പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം; സുരക്ഷാ വീഴ്ചയില്ല, ഫ്ളൈ ഓവെറില്‍ കുടുങ്ങിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി; കേന്ദ്രത്തിന് റിപോര്‍ട് നല്‍കിയേക്കും
അമൃത്സര്‍: (www.kasargodvartha.com 06.01.2022) പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളൈ ഓവെറില്‍ 20 മിനിട്ട് കുടുങ്ങിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി. ഫിറോസപുരിലെ റാലി റദ്ദാക്കേണ്ടി വന്നതില്‍ ഖേദം ഉണ്ടെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ ചരണ്‍ജിത് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ പഞ്ചാബ് സര്‍കാര്‍ വ്യാഴാഴ്ച കേന്ദ്രത്തിന് റിപോര്‍ട് നല്‍കിയേക്കും. കര്‍ഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം വഴിയില്‍ കിടന്ന സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപോര്‍ട് തേടിയിരുന്നു.
സുരക്ഷാ വീഴ്ചയില്ലെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാര്‍ഗമാക്കാന്‍ പെട്ടെന്ന് തീരുമാനമെടുത്തുവെന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തില്‍ റിപോര്‍ട് തയ്യാറാക്കുന്നുണ്ട്.
'പ്രതിഷേധക്കാര്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പ്രതിഷേധക്കാരെ മാറ്റാന്‍ കുറഞ്ഞത് 10 മുതല്‍ 20 മിനിട്ട് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ല. ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ല'- മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രാഥമിക നടപടിയുടെ ഭാഗമായി ഫിറോസപുര്‍ എസ്എസ്പിയെ സസ്പെന്‍ഡ് ചെയ്തു.
അതേസമയം, കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്ളൈ ഓവെറില്‍ 20 മിനിട്ട് കുടുങ്ങിയ സംഭവത്തില്‍ കടുത്ത രോഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച മോദി, ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു. ഭടിന്‍ഡ വിമാനത്താവളത്തില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്.
ഹുസൈനിവാലയിലെ ദേശീയസ്മാരകം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ഭടിന്‍ഡയിലെത്തിയത്. ഹോലികോപ്‌റ്റെറില്‍ സ്ഥലത്തേക്ക് പോകാനായിരുന്നു പരിപാടി. എന്നാല്‍ മഴയെ തുടര്‍ന്ന് 20 മിനിട്ട് കാത്തിരുന്നു. കൂടാതെ പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടയുകയും ചെയ്തു. തുടര്‍ന്ന് ഫിറോസപുരിലെ റാലി അടക്കം ഉപേക്ഷിച്ച് പ്രധാനമന്ത്രി ഭടിന്‍ഡയിലേക്ക് മടങ്ങുകയായിരുന്നു.
അതേസമയം, വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ആരോപണം. പഞ്ചാബ് സര്‍കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ ആരോപിച്ചു.
Keywords: News, National, India, Prime Minister, Narendra-Modi, Top-Headlines, Punjab CM Channi expresses regret after PM Modi cuts short visit, claims there was no security lapse