Restaurant in trouble | സ്മൃതി ഇറാനിയുടെ ഗോവയിലെ കുടുംബ റെസ്‌റ്റോറന്റ് വിവാദത്തിൽ; അനധികൃത ബാർ ലൈസൻസ് ഉപയോഗിക്കുന്നുവെന്ന് ആരോപണം; കാരണം കാണിക്കൽ നോടീസ് നൽകി; കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് കോൺഗ്രസ്
Jul 23, 2022, 17:01 IST
പനാജി: (www.kvartha.com) കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനി ഗോവയിലെ അസാഗാവോയിൽ നടത്തുന്ന റെസ്റ്റോറന്റ് അനധികൃത ബാർ ലൈസൻസ് കൈവശം വെച്ചെന്നാരോപണത്തിൽ വിവാദത്തിലായി.
അഭിഭാഷകനായ ഐറിസ് റോഡ്രിഗസിന്റെ പരാതിയെത്തുടർന്ന് ജൂലൈ 21ന് ഗോവയിലെ എക്സൈസ് കമീഷണർ നാരായൺ എം ഗാഡ് നോർത് ഗോവയിലെ ‘സിലി സോൾസ് കഫേ ആൻഡ് ബാർ’ എന്ന റെസ്റ്റോറന്റിന് കാരണം കാണിക്കൽ നോടീസ് നൽകിയതായി ടൈംസ് നൗ റിപോർട് ചെയ്തു.എക്സൈസ് കമീഷനിൽ വ്യാജരേഖകൾ ചമച്ചും നിയമവിരുദ്ധമായും റെസ്റ്റോറന്റ് ഉടമകൾ ലൈസൻസ് നേടിയെന്ന് അഭിഭാഷകൻ ആരോപിച്ചു. കഴിഞ്ഞ മാസം ആരുടെ പേരിലാണോ ലൈസൻസ് പുതുക്കിയത് ആ വ്യക്തി ഏറെ നാളുകൾക്ക് മുമ്പ് മരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 'ലൈസൻസ് ഉടമ 2021 മെയ് 17ന് മരിച്ചിട്ടും കഴിഞ്ഞ മാസം ലൈസൻസ് പുതുക്കി', ഐറിസ് റോഡ്രിഗസ് പറഞ്ഞു.
2022 ജൂൺ 22 ന് മുംബൈയിലെ വിലെ പാർലെ നിവാസിയായ ആന്റണി ദ്ഗാമയുടെ പേരിൽ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയതായി സംസ്ഥാന എക്സൈസ് വകുപ്പ് അറിയിച്ചു. 'ദയവായി 2022-23 വർഷത്തേക്ക് ഈ ലൈസൻസ് പുതുക്കുക, ആറ് മാസത്തിനുള്ളിൽ പ്രസ്തുത ലൈസൻസ് കൈമാറും' എന്നെഴുതി ലൈസൻസ് ഉടമയ്ക്ക് വേണ്ടി ആരോ ഒപ്പിട്ടാണ് അപേക്ഷ സമർപിച്ചതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
വിവരാവകാശ അപേക്ഷയിലൂടെയാണ്, ലൈസൻസ് പുതുക്കുന്നതിന് റെസ്റ്റോറന്റ് ഉപയോഗിച്ച രേഖകൾ പരാതിക്കാരനായ റോഡ്രിഗസിന് ലഭിച്ചത്. 'എക്സൈസ് ഉദ്യോഗസ്ഥരുമായും പ്രാദേശിക അസഗാവോ പഞ്ചായതുമായും ഒത്തുചേർന്ന് കേന്ദ്രമന്ത്രിയുടെ കുടുംബം നടത്തിയ ഈ വമ്പൻ തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സിലി സോൾസിന്റെ കാര്യത്തിൽ, വിദേശ മദ്യത്തിനും ഇൻഡ്യൻ നിർമിത വിദേശ മദ്യത്തിനും നാടൻ മദ്യത്തിനും ലൈസൻസ് നൽകുന്നതിന് എക്സൈസ് വകുപ്പ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉടമകൾക്ക് നിയമങ്ങൾ വളച്ചൊടിച്ചു', റോഡ്രിഗസിനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപോർട് ചെയ്തു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ അനധികൃത ബാർ നടത്തുന്നതായും കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയെ പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 'ബാർ ലൈസൻസിന് ആവശ്യമായ റെസ്റ്റോറന്റ് ലൈസൻസ് ഇല്ലാതെയാണ് ബാർ ലൈസൻസ് നൽകിയതെന്നും രേഖകളിൽ നിന്ന് വെളിപ്പെട്ടിട്ടുണ്ട്. സ്മൃതി ഇറാനിയെ ഉടൻ പ്രാബല്യത്തോടെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഞങ്ങൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു', കോൺഗ്രസ് മാധ്യമ, പബ്ലിസിറ്റി മേധാവി പവൻ ഖേര മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾ റസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് തടയാൻ റെസ്റ്റോറന്റിന് ചുറ്റും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു
അതേസമയം ആരോപണങ്ങൾ സ്മൃതി ഇറാനിയുടെ മകൾ നിഷേധിച്ചു. രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നിക്ഷിപ്ത താൽപര്യങ്ങളുള്ള പലരും തെറ്റായതും ക്ഷുദ്രകരവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടാക്കുന്നുണ്ടെന്ന് സോയിഷ് ഇറാനിയുടെ അഭിഭാഷകൻ കിരാത് നഗ്ര പ്രസ്താവനയിൽ പറഞ്ഞു.
Keywords: Smriti Irani's family restaurant in Goa in trouble; gets show cause notice for holding 'illegal' bar license, National, Goa, News, Top-Headlines, Latest-News, Minister, Notice, Report, Mumbai, Media, Restaurant, Social media, Bar License, Illegal.