അവിഹിത ബന്ധമുണ്ടെന്ന് സംശയം; 3 മാസത്തോളം 30 കിലോഗ്രാം ഭാരമുള്ള ചങ്ങലയില്‍ ഭാര്യയെ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍
ജയ്പൂര്‍: (www.kasargodvartha.com 03.07.2021) രാജസ്ഥാനില്‍ ഭാര്യയെ ചങ്ങലയില്‍ ബന്ധനസ്ഥയാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. 40കാരിയായ സ്ത്രീയെയാണ് ഭര്‍ത്താവ് സംശയത്തെ തുടര്‍ന്ന് ചങ്ങലയില്‍ പൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ പ്രതാപ്ഘട്ട് ജില്ലയിലുള്ള ലാല്‍നഗര്‍ ഗ്രാമത്തിലാണ് സംഭവം.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് മൂന്ന് മാസമാണ് ഭര്‍ത്താവ് ചങ്ങലയ്ക്കിട്ടത്. രണ്ട് പൂട്ട് ഇട്ട് മുപ്പത് കിലോഗ്രാം ഭാരമുള്ള ചങ്ങലയിലാണ് ഇയാള്‍ സ്ത്രീയെ ബന്ധിയാക്കിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി ഇവരെ രക്ഷിച്ചത്. പിന്നാലെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അമ്മയെ സഹായിക്കാന്‍ രാജസ്ഥാനിലെ ഹീംഗ്ലാട്ട് എന്ന സ്ഥലത്ത് താന്‍ പതിവായി പോയിരുന്നതായി സ്ത്രീ പറയുന്നു. എന്നാല്‍ ഭര്‍ത്താവ് ഇവിടെയെത്തി കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് സ്ത്രീയെ മര്‍ദിക്കും. പ്രായമായ അമ്മയെ സഹായിക്കാനായിരുന്നു 40കാരി പോയിരുന്നത്. എന്നാല്‍ ഈ യാത്രയിലൊക്കെ അവിഹിത ബന്ധമാരോപിച്ച് ഭര്‍ത്താവ് മദ്യപിച്ച് മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും സ്ത്രീ പൊലീസിന് മൊഴി നല്‍കി.
കഴിഞ്ഞ ഹോളിയ്ക്ക് ശേഷമാണ് ഭര്‍ത്താവ് തന്നെ ബന്ധിയാക്കിയതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. ചങ്ങലയില്‍ കെട്ടിയിട്ട ശേഷവും ഭര്‍ത്താവില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ തുടര്‍ന്നുവെന്നും സ്ത്രീ അറിയിച്ചു.
Keywords: News, National, India, Rajasthan, Husband, House-wife, Top-Headlines, Assault, Police, Arrest, Rajasthan man who tied woman with 30kg chain for 3 months