Yashpal Suvarna | വര്‍ഗീയ വിരുദ്ധ പൊലീസ് സ്‌ക്വാഡിനെതിരെ ഉടുപ്പി എംഎല്‍എ യശ്പാല്‍ സുവര്‍ണ
ഉടുപ്പി: (www.kasargodvartha.com) ദക്ഷിണ കന്നട ജില്ലയിലെ തീരദേശ മേഖലയായ മംഗളൂറു സിറ്റി പൊലീസ് കമീഷനറേറ്റ് പരിധിയില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്വേഷ പ്രചാരണ-വര്‍ഗീയ വിരുദ്ധ പൊലീസ് സ്‌ക്വാഡിനെതിരെ ഉടുപ്പി എംഎല്‍എയും ബിജെപി നേതാവുമായ യശ്പാല്‍ സുവര്‍ണ രംഗത്തുവന്നു. സ്‌ക്വാഡ് ജനങ്ങളില്‍ ഭീതി സൃഷ്ടിക്കും എന്ന് അദ്ദേഹം വെള്ളിയാഴ്ച തന്റെ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊലീസ് പ്രത്യേക വിഭാഗം രൂപവത്കരിച്ചതിനെ എസ്ഡിപിഐയാണ് ആദ്യം സ്വാഗതം ചെയ്തത്. കോണ്‍ഗ്രസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബെംഗ്‌ളൂറു ഡിജെ ഹള്ളിയിലും കെ ജെ ഹള്ളിയിലും നടന്ന സംഭവങ്ങള്‍ കോണ്‍ഗ്രസ് ഗൗരവമായി കണ്ടില്ല. പകരം ദക്ഷിണ കന്നട ജില്ലയെ ഉന്നമിട്ടാണ് പ്രത്യേക സ്‌ക്വാഡ് രംഗത്തിറക്കിയത്. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. വിദ്യാഭ്യാസ ഹബ്ബാണ് മംഗളൂറു. അവിടേക്ക് ഇനി കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ രണ്ടു വട്ടം ആലോചിക്കേണ്ടി വരുമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.
ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വരയുടെ നിര്‍ദേശം അനുസരിച്ച് പ്രത്യേക പൊലീസ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയതായി വ്യാഴാഴ്ച മംഗളൂറു സിറ്റി പൊലീസ് കമീഷനര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ അറിയിച്ചിരുന്നു. സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമീഷനറുടെ നേതൃത്വത്തില്‍ ആറ് അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പ്രത്യേക സ്‌ക്വാഡ്. വിദ്വേഷ പ്രസംഗം, സദാചാര ഗുണ്ടായിസം, സാമുദായിക സ്പര്‍ധ സൃഷ്ടിക്കാവുന്ന പ്രശ്‌നങ്ങളും കൊലപാതകങ്ങളും,കാലി മോഷണവും കടത്തും എന്നിവ സ്‌ക്വാഡ് പ്രത്യേകം നിരീക്ഷിക്കും.
ഇതു സംബന്ധിച്ച വിവരങ്ങള്‍ പെട്ടെന്ന് അസി. കമീഷനര്‍ സിറ്റി പൊലീസ് കമീഷനറേറ്റില്‍ റിപോര്‍ട് ചെയ്യും. ആഭ്യന്തര മന്ത്രി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കൈമാറിയ നിര്‍ദേശം അനുസരിച്ച് ഉടുപ്പിയിലും ഉടന്‍ വിദ്വേഷ പ്രചാരണ-വര്‍ഗീയ വിരുദ്ധ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിക്കും. ഈ പശ്ചാത്തലത്തിലാണ് തീരദേശ മണ്ഡലമായ ഉടുപ്പി എംഎല്‍എ എതിര്‍പ്പുമായി രംഗത്ത് വന്നത്.
Keywords: News, Udupi, MLA, Mangaluru police, Yashpal Suvarna, Udupi MLA opposes formation of anti-communal wing by Mangaluru police.