Snake | വീട്ടുമുറ്റത്ത് പാമ്പിനെ ആകർഷിക്കുന്ന ചെടികൾ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ന്യൂഡൽഹി:(KasaragodVartha) വീട്ടുമുറ്റത്ത് നിറയെ പച്ചപ്പ് ഇഷ്ടപ്പെടുന്ന നമ്മൾ, ചില ചെടികൾ പാമ്പുകളെ ആകർഷിക്കുന്നു എന്ന വസ്തുത അറിഞ്ഞേക്കില്ല. പാമ്പുകളെ ഭയപ്പെടുന്നവർക്ക് ഇത് ഒരു പ്രശ്നമാണ്. ഏതൊക്കെ ചെടികളാണ് പാമ്പുകളെ ആകർഷിക്കുന്നതെന്ന് അറിയാം.
1. പൊങ്ങി നിൽക്കുന്ന പുല്ലുകൾ
പുല്ലുകൾ പൊങ്ങി വരുമ്പോൾ, പ്രകൃതി നല്ലൊരു കാഴ്ച നൽകുന്നു. പക്ഷേ, ഈ പച്ചപ്പ് നിറഞ്ഞ കാഴ്ചയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു അപകട സാധ്യതയുണ്ട് - പാമ്പുകൾ. പുല്ലുകൾ പാമ്പുകൾക്ക് ഇഷ്ടപ്പെട്ട ഒളിയിടങ്ങളാണ്. ഇക്കാര്യം അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്, പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ.
പല കാരണങ്ങളാൽ പമ്പുകൾ പുല്ലുകാടുകൾ ഇഷ്ടപ്പെടുന്നു. പൊങ്ങി നിൽക്കുന്ന പുല്ലുകൾ പാമ്പുകൾക്ക് മികച്ച മറവ് നൽകുന്നു. ശരീര ഊഷ്മ നിലനിർത്താനും വേട്ടയാടുന്നതിനുമുള്ള സുരക്ഷിത ഇടമായി ഇവ ഇവ ഉപയോഗിക്കുന്നു. എലികൾ, തവളകൾ, പല്ലികൾ പോലുള്ള ചെറിയ ജീവികൾക്ക് ആവാസ കേന്ദ്രമാണ് പുല്ലുകൾ. ഈ ജീവികളെ ഭക്ഷിക്കുന്ന പാമ്പുകൾ ഇര തേടി പുല്ലുകാടുകളിലേക്ക് വരാറുണ്ട്.
2. പടർന്നു വളരുന്ന ചെടികൾ
മുറ്റത്ത് പടർന്നു വളരുന്ന ചെടികൾ (വള്ളിച്ചെടികൾ) പച്ചപ്പും സൗന്ദര്യവും നൽകുന്നുണ്ടെങ്കിലും, ഇവ പാമ്പുകൾക്ക് ഇഷ്ടപ്പെട്ട ഒളിയിടങ്ങളാകാമെന്ന കാര്യം അറിഞ്ഞിരിക്കണം. ചില പടർന്നു വളരുന്ന ചെടികൾ പാമ്പുകളെ നേരിട്ട് ആകർഷിക്കുന്നില്ലെങ്കിലും, മറ്റു ചില ജീവികൾക്ക് ആവാസം നൽകിയേക്കാം. ഈ ജീവികളെ ഭക്ഷിക്കാൻ പാമ്പുകൾ ഇത്തരം ചെടികൾക്കു ചുറ്റും വരാറുണ്ട്.
3. പൂച്ചെടികൾ
എല്ലാ പൂച്ചെടികളും പാമ്പുകളെ നേരിട്ട് ആകർഷിക്കുന്നില്ല. എന്നാൽ, ചില ചെടികളുടെ ഘടനയും പരിസ്ഥിതിയും പാമ്പുകൾക്ക് അനുകൂലമാകാം. ഗന്ധമുള്ള മുല്ലപ്പൂ ചെടി തേനീച്ചകളെയും ഈച്ചകളെയും പോലുള്ള കീടങ്ങളെ ആകർഷിക്കുന്നു. ഈ കീടങ്ങളെ ഭക്ഷിക്കാൻ പാമ്പുകൾ മുല്ലപ്പൂ ചെടികൾക്കു ചുറ്റും വരാറുണ്ട്.
4. കല്ലുകൾക്കിടയിൽ വളരുന്ന ചെടികൾ
കല്ലുകൾ നിറച്ച് അല്ലെങ്കിൽ ചുറ്റിലും ചെറിയ കല്ലുകൾ കൂട്ടിവെച്ച് ചില ചെടികൾ നാം വളർത്താറുണ്ട്. കാണാൻ അഴക് നൽകുമെങ്കിലും ഇവ പാമ്പുകൾക്ക് മറഞ്ഞിരിക്കാൻ പറ്റിയ സ്ഥലം നൽകുന്നു. ചില പാമ്പുകൾക്ക് വെയിൽ കായുന്നതിനും ചിലർ തണലിൽ പതുങ്ങുന്നതിനും കല്ലുകൾ സഹായിക്കുന്നു. ഇത് ശരീര ഊഷ്മ നിയന്ത്രണത്തിന് അവശ്യമാണ്. ചെറിയ ജീവികൾ പാറക്കെട്ടുകൾക്കിടയിലും ചുറ്റുപാടും ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്. പാമ്പുകൾ ഇര തേടി ഇത്തരം സ്ഥലങ്ങളിലേക്ക് വരാം.
5. കള്ളിച്ചെടി
വീടുകളുടെ മതിലുകളിലും ചുറ്റുപാടും വളരുന്ന കള്ളിച്ചെടി നിയന്ത്രിക്കാതെ വിട്ടാൽ പാമ്പുകൾക്ക് ഇഷ്ടപ്പെട്ട ഒളിയിടമാകും. മുള്ളുകൾ ഉണ്ടെങ്കിലും, കള്ളിച്ചെടിയുടെ ഇടതൂർന്ന വളർച്ച പാമ്പുകൾക്ക് മറഞ്ഞു കിടക്കാൻ സംരക്ഷണം നൽകുന്നു.
പാമ്പുകളെ ഒഴിവാക്കാം
മുറ്റം വൃത്തിയായി സൂക്ഷിക്കുകയും പുല്ല് വളരാതെ വെട്ടി വൃത്തിയാക്കുകയും ചെയ്യുക. ഇത് പാമ്പുകൾക്ക് മറഞ്ഞിരിക്കാൻ ഇടം നൽകുന്നില്ല. വൃത്തിഹീനമായ കക്കൂസും പരിസരവും പാമ്പുകൾക്ക് ഇഷ്ടപ്പെട്ട ഇടങ്ങളാണ്. എലികളെപ്പോലുള്ള ഇരകളെ തേടി പാമ്പുകൾ ഇവിടെ വരാറുണ്ട്. വീടിനോട് ചേർന്നുള്ള കക്കൂസ് ഒഴിവാക്കുകയോ വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യുന്നത് നല്ലതാണ്.
വീടിന്റെ ചുറ്റുമുള്ള വിടവുകളിലൂടെയും പാമ്പുകൾ കടന്നുവരാം. ഓടുകൾ, വാതിൽപ്പാളികളുടെ ഇടയിലുള്ള വിടവുകൾ എന്നിവ അടച്ച് പാമ്പുകൾക്ക് പ്രവേശനം തടയണം.
പാമ്പുകളെ കണ്ടാൽ ഭയപ്പെടേണ്ട. സാധാരണയായി, മനുഷ്യരെ ആക്രമിക്കാൻ പാമ്പുകൾ ശ്രമിക്കാറില്ല. പാമ്പുകളെ കണ്ടാൽ ശാന്തരായി പതുക്കെ മാറി നടക്കുക. പാമ്പിനെ പ്രകോപിപ്പിക്കരുത് എന്നതും പ്രധാനമാണ്. വീട്ടിൽ പാമ്പുകളുടെ സാന്നിധ്യം സ്ഥിരമായി ഉണ്ടെങ്കിൽ പാമ്പു പിടിക്കുന്ന വിദഗ്ധരുടെ സഹായം തേടാം.