UPS | കേന്ദ്ര സർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതി; അറിയേണ്ട 10 കാര്യങ്ങൾ
* 25 വർഷത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് സൂപ്പർആനുവേഷന് മുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50% പെൻഷൻ.
* കുറഞ്ഞത് 10 വർഷത്തെ സേവനമുള്ളവർക്ക് പ്രതിമാസം കുറഞ്ഞത് 10,000 രൂപ പെൻഷൻ.
* പദ്ധതി 2025 ഏപ്രിൽ ഒന്നിന് ആരംഭിക്കും.
ന്യൂഡൽഹി: (KasargodVartha) രാജ്യത്തെ കോടികണക്കിന് പെൻഷൻകാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ പദ്ധതി (UPS) അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്. പദ്ധതി 2025 ഏപ്രിൽ ഒന്നിന് ആരംഭിക്കും.
ജീവനക്കാർക്ക് ദേശീയ പെൻഷൻ പദ്ധതി (NPS) അല്ലെങ്കിൽ ഏകീകൃത പെൻഷൻ പദ്ധതി (UPS) എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം. ഈ പദ്ധതി പെൻഷൻകാരുടെ ജീവിത സുരക്ഷയ്ക്ക് ഉറപ്പുനൽകുന്ന നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നു. അവയിൽ പ്രധാനപ്പെട്ട ചിലത് ഇവയാണ്:
* ഉറപ്പുള്ള പെൻഷൻ: 25 വർഷത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് സൂപ്പർആനുവേഷന് മുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50% പെൻഷൻ ലഭിക്കും. കുറഞ്ഞത് 10 വർഷത്തെ സേവനമുള്ളവർക്ക് അതിന് ആനുപാതികമായി പെൻഷൻ ലഭിക്കും. 25 വർഷത്തിനും 10 വർഷത്തിനുമിടയിൽ സർവീസുള്ളവരുടെ പെൻഷൻ ഇതേ മാനദണ്ഡങ്ങൾ വച്ച് ആനുപാതികമായി (പ്രോ–റേറ്റ) കണക്കാക്കും.
* ഉറപ്പുള്ള കുടുംബ പെൻഷൻ: പെൻഷൻകാരൻ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് പെൻഷന്റെ 60% ലഭിക്കും.
* ഉറപ്പുള്ള കുറഞ്ഞ പെൻഷൻ: കുറഞ്ഞത് 10 വർഷം സേവനം പൂർത്തിയാക്കിയവർക്ക് പ്രതിമാസം കുറഞ്ഞത് 10,000 രൂപ പെൻഷൻ ലഭിക്കും.
* ഗ്രാറ്റുവിറ്റി: ഗ്രാറ്റുവിറ്റിക്കു പുറമേ ഒരു തുക കൂടി ജീവനക്കാർക്കു ലഭിക്കും. സർവീസ് കാലയളവിലെ 6 മാസത്തിൽ 1 എന്ന കണക്കിൽ, അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്തുള്ളതിന്റെ പത്തിലൊന്ന് എന്ന തോതിൽ ഈ തുക തിട്ടപ്പെടുത്തും. ഇത് പെൻഷനെ ബാധിക്കില്ല.
* കുടിശിക: 2004 നു ശേഷം വിരമിച്ചവർക്കും 2025 മാർച്ച് 31ന് അകം വിരമിക്കുന്നവർക്കും യുപിഎസിൽ ചേരാം. ഇവർക്ക് കുടിശിക നൽകും.
* പെൻഷൻകാരുടെ ക്ഷാമബത്ത, ജീവനക്കാരുടേതിനു തുല്യമായ രീതിയിൽ തിട്ടപ്പെടുത്തും. വിലക്കയറ്റവുമായി ബന്ധിപ്പിച്ച് പരിഷ്കാരം.
* പങ്കാളിത്തം: പങ്കാളിത്ത പദ്ധതിയായ എൻപിഎസിലെ ജീവനക്കാരുടെ വിഹിതം 10% എന്നത് യുപിഎസിലും തുടരും. കേന്ദ്ര സർക്കാരിന്റെ വിഹിതം 18.5% ആയി ഉയർത്തി.
* ഓപ്ഷൻ മാറ്റം: എൻപിഎസിൽ നിന്നു യുപിഎസിലേക്ക് ഓപ്ഷൻ മാറ്റം ഒരു തവണ മാത്രം. തിരിച്ചു മാറാൻ കഴിയില്ല.
* സ്വയം വിരമിക്കൽ: സ്വയം വിരമിക്കുന്നവർക്കും അർഹത.
* മെഡിക്കൽ റീ ഇംബേഴ്സ്മെന്റ്: പഴയ പെൻഷൻ പദ്ധതി പ്രകാരമുള്ള മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് തുടരും.
പെൻഷൻകാരുടെ പ്രതീക്ഷകൾക്ക് പുതുജീവൻ
ഈ പദ്ധതിയുടെ പ്രഖ്യാപനം പെൻഷൻകാരുടെ ഇടയിൽ വലിയ ആശ്വാസമായിട്ടുണ്ട്. വർദ്ധിച്ച പെൻഷൻ തുകയും പണപ്പെരുപ്പത്തിനനുസരിച്ചുള്ള വർദ്ധനവും അവരുടെ ജീവിത നിലവാരം ഉയർത്തും. കൂടാതെ, ഉറപ്പുള്ള കുറഞ്ഞ പെൻഷൻ പദ്ധതി കുറഞ്ഞ സേവന കാലയളവുള്ളവർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
#pension #governmentscheme #india #retirement #socialsecurity #NPS #UPS