MP minister | 'മതവികാരം വ്രണപ്പെടുത്തരുതെന്ന് ആമിർ ഖാനോട് അഭ്യർഥിക്കുന്നു'; ബാങ്കിന്റെ പരസ്യത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി
ഭോപ്പാൽ: (www.kasargodvartha.com) ബോളിവുഡ് താരങ്ങളായ ആമിർ ഖാനും കിയാര അദ്വാനിയും അഭിനയിച്ച എയു സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പരസ്യത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്ത്. ഇന്ത്യയുടെ പാരമ്പര്യങ്ങളും ആചാരങ്ങളും കണക്കിലെടുത്ത് ഖാൻ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കരുതെന്ന് മന്ത്രി പറഞ്ഞു.
50 സെകൻഡ് ദൈർഘ്യമുള്ള പരസ്യത്തിൽ നവദമ്പതികളായി ആമിർ ഖാനും അദ്വാനിയും വിവാഹ ചടങ്ങുകൾക്ക് ശേഷം വാഹനത്തിൽ മടങ്ങുന്നത് പരസ്യത്തിൽ കാണിക്കുന്നു. 'ബിദായി' എന്നറിയപ്പെടുന്ന വിവാഹാനന്തര ചടങ്ങിൽ ഇരുവരും കരഞ്ഞില്ല എന്നതിനെക്കുറിച്ച് ദമ്പതികൾ ചർച ചെയ്യുന്നത് കാണാം. വധു വരന്റെ വീട്ടിലേക്ക് പോകുന്ന പരമ്പരാഗത ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമായി ആമിർ ഖാൻ വധുവിന്റെ വീട്ടിലേക്ക് ചേക്കേറുന്നതും ആദ്യ ചുവടുവെക്കുന്നതും പരസ്യത്തിൽ കാണിക്കുന്നു. ചെറിയ മാറ്റങ്ങൾ വലിയ പരിവർത്തനങ്ങൾ കൊണ്ടുവരാൻ എങ്ങനെ സഹായിക്കുമെന്ന് ആമിർ ഖാൻ പരസ്യത്തിൽ വിശദീകരിക്കുന്നു.
സാമൂഹിക സന്ദേശം ലക്ഷ്യമിട്ടുള്ള പരസ്യമെന്നാണ് അഭിപ്രായമെങ്കിലും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിടുന്നുണ്ട്. 'ഒരു പരാതി ലഭിച്ചതിന് ശേഷം നടൻ ആമിർ ഖാന്റെ സ്വകാര്യ ബാങ്കിന്റെ പരസ്യം ഞാൻ കണ്ടു. ഇന്ത്യൻ പാരമ്പര്യങ്ങളും ആചാരങ്ങളും മനസ്സിൽ വെച്ചുകൊണ്ട് ഇത്തരം പരസ്യങ്ങൾ ചെയ്യരുതെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു', നരോത്തം മിശ്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപോർട് ചെയ്തു.
അത് ഉചിതമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യൻ പാരമ്പര്യങ്ങൾ, ആചാരങ്ങൾ, ദേവതകൾ എന്നിവയെ കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് ആമിർ ഖാനിൽ നിന്ന്. ഇത്തരം പ്രവൃത്തികൾ ഒരു പ്രത്യേക മതത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താൻ താരത്തിന് അവകാശമില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
ബാങ്കിന്റെ പരസ്യം സോഷ്യൽ മീഡിയയിൽ വലിയ വിവാദം സൃഷ്ടിച്ചു, നിരവധി ട്വിറ്റർ ഉപയോക്താക്കൾ ബാങ്കിലെ അക്കൗണ്ടുകൾ അവസാനിപ്പിക്കുമെന്ന് പ്രസ്താവിച്ചു. #BoycottAUSmallFinanceBank, #BoycottAamirKhan തുടങ്ങിയ ഹാഷ്ടാഗുകളും ട്വിറ്ററിൽ ട്രെൻഡിംഗായിരുന്നു. നേരത്തെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും പരസ്യത്തെ വിമർശിച്ചിരുന്നു. 'സാമൂഹികവും മതപരവുമായ പാരമ്പര്യങ്ങൾ മാറ്റുന്നതിന് ബാങ്കുകൾ ഉത്തരവാദികളായിത്തീർന്നത് എപ്പോഴാണെന്ന് മനസിലാക്കാൻ എനിക്ക് കഴിയുന്നില്ല? അഴിമതി നിറഞ്ഞ ബാങ്കിംഗ് സംവിധാനം മാറ്റിക്കൊണ്ട് ആക്ടിവിസം ചെയ്യണമെന്ന് ഞാൻ കരുതുന്നു', അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.