Currency | സാധാരണക്കാരല്ല, 2000 രൂപ നോടുകളില്‍ ഭൂരിഭാഗവും നിക്ഷേപിക്കുകയോ മാറുകയോ ചെയ്തത് ഇവര്‍! കണക്കുകള്‍ ഇങ്ങനെ
ന്യൂഡെല്‍ഹി: (www.kasargodvartha.com) റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI) 2000 നോടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. അതിനുശേഷം ആളുകള്‍ ബാങ്കില്‍ നോടുകള്‍ നിക്ഷേപിക്കാന്‍ തുടങ്ങി. 2000 രൂപയുടെ മിക്ക കറന്‍സി നോടുകളും ഇപ്പോള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിപോര്‍ട്. സാധാരണക്കാരന് പകരം 2000 രൂപ നോടുകള്‍ നിക്ഷേപിച്ച് മാറ്റിയത് വ്യാപാരികള്‍ ആണ് എന്നതാണ് പ്രത്യേകത.
ഈ വര്‍ഷം മെയ് 19 ന്, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ 2000 രൂപ കറന്‍സി നോടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബാങ്കുകളില്‍ ആകെ ലഭിച്ച 2000 രൂപ നോടുകളില്‍ 87 ശതമാനവും നിക്ഷേപത്തിലൂടെയും 13 ശതമാനം എക്സ്ചേന്‍ജുകളിലൂടെയുമാണ് വന്നതെന്ന് മണികണ്‍ട്രോള്‍ റിപോര്‍ട് ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐക്കാണ് ഏറ്റവും കൂടുതല്‍ 2000 രൂപ നോടുകള്‍ ലഭിച്ചത്. 14,000 കോടി രൂപയുടെ നോടുകളാണ് എസ് ബി ഐയില്‍ നിക്ഷേപിച്ചിരിക്കുന്നത്.
58 ശതമാനം വ്യാപാരികളും നോടുകള്‍ നിക്ഷേപിച്ചു
3,589 കോടി രൂപയുടെ 2,000 രൂപ നോടുകള്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കില്‍ (IOB) നിക്ഷേപിക്കുകയോ മാറുകയോ ചെയ്തിട്ടുണ്ട്. 40 ശതമാനം നോടുകളും വ്യാപാരികളില്‍ നിന്നാണെന്ന് ഐഒബി എംഡിയും സിഇഒയുമായ അജയ് ശ്രീവാസ്തവ പറഞ്ഞു. ചെറുകിട വ്യാപാരികള്‍ക്കാണ് ഇതില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തം.
അതുപോലെ, ജൂലൈ 31 വരെ 3,471 കോടി രൂപയുടെ 2,000 രൂപ നോടുകള്‍ ലഭിച്ചതായി യുകോ ബാങ്ക് അറിയിച്ചു. സാധാരണക്കാരില്‍ നിന്ന് 42 ശതമാനം 2000 രൂപ നോട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും 58 ശതമാനം വ്യാപാരികള്‍ നിക്ഷേപിക്കുകയോ മാറ്റി നല്‍കുകയോ ചെയ്തതായി ബാങ്ക് എംഡിയും സിഇഒയുമായ അശ്വനി കുമാര്‍ പറഞ്ഞു.
380 കോടി രൂപയുടെ 2000 രൂപ നോടുകള്‍ സിറ്റി യൂനിയന്‍ ബാങ്കില്‍ നിക്ഷേപിക്കുകയോ മാറ്റി നല്‍കുകയോ ചെയ്തിട്ടുണ്ട്. 2000 രൂപ നോടുകളില്‍ 90 ശതമാനവും ബാങ്കിന് ലഭിച്ചത് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാണെന്ന് പേരു വെളിപ്പെടുത്താന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2000 രൂപ നോടുകളില്‍ ഭൂരിഭാഗവും വ്യവസായികള്‍ നിക്ഷേപിച്ചതാണെന്ന് പേരു വെളിപ്പെടുത്താത്ത മറ്റൊരു സര്‍കാര്‍ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.