Accidental Death | തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം
*മരിച്ചവരില്‍ ഒരാള്‍ 3 മാസം പ്രായമുള്ള കുഞ്ഞാണ്.
*ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
*അപകടവിവരം പ്രദേശവാസികളാണ് പൊലീസില്‍ അറിയിച്ചത്.
ചെന്നൈ: (KasargodVartha) തമിഴ്‌നാട് തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. തിരുപ്പൂര്‍ ജില്ലയിലെ കാങ്കേയത്തിന് സമീപം ഓലപാളയത്തായിരുന്നു അപകടം. തമിഴ്‌നാട് സ്വദേശികളായ ചന്ദ്രശേഖര്‍ (60), ചിത്ര (57), ഇല്ലസന (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാള്‍ ആശുപത്രിയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
അപകടവിവരം പ്രദേശവാസികളാണ് പൊലീസില്‍ അറിയിച്ചത്. പൊലീസും അഗ്‌നിശമനസേനയും സംഭവസ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. വാഹനം പൂര്‍ണമായും തകര്‍ന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗതം ഏറെനേരം തടസപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.