Arrested | പ്രജ്വല്‍ രേവണ്ണ എംപി ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍
കനത്ത സുരക്ഷയില്‍ പൊലീസ് രഹസ്യ സങ്കേതത്തിലേക്ക് കൊണ്ടുപോയി.
ഉറക്കമിളച്ച് കാത്തിരുന്ന വലിയ ആള്‍കൂട്ടം അറസ്റ്റിന് സാക്ഷിയായി.
പ്രത്യേക അന്വേഷണ സംഘത്തെ പ്രജ്വല്‍ നേരത്തെ രണ്ടു തവണ കബളിപ്പിച്ചിരുന്നു.
ബെംഗ്‌ളൂറു: (KasargodVartha) കര്‍ണാടകയില്‍ ജെഡിഎസിനേയും എച് ഡി ദേവഗൗഡ കുടുംബത്തേയും മുള്‍മുനയില്‍ നിറുത്തിയ ലൈംഗികാതിക്രമ കേസ് പ്രതിയായ എന്‍ഡിഎ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ എംപിയെ (33) പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) വെള്ളിയാഴ്ച (31.05.2024) പുലര്‍ചെ ഒന്നോടെ അറസ്റ്റ് ചെയ്തു. ജര്‍മനിയിലെ മ്യുനിചില്‍ നിന്ന് വ്യാഴാഴ്ച (30.05.2024) വൈകിട്ട് ഇന്‍ഡ്യന്‍ സമയം 3.58ന് പുറപ്പെട്ട എല്‍ എച് 746 നമ്പര്‍ ലുഫ്താന്‍സിയ വിമാനം പുലര്‍ചെ 12.53 ന് ബെംഗ്‌ളൂറു കെംപെ ഗൗഡ വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
ബെംഗ്‌ളൂറു നോര്‍ത് ഈസ്റ്റ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 1.10ന് വിമാനത്താവളത്തിന് പുറത്തെത്തിച്ച പ്രതിയെ കനത്ത സുരക്ഷയില്‍ പൊലീസ് രഹസ്യ സങ്കേതത്തിലേക്ക് കൊണ്ടുപോയി. പ്രജ്വലിന്റെ ലഗേജുകള്‍ പിന്നാലെ മറ്റൊരു പൊലീസ് വാഹനത്തില്‍ കയറ്റി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. ബെംഗ്‌ളൂറില്‍ ജനപ്രതിനിധികളുടെ കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക.
വെള്ളിയാഴ്ച രാവിലെ 10.30ന് പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാവുമെന്ന് പ്രജ്വല്‍ ഹംഗറിയില്‍ നിന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി എംപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ പ്രതിയുടെ ഈ നീക്കം പാളി. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വരയുടെ പ്രഖ്യാപനം പുലര്‍ന്നു.
വിമാനത്താവള പരിസരത്ത് പൊലീസ് വന്‍ സുരക്ഷ സന്നാഹം ഒരുക്കിയിരുന്നു. അഞ്ച് കംപനി കര്‍ണാടക സായുധ പൊലീസ് സേനയെ വിന്യസിച്ചു. ഉറക്കമിളച്ച് കാത്തിരുന്ന വലിയ ആള്‍കൂട്ടം അറസ്റ്റിന് സാക്ഷിയായി. ഹാസന്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയായ പ്രജ്വല്‍ 26ന് പോളിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്റെ നയതന്ത്ര പാസ്‌പോര്‍ട് ഉപയോഗിച്ച് ജര്‍മനിയിലേക്ക് പോവുകയായിരുന്നു. പ്രജ്വല്‍ ഉള്‍പെട്ട കൂട്ട ലൈംഗികാതിക്രമ ദൃശ്യങ്ങളുടെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു രാജ്യം വിട്ടത്.
കര്‍ണാടക സംസ്ഥാന വനിത കമീഷന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കേസന്വഷിക്കാന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ കഴിഞ്ഞ മാസം 28ന് പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയോഗിച്ചു. അന്വേഷണം വിവിധ തലങ്ങളില്‍ പുരോഗമിക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച തിരിച്ചെത്തി ഹാജരാവുമെന്ന വീഡിയോ
സന്ദേശം പുറത്ത് വിട്ടത്.
പ്രത്യേക അന്വേഷണ സംഘത്തെ പ്രജ്വല്‍ നേരത്തെ രണ്ടു തവണ കബളിപ്പിച്ചിരുന്നു. ജര്‍മനിയില്‍ നിന്ന് ലുഫ്താന്‍സ എയര്‍ലൈന്‍സ് വിമാനത്തില്‍ 3.50 ലക്ഷം രൂപയുടെ ബിസിനസ് ടികറ്റ് ബിഹാറിലെ ട്രാവല്‍ ഏജന്‍സി മുഖേന പ്രജ്വല്‍ ബുക് ചെയ്തതിന്റെ രേഖ സംഘടിപ്പിച്ച എസ്‌ഐടി അറസ്റ്റ് ചെയ്യാന്‍ ബെംഗ്‌ളൂറു വിമാനത്താവളത്തില്‍ സജ്ജമായെങ്കിലും പ്രതി വന്നിരുന്നില്ല.