HC Notice | സൗജന്യ വധക്കേസ്: പത്മഭൂഷണ്‍ വീരേന്ദ്ര ഹെഗ്‌ഡെ എംപിക്കെതിരെ സംസാരം വിലക്കാന്‍ സര്‍കാറിന് ഹൈകോടതി നോടീസ്
ബെംഗ്‌ളൂറു: (www.kasargodvartha.com) ദക്ഷിണ കന്നട ജില്ലയില്‍ 11 വര്‍ഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച സൗജന്യ വധവുമായി ബന്ധപ്പെടുത്തി ധര്‍മസ്ഥല ധര്‍മാധികാരി പത്മഭൂഷണ്‍ ഡോ. വീരേന്ദ്ര ഹെഗ്‌ഡെ എംപിക്കും കുടുംബത്തിനുമെതിരെ സംസാരിക്കുന്നതില്‍ നിന്ന് പൊതുപ്രവര്‍ത്തകന്‍ മഹേഷ് ഷെട്ടി തിമറോഡിയെ വിലക്കണമെന്ന് കര്‍ണാടക സര്‍കാറിന് ഹൈകോടതി നിര്‍ദേശം.
ധര്‍മസ്ഥല ശ്രീ ക്ഷേത്രം ഗ്രാമവികസന പദ്ധതി മേഖല ഡയറക്ടര്‍ ഷീനപ്പ, നന്ദീഷ് കുമാര്‍ ജയിന്‍ എന്നിവര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവ്. ചീഫ് സെക്രടറി, അഡീ.ചീഫ് സെക്രടറി, ആഭ്യന്തര വകുപ്പ് സെക്രടറി, ഡി ജി പി, ബെംഗ്‌ളൂറു സിറ്റി പൊലീസ് കമീഷനര്‍, ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട്, ബണ്ട്വാള്‍ ഡിവൈഎസ്പി, ധര്‍മ്മസ്ഥല, ബെല്‍ത്തങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് ഹൈകോടതി നോടീസ് അയച്ചു.
ധര്‍മസ്ഥലയില്‍ 17കാരിയായ കോളജ് വിദ്യാര്‍ഥിനി സൗജന്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന സംഭവം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ കക്ഷികളും ജനകീയ കൂട്ടായ്മകളും ബെംഗ്‌ളൂറു, മൈസൂറു, ദക്ഷിണ കന്നട, ഉടുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ച് വരികയാണ്.
2012 ഒക്ടോബര്‍ ഒമ്പതിനാണ് ഉജ്‌റെ ശ്രീ ധര്‍മസ്ഥല മഞ്ചുനാഥേശ്വര കോളജില്‍ രണ്ടാം വര്‍ഷ പിയു വിദ്യാര്‍ഥിനിയായിരിക്കെ സൗജന്യ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്നാണ് കേസ്. കോളജ് വിട്ട് വീട്ടിലെത്താത്ത കുട്ടിയുടെ നഗ്‌ന ജഡം പിറ്റേന്ന് നേത്രാവതി നദിക്കരയില്‍ വിജനസ്ഥലത്ത് കൈകള്‍ ചുരിദാര്‍ ഷാള്‍ കൊണ്ട് പിറകില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് സൗജന്യയുടെ പിതാവ് ചന്ദ്രപ്പ ഗൗഡയുടെ പരാതിയില്‍ കേസെടുത്ത ധര്‍മസ്ഥല പൊലീസ് പരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ സന്തോഷ് റാവു എന്നയാളെ അറസ്റ്റ് ചെയ്തു. 11 വര്‍ഷത്തിനിടയില്‍ ലോകല്‍ പൊലീസും സി ഐ ഡിയും ഒടുവില്‍ സി ബി ഐയും അന്വേഷിച്ച കേസില്‍ പ്രതിയെ കഴിഞ്ഞ ജൂണ്‍ 16ന് ബെംഗ്‌ളൂറു സി ബി ഐ പ്രത്യേക കോടതി വിട്ടയക്കുകയായിരുന്നു.
ശരിയായ രീതിയില്‍ അന്വേഷണം നടക്കാത്തതാണ് പ്രതി രക്ഷപ്പെടാന്‍ കാരണമെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ധര്‍മസ്ഥല ധര്‍മാധികാരിയുടേയും മൂന്ന് ആളുകളുടെയും പേരെടുത്ത് പറഞ്ഞ് കേസന്വേഷണം അട്ടിമറിച്ചത് അവരാണെന്ന് സൗജന്യക്ക് നീതി തേടി രൂപവത്കരിച്ച പ്രജാപ്രഭുത്വ വേദി കണ്‍വീനര്‍ മഹേഷ് ഷെട്ടി തിമറോഡിയും സൗജന്യയുടെ മാതാവ് കുസുമാവതിയും തുടരുന്ന ആരോപണം കഴിഞ്ഞ ദിവസം ഉടുപ്പിയില്‍ ഹോ(പോ)രാട്ട സമിതി സംഘടിപ്പിച്ച പടുകൂറ്റന്‍ റാലിയില്‍ ആവര്‍ത്തിച്ചിരുന്നു. ഉടുപ്പി-ചിക്കമംഗ്‌ളൂറു എംപിയും കേന്ദ്ര മന്ത്രിയുമായ ശോഭാ കാറന്ത്‌ലാജെ സൗജന്യയുടെ കുടുംബത്തെ സന്ദര്‍ശിക്കാത്തതിനേയും മഹേഷ് ഷെട്ടി റാലിയില്‍ വിമര്‍ശിച്ചു.
തികഞ്ഞ മതേതര സമീപനം സ്വീകരിച്ചുപോന്ന വീരേന്ദ്ര ഹെഗ്‌ഡെക്ക് സൗജന്യ വധക്കേസ് സിബിഐ ഏറ്റെടുത്തതിനെത്തുടര്‍ന്ന് ചാഞ്ചാട്ടം സംഭവിക്കുന്നുണ്ടായിരുന്നു. 2000ത്തില്‍ അദ്ദേഹത്തെ കേന്ദ്ര സര്‍കാര്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം പി ടി ഉഷക്കൊപ്പം ബിജെപി രാജ്യസഭ അംഗവുമാക്കി.
Keywords: News, National, National-News, Crime, Top-Headlines, Bengaluru News, Karnataka News, MP, Family, Saujanya Murder Case, Veerendra Heggade, HC, Saujanya murder case: HC notice to restrain public servant from speaking against MP Veerendra Heggade and family.