Search | അർജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ വഴിത്തിരിവ്! ഡീപ് സെര്‍ച്ച് ഡിറ്റക്ടറില്‍ ലോഹസാന്നിധ്യം കണ്ടെത്തി; ലോറിയുടേതോ?
സമീപത്തെ ഗംഗാവാലി പുഴയിലെ മൺകൂനയിലും തിരച്ചിൽ നടത്തിവരുന്നുണ്ട്.
ഷിരൂർ: (KasargodVartha) കർണാടക ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലില്‍ വഴിത്തിരിവ്. ഡീപ് സെർച്ച് ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. ബെംഗ്ളൂറിൽ നിന്ന് എത്തിച്ച ഡീപ് സെർച്ച് ഡിറ്റക്ടർ എട്ട് മീറ്റർ ആഴത്തിൽ വരെ തിരയാൻ സഹായിക്കുന്ന ഉപകരണമാണ്.
നേരത്തെ അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോൾ ലോഹസാന്നിധ്യം കണ്ടെത്തിയതെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ ആഴത്തിൽ കുഴിച്ചുള്ള തിരിച്ചിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കൂടാതെ സമീപത്തെ ഗംഗാവാലി പുഴയിലെ മൺകൂനയിലും തിരച്ചിൽ നടത്തിവരുന്നുണ്ട്.
ഡീപ് സെർച്ച് ഡിറ്റക്ടറിൽ നിന്ന് ലഭിച്ച സിഗ്നൽ മരത്തിന്റെയോ കല്ലിന്റെയോ അല്ലെന്നും വലിയ ലോഹ ഭാഗം തന്നെയാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. എന്താണ് ഈ ലോഹ ഭാഗം എന്ന് ഉറപ്പിക്കാൻ മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. രക്ഷാപ്രവർത്തകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ സംഭവവികാസം. അർജുനെ സുരക്ഷിതമായി ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നത്. അതേസമയം പ്രദേശത്തെ കനത്ത മഴയും ശക്തമായ കാറ്റും തിരച്ചിൽ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.