Sinha gets Z security cover | മുര്‍മുവിന് പിന്നാലെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്കും സെഡ് കാറ്റഗറി സുരക്ഷ
Jun 24, 2022, 21:00 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് കേന്ദ്ര സര്‍കാര്‍ വെള്ളിയാഴ്ച സായുധ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (CRPF) കമാന്‍ഡോകളുടെ സെഡ് കാറ്റഗറി സുരക്ഷ (Z category security) നല്‍കി. രാജ്യത്ത് ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് നല്‍കുന്ന രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷാ പരിരക്ഷയാണ് സെഡ് കാറ്റഗറി.
84 കാരനായ സിന്‍ഹ രാജ്യത്തുടനീളം യാത്ര ചെയ്യുമ്പോഴെല്ലാം എട്ട് മുതല്‍ പത്ത് വരെ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന കമാന്‍ഡോകള്‍ അദ്ദേഹത്തെ അനുഗമിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.
ജൂണ്‍ 27 ന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പിക്കുമെന്നാണ് അറിയുന്നത്. അതിനുശേഷം പിന്തുണ തേടി അദ്ദേഹം ഇന്‍ഡ്യയിലുടനീളം സഞ്ചരിക്കുമെന്നും റിപോര്‍ടുണ്ട്.
അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയിലെ മുന്‍ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ കഴിഞ്ഞ വര്‍ഷം മാര്‍ചിലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ (TMC) ചേര്‍ന്നത്. എന്നിരുന്നാലും, സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം അദ്ദേഹം പാര്‍ടി വിട്ടു.
നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ (NDA) പ്രസിഡന്റ് സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് സിആര്‍പിഎഫ് കമാന്‍ഡോകളുടെ സെഡ് കാറ്റഗറി സുരക്ഷ സര്‍കാര്‍ നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സിന്‍ഹയ്ക്ക് സുരക്ഷാ പരിരക്ഷ ലഭിക്കുന്നത്.
ഒഡീഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏകദേശം 14-16 കമാന്‍ഡോകളുടെ ഒരു സംഘം മുര്‍മുവിന് സുരക്ഷാ കവചം നല്‍കാനുള്ള ചുമതല ഏറ്റെടുത്തിരുന്നു. തന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ തേടി നിയമസഭാംഗങ്ങളെയും വിവിധ രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കളെയും സന്ദര്‍ശിക്കാന്‍ മുര്‍മു അടുത്തുതന്നെ രാജ്യത്തുടനീളം യാത്ര ചെയ്യും.
രാജ്യത്തിന്റെ പ്രഥമ പൗരനായി ചുമതലയേല്‍ക്കുന്നത് വരെ സ്ഥാനാര്‍ഥികള്‍ക്ക് സ്‌ക്വാഡ് സുരക്ഷ ഒരുക്കും.
നിലവില്‍ ഡെല്‍ഹിയിലുള്ള മുര്‍മു ഒഡിഷ ഭവനില്‍ നിന്നും പാര്‍ലമെന്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പിച്ചു.
ജൂലൈ 18 ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കും, ജൂലൈ 21 ന് ഫലം പുറത്തുവരും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും.
Keywords: Opposition's presidential polls candidate Yashwant Sinha gets Z security cover, New Delhi, News, Politics, President-Election, President, BJP, Top-Headlines, National.