Arrested | പശ്ചിമ ബംഗാളില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 2 പേര്‍ അറസ്റ്റില്‍, പ്രതിഷേധം രൂക്ഷമായതോടെ പ്രദേശത്ത് സുരക്ഷ കൂട്ടി പൊലീസ്
കൊല്‍ക്കത്ത: (www.kasargodvartha.com) പശ്ചിമ ബംഗാളില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പതിനേഴുകാരനെയും അച്ഛനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഉത്തര്‍ ദിനജ്പൂരിലാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ വിഷം ഉള്ളില്‍ ചെന്ന് മരണം സംഭവിച്ചതായാണ് വ്യക്തമാക്കുന്നത്. ശരീരത്തില്‍ മറ്റു മുറിവുകള്‍ കണ്ടെത്തിയിട്ടുമില്ല. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടന്ന പോസ്റ്റമോര്‍ടം നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. നേരത്തെ പെണ്‍കുട്ടി പീഡനത്തിനിരയായി എന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് ഒരിക്കല്‍ കൂടി ഉറപ്പാക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോവുന്നതായി വീഡിയോ പുറത്ത് വന്നത് പശ്ചിമ ബംഗാളില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ പ്രദേശത്ത് സുരക്ഷ കൂട്ടിയിരിക്കുകയാണ് പൊലീസ്. കേസ് സിബിഐക്ക് കൈമാറണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വനിതാ കമീഷന്‍ ദേശീയ ബാലാവകാശ കമീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
പീഡനത്തിന് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത് എന്നും കുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിചിഴച്ച പൊലീസ് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും ബിജെപി ആരോപിച്ചു. എന്നാല്‍ ബിജെപി പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മരണം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് വാദിച്ചു.
Keywords: West Bengal, News, National, Molestation, Crime, Murder, Arrested, Arrest, Protest, Case, Found dead, West Bengal: Teen girl found dead, kin allege molest and murder; Two arrested.