അഞ്ചാം തവണയും സുപ്രീം കോടതിയുടെ വിമർശനം: യു പി സർക്കാർ ഒരിഞ്ച് പിന്നോട്ടില്ല
● മതം മാറ്റത്തിനായുള്ള സർക്കാർ നടപടിക്രമങ്ങൾ ദുഷ്കരമെന്ന് നിരീക്ഷണം.
● സ്വകാര്യതാ അവകാശങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ച് പരിശോധിക്കണം.
● മതേതര രാജ്യത്തിൽ ഏത് മതവും സ്വീകരിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നു.
● ജില്ലാ മജിസ്‌ട്രേറ്റിന് പോലീസ് അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം ചോദ്യം ചെയ്തു.
● അഞ്ച് ക്രിമിനൽ കേസുകളിലെ എഫ്ഐആറുകൾ സുപ്രീം കോടതി റദ്ദാക്കി.
ന്യൂഡൽഹി: (KasargodVartha) ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം നേരിടേണ്ടി വരുന്നത് ഇത് അഞ്ചാം തവണയാണ്. എന്നിട്ടും ഒരിഞ്ച് പിന്നോട്ട് പോകാൻ യോഗി ആദിത്യനാഥ് സർക്കാർ തയ്യാറല്ല. പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുകളും നിരീക്ഷണങ്ങളും യു പി സർക്കാരിന്റെ അജണ്ടയിലില്ലാത്ത മട്ടിലാണ് കാര്യങ്ങൾ.
ആൾക്കൂട്ട കൊലപാതകങ്ങൾ നിരന്തരമായി ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോഴും കോടതി ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് കലാപാഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയപ്പോഴും, നിരന്തരമായി ബുൾഡോസർ രാജ് നടപ്പിലാക്കിയപ്പോഴും കോടതിയുടെ ഇടപെടലുകളുണ്ടായി.
വിദ്വേഷ പ്രസംഗങ്ങൾക്കും കോടതി തടയിട്ടു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിൽ സർക്കാർ അടിച്ചേൽപ്പിച്ച മതപരിവർത്തന നിരോധന നിയമം മതേതര രാജ്യത്തിന് ചേർന്നതല്ലെന്ന വിമർശനവുമായി സുപ്രീം കോടതി രംഗത്തുവന്നത്.
മതം മാറ്റത്തിന് മുമ്പും ശേഷവും സമർപ്പിക്കേണ്ട പ്രഖ്യാപനങ്ങൾ പോലുള്ള സർക്കാർ നടപടിക്രമങ്ങൾ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണെന്നും അധികൃതർ അമിതമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും സുപ്രീം കോടതി ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
മറ്റൊരു മതത്തിലേക്ക് മാറുന്നയാളുടെ വ്യക്തിപരമായ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് ഭരണഘടനയിലെ സ്വകാര്യതാ അവകാശങ്ങളുമായി ചേർന്നു പോകുന്നതാണോ എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണെന്നും ബെഞ്ച് വ്യക്തമാക്കി.
ഓരോ മതപരിവർത്തനത്തെക്കുറിച്ചും പോലീസ് അന്വേഷണത്തിന് ഉത്തരവ് നൽകാൻ ജില്ലാ മജിസ്ട്രേറ്റിന് അധികാരപ്പെടുത്തുന്ന വ്യവസ്ഥയെയും സുപ്രീം കോടതി ചോദ്യം ചെയ്തു. ഇന്ത്യ മതേതര രാജ്യമാണെന്നും, ഏതു മതവും സ്വീകരിക്കാനും സ്വാതന്ത്രമായി പ്രഘോഷിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും യു പി സർക്കാരിനെ കോടതി ഓർമ്മിപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മതപരിവർത്തന വിരുദ്ധ നിയമത്തിലെയും വിവിധ വ്യവസ്ഥകൾക്ക് കീഴിൽ യു പി സർക്കാർ രജിസ്റ്റർ ചെയ്ത അഞ്ച് ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കുമ്പോഴാണ് കോടതി ഈ കടുത്ത നിരീക്ഷണങ്ങൾ നടത്തിയത്.
ഈ അഞ്ച് കേസുകളിലെയും എഫ്ഐആറുകൾ കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇത് യോഗി ആദിത്യനാഥ് സർക്കാരിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ അറിയിക്കുക.
Article Summary: SC criticizes UP Govt for fifth time, annuls FIRs under anti-conversion law.
#SupremeCourt #UPGovernment #YogiAdityanath #AntiConversionLaw #India #JudicialReview






