Suresh Gopi | അഭ്യൂഹങ്ങള്‍ക്ക് വിട; മൂന്നാം മോദി മന്ത്രിസഭയില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; സത്യപ്രതിജ്ഞക്കായി ഡെല്‍ഹിയിലേക്ക് തിരിച്ചു
ഫോണ്‍ കോളെത്തിയ ശേഷമാണ് സ്ഥിരീകരണമായത്.
ഏതാകും വകുപ്പെന്നതില്‍ ഇനിയും വ്യക്തയായിട്ടില്ല.
വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും.
ന്യൂഡെല്‍ഹി: (KasargodVartha) തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ നിയുക്ത എംപിയും നടനുമായ സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാകും. നേരത്തെ താരം ഞായറാഴ്ച (09.06.2024) സത്യപ്രതിജ്ഞ ചെയ്‌തേക്കില്ലെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.
അല്‍പ്പം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണ്‍ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതില്‍ സ്ഥിരീകരണമായത്. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ഡെല്‍ഹിയിലേക്ക് തിരിച്ചു. 'അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു എന്നായിരുന്നു.' വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയില്‍ സുരേഷ് ഗോപി പ്രതികരിച്ചത്.
12.30 നുളള വിമാനത്തില്‍ താരം ഡെല്‍ഹിയിലേക്ക് തിരിച്ചു. കേരളത്തില്‍ ബിജെപി അകൗണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയായതിനാല്‍ സുപ്രധാന വകുപ്പ് തന്നെയായിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതില്‍ സംശയമില്ലെന്നാണ് നേതൃത്വത്തില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍ ഏതാകും വകുപ്പെന്നതില്‍ ഇനിയും വ്യക്തതയായിട്ടില്ല.
അതേസമയം, രണ്ടാം മോദി മന്ത്രിസഭയിലുണ്ടായിരുന്ന അമിത് ഷായും നിതിന്‍ ഗഡ്കരിയും രാജ്നാഥ് സിംഗും, പ്രള്‍ഹാദ് ജോഷിയും കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ചു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമല്ലൈയും കേന്ദ്രമന്ത്രിയാകും. ടിഡിപിയുടെ രണ്ട് മന്ത്രിമാരാകും പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. ഒരു കേന്ദ്രമന്ത്രി പദവിയും സഹമന്ത്രി പദവിയുമായിരിക്കും ടിഡിപിക്ക് ഇപ്പോള്‍ ലഭിക്കുക. ശ്രീകാകുളം എംപി കിഞ്ചാരപ്പു റാം മോഹന്‍ നായിഡു കേന്ദ്രമന്ത്രിയാകും. ഡോ. പെമ്മസാനി ചന്ദ്രശേഖര്‍ക്കാണ് സഹമന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യത.
മോദി സര്‍കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. സത്യപ്രതിജ്ഞച്ചടങ്ങ് കണക്കിലെടുത്ത് ഡെല്‍ഹി കനത്ത സുരക്ഷാവലയത്തിലാണ്. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് 7.15ന് നടക്കുന്ന ചടങ്ങില്‍ 7 വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേര്‍ പങ്കെടുക്കും.
ചടങ്ങില്‍ പങ്കെടുക്കാനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവര്‍ ഡെല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പത്മപുരസ്‌ക്കാര ജേതാക്കള്‍, ശുചീകരത്തൊഴിലാളികള്‍, സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍, സിനിമാ താരങ്ങള്‍ എന്നിവരടക്കം ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും നേതാക്കളും ലോക്‌സഭാ സ്ഥാനാര്‍ഥികളും പങ്കെടുക്കും. വൈകിട്ട് 6.30 മോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പിക്കും.
തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുപ്പ് ജയിച്ച് പ്രധാനമന്ത്രി പദവിയിലെത്തുകയെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെകോര്‍ഡിനൊപ്പമാണ് നരേന്ദ്ര മോദിയും എത്തിയിരിക്കുന്നത്. മന്ത്രിസഭാ രൂപീകരണത്തില്‍ സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ടിഡിപിക്കും ജെഡിയുവിനും ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനം വീതവും ലഭിച്ചേക്കും. എച് ഡി കുമാരസ്വാമി, ജയന്ത് ചൗധരി, അനുപ്രിയ പട്ടേല്‍, ജിതന്‍ റാം മാഞ്ചി, പ്രഫുല്‍ പട്ടേല്‍, ചിരാഗ് പാസ്വാന്‍ തുടങ്ങി സഖ്യകക്ഷി നേതാക്കള്‍ മന്ത്രിമാരാകും.
അതിനിടെ, സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാലിനും അപ്രതീക്ഷിത ഫോണ്‍ കോള്‍. നരേന്ദ്ര മോദി നേരിട്ട് ഫോണ്‍ വിളിച്ചാണ് ക്ഷണിച്ചത്. എന്നാല്‍ വ്യക്തിപരമായ അസൗകര്യമുള്ളതിനാല്‍ എത്താനാകില്ലെന്ന് താരം അറിയിച്ചു. രഞ്ജിത്ത് നിര്‍മിക്കുന്ന പേരിടാത്ത തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂടിംഗ് ലൊകേഷനില്‍ തിരക്കുള്ളതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് താരം അറിയിച്ചത്.