Arrested | ദലിത് വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മേധാവി അറസ്റ്റില്‍
ഷിവമോഗ്ഗ: (www.kasargodvartha.com) സാഗരയിലെ വനശ്രീ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സ്ഥാപന മേധാവി എച് പി മഞ്ചപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. ദലിത് വിഭാഗത്തില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തേജസ്വിനിയാണ്(13) മരിച്ചത്. സാഗര ടൗണില്‍ വരദഹള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ അധ്യയനവര്‍ഷം തുടങ്ങി അഞ്ചാം ദിവസമാണ് കുട്ടി മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വ്യാഴാഴ്ച ഛര്‍ദിയും വയറിളക്കവും കാരണം അബോധാവസ്ഥയിലായ അവസ്ഥയില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവം വിവാദമായതോടെ മഞ്ചപ്പ വിശദീകരണവുമായി രംഗത്ത് വന്നു. കാലുവേദന അനുഭവപ്പെട്ട കുട്ടിക്ക് തൈലം പുരട്ടുകയും മരുന്ന് നല്‍കുകയും ചെയ്തു. ഇതേ മരുന്ന് മറ്റു കുട്ടികളും താനും കഴിച്ചിരുന്നു. പിറ്റേന്ന് രാവിലെ മറ്റു കുട്ടികള്‍ എഴുന്നേറ്റുവന്ന് വെള്ളം കുടിച്ചു. തേജസ്വിനി മാത്രം അസ്വസ്ഥത പ്രകടിപ്പിച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെന്നുമാണ് നല്‍കിയ വിശദീകരണം.
ഹൃദയാഘാതമാണ് കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയുടെ മരണത്തിലും മേലധികാരിയുടെ വിശദീകരണത്തിലും ക്ഷുഭിതരായ രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരത്ത് പ്രതിഷേധിച്ചു. മരിച്ച കുട്ടിയുടെ രണ്ട് കൂട്ടുകാരുടെയും സഹപാഠികളുടേയും മൊഴിയുടേയും അമ്മാവി നല്‍കിയ പരാതിയുടേയും അടിസ്ഥാനത്തില്‍ പൊലീസ് തിങ്കളാഴ്ച പോസ്‌കോ ചുമത്തി മഞ്ചപ്പയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: News, National, Police, Arrest, Arrested, School student, Death, Sagara, Police arrests head of residential school in Sagara as dalit student dies after suddenly falling ill.