Rajya Sabha Election | രാജ്യസഭാ തെരഞ്ഞെടുപ്പ് 2022: 3 സംസ്ഥാനങ്ങളിലെ എംഎല്‍എമാര്‍ക്ക് രാജയോഗം! മുന്തിയ ഹോടലുകളിലും റിസോര്‍ടുകളിലും അര്‍മാദിക്കുന്നു; വിശേഷങ്ങളറിയാം
ന്യൂഡെല്‍ഹി: (www.kasargodvartha.com) ജൂണ്‍ 10 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് സംസ്ഥാനങ്ങളിലെ എംഎല്‍എമാര്‍ക്ക് രാജയോഗം! ഇവര്‍ മറുകണ്ടം ചാടിതിരിക്കാനായി 'റിസോര്‍ട്ട് രാഷ്ട്രീയ'ത്തില്‍ അഭയംതേടിയിരിക്കുകയാണ് പല പാര്‍ടികളും. ഇതോടെ മുന്തിയ ഹോടലുകളിലും റിസോര്‍ടുകളിലും നിയമസഭാ സാമാജികര്‍ അര്‍മാദിക്കുന്നു. മഹാരാഷ്ട്ര, രാജസ്താന്‍, ഹരിയാന എന്നിവിടങ്ങളിലെ കടുത്ത മത്സരം കണക്കിലെടുത്താണ് എംഎല്‍എമാരെ ഇത്തരത്തില്‍ സംരക്ഷിക്കുന്നത്.
കോണ്‍ഗ്രസ്, ശിവസേന, ബിജെപി നേതൃത്വം എംഎല്‍എമാരെ റിസോര്‍ടുകളിലും പഞ്ചനക്ഷത്ര ഹോടലുകളിലും താമസിപ്പിച്ച് തങ്ങളുടെ വിജയം ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു. രാജസ്താനിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജൂണ്‍ രണ്ട് മുതല്‍ ഉദയ്പൂരിലെ താജ് ആരവലി റിസോര്‍ട് ആന്‍ഡ് സ്പായിലാണ് താമസിക്കുന്നത്. എംഎല്‍എമാര്‍ അവിടെ ജന്മദിനം ആഘോഷിക്കുന്നു, സിനിമ കാണുന്നു, അന്താക്ഷരി കളിക്കുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവര്‍ മുഖ്യമന്ത്രി അശോക് ഗെലോടിനും സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ്ങിനുമൊപ്പം റിസോര്‍ടില്‍ മാജിക് ഷോ ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ചില വീഡിയോകളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കലാ പരിപാടി ആസ്വദിക്കുന്നത് കാണാം. ചില എംഎല്‍എമാര്‍ പാടാന്‍ ശ്രമിക്കുന്നതും മറ്റ് ചിലര്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങാംകുഴിയിടുന്നതും കാണാം.
ജയ്പൂരിലെ ദേവി രത്‌ന ഹോടലിലാണ് ബിജെപി എംഎല്‍എമാരെ പാര്‍പിച്ചിരിക്കുന്നത്. ജൂണ്‍ ആറിനും ഒമ്പതിനും ഇടയില്‍ പാര്‍ടിയുടെ പ്രത്യയശാസ്ത്രം, മിഷന്‍ 2023, മോദി സര്‍കാരിന്റെ എട്ടാം വര്‍ഷികം എന്നിവയെക്കുറിച്ചുള്ള 12 സെഷനുകളില്‍ എംഎല്‍എമാര്‍ പങ്കെടുക്കുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു. എല്ലാ ദിവസവും വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ എംഎല്‍എമാര്‍ക്ക് രാജ്യസഭ വോട് ചെയ്യാനുള്ള പരിശീലനവും നല്‍കുന്നുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുളത്തില്‍ തണുത്തുവിറച്ച് പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും രാജസ്ഥാന്‍ മുഴുവനും കാണുകയാണെന്ന് രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. 'വൈദ്യുതി പ്രതിസന്ധിക്ക് അവര്‍ക്ക് ഉത്തരമില്ല, വെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്നു, അപ്പോഴും എംഎല്‍എമാര്‍ കുളത്തില്‍ നീന്തിത്തുടിക്കുകയാണ്'- അദ്ദേഹം ആരോപിച്ചു.
ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലെ മെയ്ഫെയര്‍ ലേക് റിസോര്‍ടിലെ ഫോടോകളും വ്യത്യസ്തമല്ല. അവിടെ കോണ്‍ഗ്രസ് ഹരിയാനയില്‍ നിന്നുള്ള എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുകയാണ്. ജൂണ്‍ രണ്ടിന് ചാര്‍ടേഡ് വിമാനത്തിലാണ് എംഎല്‍എമാരെ ഡെല്‍ഹിയില്‍ നിന്ന് റായ്പൂരിലെ റിസോര്‍ടിലെത്തിച്ചത്. ഇവര്‍ ജൂണ്‍ 10ന് റായ്പൂരില്‍ നിന്ന് ചണ്ഡീഗഢിലേക്ക് പോകും. വിമാനത്താവളത്തില്‍ നിന്ന് എംഎല്‍എമാര്‍ ഹരിയാന നിയമസഭയിലേക്ക് പോകും, അവിടെ രാജ്യസഭാ വോട് ചെയ്യും.
എഐസിസി നിരീക്ഷകരായ രാജീവ് ശുക്ല, ഭൂപീന്ദര്‍ ഹൂഡ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് മാകന്‍ എന്നിവര്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്താനും ഐക്യം ഊട്ടിഉറപ്പിക്കാനും റായ്പൂരിലെത്തി. എംഎല്‍എമാര്‍ രാവിലെയും വൈകുന്നേരവും തടാകക്കരയിലൂടെ നടക്കാറുണ്ടെങ്കിലും സ്വന്തമായി മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ആരെങ്കിലും ബിജെപി പാളയത്തിലേക്ക് പോകുമോന്ന് ഭയന്ന് സബര്‍ബന്‍ മലാഡിലെ റിസോര്‍ടില്‍ നിന്ന് ദക്ഷിണ മുംബൈയിലെ പഞ്ചനക്ഷത്ര ഹോടലിലേക്ക് എംഎല്‍എമാരെ മാറ്റാന്‍ ശിവസേന തീരുമാനിച്ചു.
Keywords: New Delhi, News, National, Top-Headlines, RajyaSabha-Election, Election, Rajya Sabha Elections-2022: MLA's of Haryana, Rrajasthan and Maharastra polls walk in park splash in pool.