Mysterious Death | ധര്‍മപുരിയില്‍ വനമേഖലയോട് ചേര്‍ന്ന റോഡരികില്‍ 2 മലയാളികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍
Jul 20, 2022, 11:05 IST
സേലം: (www.kasargodvartha.com) ഊട്ടിയില്‍ ഭൂമി വിറ്റ് മടങ്ങുകയായിരുന്ന മലയാളി ബിസിനസുകാരായ രണ്ട് പേരെ തമിഴ്‌നാടിലെ ധര്‍മ്മപുരി ജില്ലയിലെ നല്ലമ്പള്ളി വനമേഖലയിലെ കല്‍ക്കുവാരിക്ക് സമീപം റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വരാപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വിശ്വനാഥ പൈയുടെയും അലമേലുവിന്റെയും മകന്‍ വലിയവീട്ടില്‍ ശിവകുമാര്‍ (50), തിരുവനന്തപുരം കുന്നുകുഴി ഷൈന്‍ വില്ലയില്‍ പരേതനായ ഗ്രിഗറി ക്രൂസിന്റെയും ഗ്ലാഡിസിന്റെയും മകന്‍ നെവില്‍ ജി ക്രൂസ് (58) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ നല്ലമ്പള്ളി പുതനല്ലൂരില്‍ തൊപ്പൂര്‍ പെരിയഅല്ലി വനമേഖലയിലെ റോഡരികില്‍ ആടുമേയ്ക്കാനെത്തിയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ അതിയമന്‍കോട്ട പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കി. തുടര്‍ന്നു ധര്‍മപുരി എസ്പി കലൈസെല്‍വന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി.
ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ടെന്നു പൊലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന കാര്‍ മൃതദേഹങ്ങള്‍ക്ക് സമീപത്ത് തന്നെയുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും തിരിച്ചറിയല്‍ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് മേപ്പയൂരിനടുത്ത ചെറുവണ്ണൂര്‍ സ്വദേശിയുടെ പേരിലുള്ളതാണ് കാര്‍. ഇതു വാടകയ്ക്ക് നല്‍കിയതാണെന്ന് ഉടമയുടെ ബന്ധുക്കള്‍ അറിയിച്ചു.
ശിവകുമാറും നെവിലും പങ്കാളിത്തത്തോടെ സേലത്ത് ബിസിനസ് നടത്തി വരികയായിരുന്നു. വരാപ്പുഴ വലിയവീട് ട്രാവല്‍സ് ഉടമയായ ശിവകുമാര്‍ കോവിഡിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായതോടെയാണ് സുഹൃത്തായ നെവില്‍ ജി ക്രൂസിനൊപ്പം ബിസിനസിലേക്ക് തിരിഞ്ഞതെന്നും വസ്തുക്കച്ചവടം ഉള്‍പെടെ ഇവര്‍ ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഊട്ടിയിലേക്കെന്ന് പറഞ്ഞാണ് നെവില്‍ വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്നു പോയത്. എറണാകുളത്തുനിന്ന് സുഹൃത്തുമായിട്ടാണ് പോകുന്നതെന്നും വീട്ടുകാരെ അറിയിച്ചിരുന്നു.
ബുധനാഴ്ച തിരിച്ചെത്തുമെന്ന് കഴിഞ്ഞ ദിവസം ഭാര്യയോട് നെവില്‍ വിളിച്ചു പറഞ്ഞിരുന്നു. ഊട്ടിയിലെ വസ്തു വില്‍ക്കാനുള്ള കരാര്‍ ഒപ്പിട്ടെന്നും തിങ്കളാഴ്ച പണം ലഭിക്കുമെന്നും നെവില്‍ ഒരു സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴിന് സേലം ഓമല്ലൂര്‍ ടോള്‍ഗേറ്റിലൂടെ കാര്‍ കടന്നുപോയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.
ഇരുവരെയും വാഹനത്തിനൊപ്പം തട്ടിക്കൊണ്ടുപോയി മറ്റൊരിടത്തെത്തിച്ച്, കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ വനമേഖലയിലെത്തിച്ച് തള്ളിയിട്ടതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ശിവകുമാറിന്റെ ഭാര്യ: വിനീത. മക്കള്‍: ദേവിപ്രിയ, വിഷ്ണുനാഥ്, വിജയ്‌നാഥ്, വിശ്വനാഥ്. അബൂദബിയില്‍ സിവില്‍ എന്‍ജിനീയറായി 25 വര്‍ഷം ജോലി നോക്കിയിരുന്ന നെവില്‍ 10 വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ: സുജ (ചങ്ങനാശേരി കണ്ടശേരി കുടുംബാഗം). ഇവര്‍ക്കു മക്കളില്ല.