75-ാം സ്വാതന്ത്ര്യ ദിനം: പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: (www.kasargodvartha.com 11.08.2021) ഇന്‍ഡ്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നവേളയിലാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും അതിനാല്‍ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
പ്ലാസ്റ്റിക് പതാകകള്‍ ദീര്‍ഘനേരം അഴുകുന്നില്ലെന്നും അവ ഉചിതമായ രീതിയില്‍ നീക്കംചെയ്യുന്നത് ഒരു പ്രശ്‌നമാക്കുന്നുവെന്നും സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായുള്ള ഒരു പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു. മുന്‍പും സമാനമായ ആശയവിനിമയങ്ങള്‍ കേന്ദ്ര സര്‍കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
'പ്ലാസ്റ്റിക് പതാകകള്‍ പേപെര്‍ പതാകകള്‍ പോലെ ജൈവവിരുദ്ധമല്ലാത്തതിനാല്‍, ഇവ ദീര്‍ഘകാലം അഴുകുന്നില്ല, പതാകയുടെ അന്തസ്സിന് അനുസൃതമായി പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ദേശീയ പതാകകള്‍ ഉചിതമായി നീക്കംചെയ്യുന്നത് ഉറപ്പാക്കുന്നത് പ്രായോഗിക പ്രശ്‌നമാണ്,' മന്ത്രാലയം പറഞ്ഞു.
ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ അന്തസ്സിന് അനുസൃതമായി അത്തരം പതാകകള്‍ സ്വകാര്യമായി നീക്കം ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ദേശീയ പതാകകള്‍ ഉപയോഗിക്കുന്നതിനെതിരെ ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളില്‍ പരസ്യം ചെയ്യാനും സംസ്ഥാന സര്‍കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: News, National, India, New Delhi, Flag, Independence-Day-2021, Celebration, Top-Headlines, 'Stop use of plastic tricolour,' MHA (Ministry of Home Affairs) tells states ahead of Independence Day