Vinesh Phogat | രാഷ്ട്രീയ ഗോദയില്‍ ബിജെപി സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ യോഗേഷ് ഭൈരഗിയെ മലര്‍ത്തിയടിച്ച് കന്നിയങ്കത്തില്‍ വിജയ കിരീടം ചൂടി വിനേഷ് ഫോഗട്ട്
● ജുലാനയിലെ സ്ഥാനാര്‍ഥിത്തം വെല്ലുവിളി നിറഞ്ഞതായിരുന്നു
● 2004നുശേഷം മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല
● ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി
ന്യൂഡെല്‍ഹി: (KasargodVartha) രാഷ്ട്രീയ ഗോദയില്‍ ബിജെപി സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ യോഗേഷ് ഭൈരഗിയെ മലര്‍ത്തിയടിച്ച് കന്നിയങ്കത്തില്‍ വിജയ കിരീടം ചൂടി വിനേഷ് ഫോഗട്ട്. ഒരു ഘട്ടത്തില്‍ പരാജയപ്പെടുമെന്ന് കരുതിയ ഇടത്തുനിന്നുമായിരുന്നു ഫോഗട്ടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്‍ സൈനികോദ്യോഗസ്ഥനെയാണ് വിനേഷ് അട്ടിമറിച്ചത്.
തുടക്കം മുതല്‍ മേല്‍ക്കയ്യുള്ള എതിരാളിയെ അവസാന ഘട്ടത്തില്‍ മലര്‍ത്തിയടിച്ച് വിജയം പിടിച്ചെടുക്കുന്ന അതേ മെയ്വഴക്കത്തോടെ തന്നെയാണ് രാഷ്ട്രീയ ഗോദയിലെ തന്റെ കന്നിപ്പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനേഷ് ഫോഗട്ട് ഐതിഹാസിക വിജയം നേടിയത്. ഹരിയാനയില്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസ് ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഞെട്ടിയെങ്കിലും ഫോഗട്ടിന്റെ വിജയം ആശ്വാസം പകരുന്നതായിരുന്നു.
2004നുശേഷം മണ്ഡലത്തില്‍ കോണ്‍ഗ്രസിനു ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ജുലാനയില്‍ സ്ഥാനാര്‍ഥിയായെത്തുമ്പോള്‍ വിനേഷ് ഫോഗട്ടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി തന്നെയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെറും 9.84% വോട്ടു മാത്രമാണ് ഇവിടെ നിന്നും നേടിയത്. എന്നാല്‍ ഇത്തവണ വിനേഷിലൂടെ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം നടത്താനായി. അതിന് കാരണമായതോ വിനേഷിന്റെ വ്യക്തിപ്രഭാവം തന്നെ.
ജനം മറന്നുതുടങ്ങിയെന്ന് എതിരാളികള്‍ പരിഹസിച്ച ഒരു പാര്‍ട്ടിക്കായി കളത്തിലിറങ്ങിയ വിനേഷ്, പാരിസ് ഒളിംപിക്‌സിലെ മെഡല്‍ നഷ്ടത്തോടെ തനിക്കു ലഭിച്ച, രാജ്യത്തിന്റെ വീരപുത്രിയെന്ന പരിവേഷം തിരഞ്ഞെടുപ്പ് ഗോദയില്‍ മുതലെടുത്തുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പാരിസ് ഒളിംപിക്‌സിലെ മെഡല്‍ നഷ്ടം മറക്കാന്‍ ഒരു വിജയം എന്നതിനപ്പുറം, 'ഗോദയിലെ രാഷ്ട്രീയ'ത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ച ബിജെപിക്കുള്ള ശക്തമായ തിരിച്ചടിയാണ് രാഷ്ട്രീയ ഗോദയില്‍ വിനേഷിന്റെ ഈ വിജയം.
ഹരിയാനയില്‍ ഹാട്രിക് വിജയവുമായി അധികാരം നിലനിര്‍ത്തുമ്പോഴും, അഭിമാന പോരാട്ടമായി കണ്ട ജുലാനയില്‍ വിനേഷ് ഫോഗട്ടിനോട് സ്വന്തം സ്ഥാനാര്‍ഥി തോറ്റത് ബിജെപിക്ക് തിരിച്ചടി തന്നെയാണ്. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റെന്ന നിലയില്‍ ഗുസ്തി താരങ്ങളെ ഏറെ ദ്രോഹിച്ചെന്ന ആരോപണമുയര്‍ന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ് എന്ന ബിജെപി നേതാവിനെതിരെ, ഡെല്‍ഹിയുടെ തെരുവുകളില്‍ സമരം ചെയ്തായിരുന്നു വിനേഷിന്റെ അനൗദ്യോഗിക 'രാഷ്ട്രീയ അരങ്ങേറ്റം'.
ബിജെപിയുടെ ഉന്നത നേതൃത്വം ഉള്‍പ്പെടെ അവഗണിച്ച ആ സമരത്തിനൊടുവില്‍ ബ്രിജ് ഭൂഷന്‍ ജനപ്രതിനിധി സ്ഥാനം നഷ്ടമായി വീട്ടിലിരിക്കുമ്പോഴാണ്, ഗോദ വിട്ട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച് ഫോഗട്ട് വിജയിക്കുന്നത്. അതും കന്നിയങ്കത്തില്‍. ഭര്‍ത്താവും ഗുസ്തിതാരവുമായ സോംവീര്‍ റാത്തിയുടെ ജന്മനാട്ടിലാണ് കന്നിയങ്കം എന്നതും ശ്രദ്ധേയം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ വിനേഷും സംഘവും നാടുവിടുമെന്ന പ്രചാരണത്തിന് ജുലാന കി ബഹു (ജുലാനയുടെ മരുമകള്‍) ആയി സ്വയം അവതരിപ്പിച്ച് മറുപടി നല്‍കിയ വിനേഷ്, രാഷ്ട്രീയ ഗോദയില്‍ പ്രകടമാക്കിയത് അസാമാന്യ മെയ് വഴക്കം.
ഗുസ്തിയെ പ്രാണനുതുല്യം സ്‌നേഹിക്കുന്ന ഹരിയാനക്കാരെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ തനിക്കൊപ്പം നിര്‍ത്താന്‍ കഴിഞ്ഞതും വിനേഷിന് ഗുണം ചെയ്തു. ഗുസ്തിയെയും ഗുസ്തി താരങ്ങളെയും നെഞ്ചേറ്റുന്ന പ്രായമായവരും യുവാക്കളുമായിരുന്നു വിനേഷിന്റെ തിരഞ്ഞെടുപ്പ് റാലികള്‍ക്കെത്തിയവരില്‍ ഏറിയ പങ്കും. വോട്ടുതേടിയെത്തുമ്പോള്‍ രാഷ്ട്രീയക്കാരുടെ കൂടപ്പിറപ്പായ ചിരിയും ചേര്‍ത്തുപിടിയും അപരിചിതമായിരുന്നെങ്കിലും, വിനേഷിനെ മകളെപ്പോലെ ചേര്‍ത്തുപിടിച്ച് വോട്ടു ചെയ്യാന്‍ ജുലാനക്കാര്‍ ഒട്ടും മടിച്ചില്ല. അതിന്റെ ഫലം കൂടിയാണ് ഈ ചരിത്ര വിജയം.
#VineshPhogat #HaryanaElections #BJP #Congress #Wrestling #JulanaConstituency