Kids Died | ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ തകര്‍ന്ന് 3 കുട്ടികള്‍ മരിച്ചു; 5 കുട്ടികള്‍ക്ക് പരുക്ക്
കനത്ത മഴയെത്തുടര്‍ന്ന് മതിലിന്റെ അടിഭാഗം ക്ഷയിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം.
മതിലിന് സമീപത്തായി കളിച്ചിരുന്ന എട്ട് കുട്ടികളുടെ ദേഹത്തേക്കാണ് മതില്‍ വീണത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ്.
ന്യൂഡെല്‍ഹി: (KasargodVartha) ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ തകര്‍ന്ന് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം.
അഞ്ച് കുട്ടികള്‍ക്കു പരുക്കേറ്റു. സുര്‍ജാപുരിലായിരുന്നു അപകടം. ഖോഡ്‌ന കലന്‍ സ്വദേശിയായ സാഗിര്‍ എന്നയാളുടെ വീട്ടിലായിരുന്നു അപകടം. അഹദ് (4), അല്‍ഫിസ (2), ആദില്‍ (8) എന്നിവരാണ് മരിച്ചത്. അയേഷ (16), ഹുസൈന്‍ (5), സൊഹ് ന (12), വാസില്‍ (11), സമീര്‍ (15) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് മതില്‍ തകര്‍ന്നതെന്ന് സെന്‍ട്രല്‍ നോയിഡ ഡെപ്യൂടി പൊലീസ് കമിഷണര്‍ ഹൃദേഷ് കഥേറിയ പറഞ്ഞു. മതിലിന് സമീപത്തായി കളിച്ചിരുന്ന എട്ട് കുട്ടികളുടെ ദേഹത്തേക്കാണ് മതില്‍ വീണത്. വീട്ടുകാരും അയല്‍ക്കാരും പൊലീസും ചേര്‍ന്നാണ് കുട്ടികളെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നു കുട്ടികളുടെ മരണം സ്ഥിരീകരിച്ചെന്നും ഹൃദേഷ് വ്യക്തമാക്കി.
ചികിത്സയിലുള്ള കുട്ടികള്‍ അപകടനില മറികടന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കനത്ത മഴയെത്തുടര്‍ന്ന് മതിലിന്റെ അടിഭാഗം ക്ഷയിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം.