Hike | എസ്ബിഐയിൽ നിന്ന് വാഹന, ഭവന വായ്പ എടുത്തിട്ടുണ്ടോ? ഇഎംഐ വർധിക്കും! കാരണമിതാണ്
മൂന്ന് തുടർമാസങ്ങളിലായി നിരക്ക് വർധിപ്പിക്കുന്നത് ഇതാദ്യമാണ്
ന്യൂഡൽഹി: (KasargodVartha) രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാ നിരക്ക് (MCLR) വർധിപ്പിച്ചു. 10 ബേസിസ് പോയിൻറ് അഥവാ 0.10 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. മൂന്ന് തുടർമാസങ്ങളിലായി നിരക്ക് വർധിപ്പിക്കുന്നത് ഇതാദ്യമാണ്. പുതിയ നിരക്ക് ബുധനാഴ്ച (ഓഗസ്റ്റ് 15) മുതൽ പ്രാബല്യത്തിൽ വന്നു.
എസ്ബിഐ ജൂൺ മുതൽ ചില തവണകളിൽ എംസിഎൽആർ 30 ബേസിസ് പോയിന്റ് വരെ ഉയർത്തിയിരുന്നു. മൂന്ന് വർഷത്തേക്കുള്ള എംസിഎൽആർ ഇപ്പോൾ 9.10 ശതമാനമാണ്. നേരത്തെ ഇത് ഒമ്പത് ശതമാനമായിരുന്നു. ഒറ്റരാത്രിക്കുള്ള എംസിഎൽആർ 8.10 ശതമാനത്തിൽ നിന്ന് 8.20 ശതമാനമായി ഉയർന്നു.
എംസിഎൽആർ എന്താണ്?
എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്) എന്നത് ഒരു ബാങ്കിന് പണം വായ്പ കൊടുക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്ന ചില സാഹചര്യങ്ങൾ ഒഴികെ ഒരു ബാങ്കിനും അതിനേക്കാൾ താഴ്ന്ന പലിശ നിരക്കിൽ പണം വായ്പ കൊടുക്കാൻ കഴിയില്ല. 2016 ഏപ്രിലിലാണ് റിസർവ് ബാങ്ക് എംസിഎൽആർ അവതരിപ്പിച്ചത്.
എസ്ബിഐയുടെ പുതിയ എംസിഎൽആർ നിരക്കുകൾ
(പഴയതും പുതിയതും)
ഓവർനൈറ്റ് - 8.10% - 8.20%
ഒരു മാസം - 8.35% - 8.45%
മൂന്ന് മാസം - 8.40% - 8.50%
ആറ് മാസം - 8.75% - 8.85%
ഒരു വർഷം - 8.85% - 8.95%
രണ്ട് വർഷം - 8.95% - 9.05%
മൂന്ന് വർഷം - 9.00% - 9.10%
ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യുസിഒ ബാങ്ക് തുടങ്ങിയ മറ്റ് പൊതുമേഖലാ ബാങ്കുകൾക്ക് മുമ്പ് എംസിഎൽആർ വർധിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡയും കനറാ ബാങ്കും ഓഗസ്റ്റ് 12 മുതലും യുസിഒ ബാങ്ക് ഓഗസ്റ്റ് 10 മുതലും പുതിയ എംസിഎൽആർ പ്രാബല്യത്തിൽ വരുത്തിയിരുന്നു.
ഉപഭോക്താവിനെ എങ്ങനെ ബാധിക്കും?
വീട് വാങ്ങാൻ എടുത്ത വായ്പ, കാർ വാങ്ങാൻ എടുത്ത വായ്പ അല്ലെങ്കിൽ പെർസണൽ ലോൺ തുടങ്ങിയവയുടെ എല്ലാം ഇഎംഐ തുക കൂടും. പുതിയ വായ്പ എടുക്കാൻ പോകുന്നവർക്ക് വായ്പയുടെ തുക കൂടുതലായിരിക്കും.
#SBI #MCLRhike #interest rates #homeloan #carloan #emi #banking #finance #indiaeconomy