മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപണം; ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഫോം 6 ഭേദഗതിക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് ബെഞ്ച്
● ഹർജിക്കാരുടെ ആവശ്യം തള്ളിയ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചു
● തീരുമാനങ്ങൾ ഏകപക്ഷീയമെന്നും നിയമവിരുദ്ധമെന്നും ബോധ്യപ്പെട്ടാൽ അവ റദ്ദാക്കുമെന്ന് കോടതി
● ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്
ന്യൂഡൽഹി: (KasargodVartha) മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രിമിനൽ നടപടി നേരിടുന്നതിൽ നിന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർക്ക് പരിരക്ഷ നൽകുന്ന വ്യവസ്ഥയുടെ സാധുതയും പരിശോധിക്കുമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, തിരഞ്ഞെടുപ്പു കമ്മീഷനെതിരായ ഹർജികളിൽ മറുപടി തേടി നോട്ടീസയച്ചു.
ഇടക്കാല ഉത്തരവില്ല; നിയമവിരുദ്ധമെങ്കിൽ റദ്ദാക്കും
ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതുൾപ്പെടെ തടഞ്ഞ് ഇടക്കാല ഉത്തരവു വേണമെന്ന ആവശ്യം ഹർജിക്കാർ ആവർത്തിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഏകപക്ഷീയമായാണ് തീരുമാനങ്ങൾ കൈക്കൊണ്ടത് എന്നു ബോധ്യപ്പെട്ടാൽ അവ റദ്ദാക്കുമെന്ന് ബെഞ്ചിലംഗമായ ജസ്റ്റിസ് ജോയ്മല്യ ബാഗി വ്യക്തമാക്കി.
ഫോം 6-ൽ ഭേദഗതി വരുത്തുന്നതിന് തങ്ങൾ അംഗീകാരം നൽകിയിട്ടില്ലെന്ന് ബെഞ്ച് പ്രത്യേകം സൂചിപ്പിച്ചു. ഹർജിക്കാരിൽ ഒരാൾക്കായി ഹാജരായ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി, ഡൽഹിയിൽ എസ്ഐആർ നടത്തുന്ന രീതി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. രണ്ട് അധിക വ്യവസ്ഥകൾ ഫോം 6-ൽ ചേർത്തുവെന്നും പരിഷ്കരിച്ച ഫോം 6 ആണ് നൽകിയതെന്നും മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടി. ഈ രീതിയിൽ ഫോം 6 മാറ്റാൻ കഴിയില്ലെന്ന് ജനപ്രാതിനിധ്യ നിയമത്തിൽ വ്യക്തമാണെന്നും അവർ വാദിച്ചു. ഈ ഘട്ടത്തിലാണ് ഫോം 6-ലെ മാറ്റത്തിന് തങ്ങളുടെ അംഗീകാരം ഇല്ലെന്ന് കോടതി എടുത്തു പറഞ്ഞത്.
'ഗൃഹപാഠം ചെയ്താണ് വരുന്നത്'; ഹർജികൾ ഒന്നിച്ചു പരിഗണിക്കും
നീതിപൂർവവും സുതാര്യവുമായ തിരഞ്ഞെടുപ്പുകൾ കണ്ടാണ് രാജ്യം വളർന്നതെന്നും എന്നാൽ അതിപ്പോൾ സംഭവിക്കുന്നില്ലെന്നും മേനക ഗുരുസ്വാമി വാദിച്ചു. എസ്ഐആറിലൂടെ വോട്ടവകാശം ഭീഷണി നേരിടുകയും മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ പക്ഷപാതപരമായി പെരുമാറുകയും ചെയ്യുന്നതും അവർ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ തങ്ങളും ഗൃഹപാഠം ചെയ്താണ് വരുന്നതെന്നും കേസിനെക്കുറിച്ച് തങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പു കമ്മിഷനിൽ തീരുമാനം കൈക്കൊള്ളുന്നതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഒന്നിച്ചു പരിഗണിക്കാനായി കോടതി മാറ്റി.
മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഏകപക്ഷീയമായി പെരുമാറുന്നതിനെക്കുറിച്ചുള്ള വാദങ്ങൾ മുതിർന്ന അഭിഭാഷകൻ വികാസ് സിങ്ങും കോടതിയിൽ ഉന്നയിച്ചു. 2023 നിയമത്തിലെ പഴുതുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ വാർത്തകൾക്കു പിന്നാലെ തിരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപണങ്ങൾ ശരിവെച്ചതാണെന്ന് വികാസ് സിങ് പറഞ്ഞു. ഇടക്കാല ഉത്തരവ് അനിവാര്യമാണെന്ന് ഹർജിക്കാർ ആവർത്തിച്ചെങ്കിലും കോടതി വഴങ്ങിയില്ല.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Supreme Court issues notice to the Election Commission regarding allegations of arbitrary decisions by the CEC.
#SupremeCourtOfIndia #ElectionCommission #ChiefJusticeSuryaKant #Form6 #IndianDemocracy #MalayalamNews #LegalNews #RenuNews






