്കിലും പ്രായമുണ്ടായിരിക്കണമെന്നാണ് നിയമാവലിയില്‍ പറയുന്നത്. ഈ വിഭാഗങ്ങളില്‍ മത്സരിക്കുന്നവര്‍ 2009 ന് മുമ്പ് ജനിച്ചിരിക്കണം.
ഒളിംപിക് കമിറ്റിയുടെ പുതിയ ചട്ടങ്ങളനുസരിച്ച് പതിനാറും പതിനേഴും വയസുള്ള കായിക താരങ്ങള്‍ക്ക് ഒളിംപിക്സില്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് തടസമില്ല. പക്ഷേ അവര്‍ക്ക് എല്ലാ ഇനങ്ങളിലും മത്സരിക്കാനാവില്ല. ഷോട് പുട്, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ, ഡെകാത് ലണ്‍, ഹെപ്റ്റാത് ലണ്‍, 10000 മീറ്റര്‍, മാരത്തോണ്‍, മത്സര നടത്തം എന്നിവയില്‍ ഇവര്‍ക്ക് പങ്കെടുക്കാനാവില്ല.
ജിംനാസ്റ്റിക്‌സ്/ നീന്തല്‍/ ഷൂടിങ്ങ്/ ഗുസ്തി
ജിംനാസ്റ്റുകള്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായ പരിധി പുരുഷന്മാര്‍ക്ക് 18 വയസും വനിതകള്‍ക്ക് 16 വയസുമാണ്. നീന്തലില്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം 14 വയസാണ്. ഷൂടിങ്ങില്‍ മത്സരിക്കുന്നതിന് പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. ഗുസ്തിയില്‍ പങ്കെടുക്കുന്ന ഫയല്‍വാന്‍മാര്‍ 2006 ഡിസംബര്‍ 31 ന് മുമ്പ് ജനിച്ചവരാകണം. അതായത് ഗുസ്തി താരങ്ങളുടെ ചുരുങ്ങിയ പ്രായം പാരീസ് ഒളിംപിക്സില്‍ 18 വയസാണ്.
ഡൈവിങ്ങില്‍ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം ഇത്തവണയും 14 വയസാണ്. സ്പ്രിങ്ങ് ബോര്‍ഡ് ഡൈവിങ്ങിനും പ്ലാറ്റ് ഫോം ഡൈവിങ്ങിനും സിംക്രണൈസ്ഡ് ഡൈവിങ്ങിനും മിനിമം പ്രായം പതിനാല് തന്നെ.