Faith | ഹൈന്ദവ പൂജാവിധികള്‍ക്ക് പുറകിലുള്ള വിശ്വാസങ്ങളെ കുറിച്ചറിയാം
ന്യൂഡെല്‍ഹി: (KasargodVartha) നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ താമസിക്കുന്നുണ്ട്. ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഇതൊക്കെ വെറുമൊരു വിശ്വാസമെന്ന് മാത്രം കരുതാമെങ്കിലും പല ആചാരങ്ങളുടേയും പുറകില്‍ ശാസ്ത്രിയമായ വിശദീകരണവും കാണാം. അത്തരത്തില്‍ ചില ഹൈന്ദവ ആചാരങ്ങള്‍ അനുഷ്ഠിയ്ക്കുന്നതിനുള്ള കാരണങ്ങളെ കുറിച്ച് അറിയാം.
വിഗ്രഹാരാധന
ലോകത്തില്‍ എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തില്‍ നിലവിലുണ്ടായിരുന്ന എല്ലാ സംസ്‌കാരങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധന നിലവില്‍ നിന്നിരുന്നു. ഇന്ത്യയില്‍ ഹിന്ദുക്കള്‍(പുരാതന കാലത്തെ സിന്ധു നദീ തട വാസികള്‍, ദ്രാവിഡര്‍) ആണ് ബിംബാരാധന തുടങ്ങിയത് എന്ന് കരുതുന്നു. മനസ്സില്‍ ഏതെങ്കിലും സങ്കല്പരൂപത്തില്‍ ഒരു ദൈവത്തെ ആരാധിക്കുന്നതിനെയും വിഗ്രഹം എന്ന് പറയാം. അത്തരത്തില്‍ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തില്‍ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് എന്ന് പറയാം.
ഹൈന്ദവമതത്തില്‍ വളരെ പ്രധാനമാണ് വിഗ്രഹാരാധന. വിഗ്രഹത്തില്‍ നമ്മുടെ കണ്ണുകള്‍ കേന്ദ്രികരിക്കുന്നതു വഴി മനസും ഏകാഗ്രതയോടെ കേന്ദ്രീകരിക്കപ്പെടുന്നു. ഇതിലൂടെ ഭക്തിയോടെ പ്രാര്‍ത്ഥിയ്ക്കുന്നതിനുള്ള വഴി തുറക്കപ്പെടുന്നു. മനസ് പ്രാര്‍ത്ഥനയുടെ മറ്റൊരു ഘട്ടത്തിലേയ്ക്കു കടക്കുന്നു. ആ അവസരത്തില്‍ നമ്മുടെ ചിന്തകളില്‍ മറ്റൊന്നും ഉണ്ടാകില്ല. ദൈവചിന്തകളും പ്രാര്‍ത്ഥനകളും മാത്രമാണ്.
പൂക്കള്‍
ഹൈന്ദവപൂജാവിധികളില്‍ പൂക്കളുടെ സ്ഥാനം വളരെ പ്രധാനമാണ്. ഇത് നമ്മുടെ മേല്‍ വര്‍ഷിക്കപ്പെടുന്ന നന്മകളേയും അനുഗ്രഹങ്ങളേയും സൂചിപ്പിക്കുന്നു. പൂക്കളുടെ സുഗന്ധം തന്നെ നമ്മെ അതിലേക്ക് ആകര്‍ഷിക്കുന്നു. ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന പൂക്കള്‍ക്ക് വളരെ ഏറെ പ്രാധാന്യമുണ്ട്. ഇവ സുഗന്ധമുള്ളതായിരിക്കണം.
തേങ്ങ
തേങ്ങ ഉടയ്ക്കുന്ന ചടങ്ങ് ഹിന്ദുമതത്തില്‍ പ്രധാനം. ശ്രീഫലം എന്നാണ് തേങ്ങയെ അറിയപ്പെടുന്നത്. ഇത് ഉടയ്ക്കുമ്പോള്‍ നമ്മുടെ അഹം എന്ന ഭാവം ദൈവത്തിനു മുന്നില്‍ എറിഞ്ഞുടയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
വിളക്കു കത്തിയ്ക്കുന്നത്
വിളക്കു കത്തിയ്ക്കുന്നതു വഴി ഇരുട്ടിനേയും ദുരാത്മാക്കളേയും അകറ്റുന്നു. ഇത് ഭാഗ്യം, ശക്തി, ശുദ്ധത എന്നിവയെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ഹിന്ദുമത വിശ്വാസികള്‍ രാവിലെയും സന്ധ്യാസമയങ്ങളിലും ദീപം കത്തിക്കുന്നത്.
ചന്ദനത്തിരികള്‍
പൂജാദികര്‍മങ്ങളില്‍ ചന്ദനത്തിരികള്‍ ഒരുമിച്ചു വച്ച് കത്തിക്കാറുണ്ട്. ഇത് വിവിധ വസ്തുക്കള്‍ക്കുള്ള നമ്മുടെ ആഗ്രഹങ്ങളെ എരിഞ്ഞുടക്കുന്നു. മനസ്സ് ശുദ്ധമാക്കുന്നു
പൂര്‍ണകുംഭം
ഹൈന്ദവാചാരങ്ങളില്‍ പൂര്‍ണകുംഭത്തിന് പ്രസക്തിയേറെയാണ്. ഇതില്‍ നിറച്ച ജലം ജീവനേയും കുംഭം ഭൂമിയേയും തേങ്ങ വേദജ്ഞാനത്തേയും സൂചിപ്പിക്കുന്നു.
നിവേദ്യം
നാം ദൈവത്തിനു സമര്‍പ്പിക്കുന്ന നിവേദ്യം നമ്മുടെ അഞ്ജാനത്തേയാണ് സൂചിപ്പിക്കുന്നത്. ഇത് ഭഗവാനു പൂജിച്ചു കഴിയുമ്പോള്‍ അജ്ഞാനം ജ്ഞാനത്തിലേയ്ക്ക് മാറുന്നു. ഇതു കഴിയ്ക്കുന്നത് വഴി നമുക്ക് ജ്ഞാനം ലഭിക്കുന്നു.
#Hinduism #rituals #spirituality #India #culture #beliefs #religion #puja