Controversy | 'അദ്ദേഹത്തേക്കാള്‍ പ്രാധാന്യമുള്ളതായി ഒന്നുമില്ല'; മുഡ ഭൂമി ഇടപാട് കേസിനാധാരമായ വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ
● വാര്‍ത്താക്കുറിപ്പിലൂടെയാണ് ബിഎന്‍ പാര്‍വതി വിവരം അറിയിച്ചത്.
● ഭാര്യയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സിദ്ധരാമയ്യ.
ബെംഗ്‌ളൂരു: (KasargodVartha) കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ (Siddaramaiah) ഭാര്യ ബിഎം പാര്‍വതി (BM Parvathi) മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിക്ക് (Mysuru Urban Development Authority -MUDA) അയച്ച കത്തില്‍ അതോറിറ്റിയില്‍ നിന്ന് തനിക്ക് ലഭിച്ച 14 നഷ്ടപരിഹാര ഭൂമി തിരികെ നല്‍കുമെന്ന് അറിയിച്ചു. മുഡ ഭൂമി കുംഭകോണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവവികാസം. വാര്‍ത്താക്കുറിപ്പിലൂടെയാണ് ബി എന്‍ പാര്‍വതി ഈ വിവരം അറിയിച്ചത്.
തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ആധാരങ്ങളും റദ്ദാക്കണമെന്ന് പാര്‍വതി മുഡ കമ്മീഷണര്‍ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിനേക്കാള്‍ വലുതല്ല ഒരു ഭൂമിയുമെന്നും മുഡ അധികൃതര്‍ക്ക് ഭൂമി തിരിച്ചെടുക്കാവുന്നതാണെന്നും ഈ കത്ത് മൂലം അതിന് സമ്മതം നല്‍കുന്നുവെന്നും പാര്‍വതി വ്യക്തമാക്കി. തീരുമാനം തന്റേതാണെന്ന് അവര്‍ മുഡ കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. പട്ടയങ്ങള്‍ റദ്ദാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവര്‍ മുഡ കമ്മീഷണറോട് ആവശ്യപ്പെട്ടു. ഭാര്യയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും സിദ്ധരാമയ്യയും പ്രതികരിച്ചു.
2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരം മുഡ നിയമവിരുദ്ധമായി സ്ഥലം അനുവദിച്ച കേസില്‍ സിദ്ധരാമയ്യയ്ക്കും പാര്‍വതിക്കും മറ്റുള്ളവര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ബെംഗളൂരു സോണല്‍ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. മുഡ ഭൂമിയിടപാട് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം ചുമത്തിയാണ് സിദ്ധരാമയ്യ അടക്കം നാല് പേര്‍ക്കെതിരെ ഇഡി പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തേ കര്‍ണാടക ലോകായുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മുഡ ഭൂമിയിടപാട് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിദ്ധരാമയ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സിദ്ധരാമയ്യ, ഭാര്യ ബി എന്‍ പാര്‍വതി, ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ഇദ്ദേഹം വിവാദത്തിനിടയാക്കിയ ഭൂമി വാങ്ങിയ പഴയ ഭൂവുടമ ദേവരാജു എന്നീ നാല് പേര്‍ക്കെതിരെയാണ് ഇഡി എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫോമേഷന്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
പൊലീസ് കേസിലെ എഫ്‌ഐആറിന് സമാനമാണ് ഇസിഐആര്‍ എന്നറിയപ്പെടുന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫോമേഷന്‍ റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമമാണ് ഇതില്‍ നാല് പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത് ഇതിന് പിന്നാലെയാണ് വിവാദ ഭൂമി തിരിച്ച് നല്‍കി തലയൂരാനുളള ശ്രമം.
2021ല്‍ മൈസൂരിലെ വിജയനഗര്‍ ഏരിയയിലെ 14 മുഡ ഹൗസിങ് സൈറ്റുകള്‍ പാര്‍വതിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ലോകായുക്ത കേസ് ഫയല്‍ ചെയ്തത്.
#Siddaramaiah #MudaLandScam #Corruption #KarnatakaPolitics #EDInvestigation #LandAllotment #Parvathi