Scam Alert | ഒരു ഫോൺ വിളിയിൽ ബാങ്ക് അക്കൗണ്ട് കാലി; ഒടിപി പോലും വേണ്ട! കോൾ മെർജിംഗ് തട്ടിപ്പ് അറിയാം

● വിശ്വാസം നേടിയ ശേഷം കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു.
● മെർജ് ചെയ്യുമ്പോൾ ഒ.ടി.പി ചോർത്തുന്നു.
● നിമിഷങ്ങൾക്കുള്ളിൽ പണം നഷ്ടപ്പെടുന്നു.
ന്യൂഡൽഹി: (KasargodVartha) ഡിജിറ്റൽ അറസ്റ്റിന് പിന്നാലെ, പുതിയൊരു തട്ടിപ്പ് രീതി കൂടി വെളിച്ചത്ത് വന്നിരിക്കുന്നു. ഒറ്റ ഫോൺ കോളിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാവുന്ന അപകടകരമായ ഒരു തട്ടിപ്പാണിത്. ഒ.ടി.പി (OTP) പോലും നൽകാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്ന ഈ പുതിയ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
സൈബർ തട്ടിപ്പുകാർ ഓരോ ദിവസവും പുതിയ വഴികൾ തേടികൊണ്ടിരിക്കുകയാണ്. അത്തരത്തിൽ അവർ കണ്ടെത്തിയ ഏറ്റവും പുതിയ തട്ടിപ്പാണ് 'കോൾ മെർജിംഗ് തട്ടിപ്പ്' (Call Merging Scam). ഒരു സാധാരണ ഫോൺ കോൾ വഴി പോലും ആളുകൾക്ക് ഈ തട്ടിപ്പിൽ പെടാൻ സാധ്യതയുണ്ട്. ഫോൺ എടുക്കുന്നതിലൂടെ മാത്രം അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്ന ഈ തട്ടിപ്പിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാം. ഒപ്പം, ഈ തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്നും നോക്കാം.
എങ്ങനെയാണ് ഈ തട്ടിപ്പ് നടക്കുന്നത്?
സാധാരണയായി ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ തട്ടിപ്പുകാർ ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. ഇതിൽ, ഒരു അപരിചിത നമ്പറിൽ നിന്ന് നിങ്ങൾക്ക് ഒരു കോൾ വരുന്നു. നിങ്ങളുടെ ഒരു സുഹൃത്തിൽ നിന്നാണ് ഈ നമ്പർ കിട്ടിയതെന്ന് വിശ്വസിപ്പിക്കാൻ വേണ്ടി അവർ സംസാരിക്കും. വിശ്വാസം നേടുന്നതിന് വേണ്ടി അവർ പ്രത്യേക സംഭവങ്ങളെക്കുറിച്ചും സംസാരിക്കാൻ സാധ്യതയുണ്ട്. തുടർന്ന്, നിങ്ങളുടെ സുഹൃത്ത് മറ്റൊരു നമ്പറിൽ നിന്നാണ് വിളിക്കുന്നതെന്നും, രണ്ട് കോളുകളും ഒന്നിപ്പിക്കാമോ എന്നും തട്ടിപ്പുകാരൻ ചോദിക്കുന്നു.
ഇവിടെയാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. നിങ്ങൾ കോൾ മെർജ് ചെയ്യുമ്പോൾ, രണ്ടാമത്തെ കോൾ നിങ്ങളുടെ സുഹൃത്തിൽ നിന്നായിരിക്കില്ല വരുന്നത്. നിങ്ങളുടെ ബാങ്കിൽ നിന്നുള്ള ഒ.ടി.പി (വൺ ടൈം പാസ്‌വേർഡ്) ആയിരിക്കും ആ കോളിൽ ഉണ്ടാവുക. കോൾ മെർജ് ചെയ്യുന്നതിലൂടെ, നിങ്ങൾ അറിയാതെ തന്നെ ഒ.ടി.പി തട്ടിപ്പുകാരനുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്. ഒ.ടി.പി ലഭിച്ചുകഴിഞ്ഞാൽ, തട്ടിപ്പുകാരൻ നിമിഷനേരം കൊണ്ട് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നു.
ഇത് അപകടകരമാകുന്നത് എന്തുകൊണ്ട്?
ഇക്കാലത്ത് നിങ്ങളുടെ ഫോൺ നമ്പർ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ചോർന്ന ഡാറ്റാബേസുകൾ, സോഷ്യൽ മീഡിയ, ഫിഷിംഗ് ആക്രമണങ്ങൾ തുടങ്ങിയ വഴികളിലൂടെ അവർ നമ്പർ ശേഖരിക്കുന്നു. നമ്പർ കിട്ടിക്കഴിഞ്ഞാൽ, അവർ 'കോൾ മെർജിംഗ് തട്ടിപ്പ്' പോലുള്ള രീതികൾ ഉപയോഗിച്ച് നിങ്ങളെ ലക്ഷ്യമിടുന്നു.
ഫിഷിംഗ് തട്ടിപ്പുകളിൽ വ്യാജ വെബ്സൈറ്റുകളോ ഇമെയിലുകളോ ഉപയോഗിക്കുമ്പോൾ, കോൾ മെർജിംഗ് തട്ടിപ്പ് ഒരു സാധാരണ ഫോൺ ഫീച്ചർ - കോൾ മെർജിംഗ് - ഉപയോഗിച്ചാണ് നടത്തുന്നത്. പല ആളുകളും ഇത് ഒരു തട്ടിപ്പാണെന്ന് സംശയിക്കാതെ, തട്ടിപ്പുകാരുടെ തന്ത്രങ്ങളിൽ വീണുപോവുകയും, അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള വഴി അറിയാതെ തുറന്നു കൊടുക്കുകയും ചെയ്യുന്നു.
തട്ടിപ്പിൽ നിന്ന് എങ്ങനെ സ്വയം രക്ഷിക്കാം?
കാൾ മെർജിംഗ് തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
● അപരിചിത നമ്പറുകളുമായി കാൾ മെർജ് ചെയ്യരുത്: ഒരിക്കലും അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ മെർജ് ചെയ്യാൻ ശ്രമിക്കരുത്. ആരെങ്കിലും കോ മെർജ് ചെയ്യാൻ നിർബന്ധിക്കുകയാണെങ്കിൽ, അത് നിരസിക്കുകയും അവരുടെ ഐഡന്റിറ്റി പരിശോധിക്കുകയും ചെയ്യുക.
● സുഹൃത്തിനെ നേരിട്ട് വിളിക്കുക: ഒരു സുഹൃത്താണ് വിളിക്കുന്നതെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ, അവരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തുക. നിങ്ങളുടെ സുഹൃത്തിന്റെ ശരിയായ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ വഴികളിലൂടെയോ അവരുമായി ബന്ധപ്പെടുക.
● ഒ.ടി.പി ആർക്കും നൽകരുത്: ഒരു ഇടപാടും നടത്താതെ നിങ്ങൾക്ക് ഒ.ടി.പി ലഭിക്കുകയാണെങ്കിൽ, അത് തട്ടിപ്പിന്റെ സൂചനയായിരിക്കാം. ബാങ്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ ഒ.ടി.പി ആവശ്യപ്പെടില്ല. അത് നിങ്ങൾ ഒരു ഇടപാട് ചെയ്യുമ്പോൾ മാത്രം ഉപയോഗിക്കേണ്ട രഹസ്യ കോഡാണ്.
● സംശയാസ്പദമായ എന്തും റിപ്പോർട്ട് ചെയ്യുക: നിങ്ങൾക്ക് ഒരു തട്ടിപ്പ് സംശയം തോന്നുകയാണെങ്കിൽ, അല്ലെങ്കിൽ അറിയാത്ത ഒ.ടി.പി ലഭിക്കുകയാണെങ്കിൽ, ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ റിപ്പോർട്ട് ചെയ്യുക.
തട്ടിപ്പിന് ഇരയായാൽ എന്തുചെയ്യണം?
നിങ്ങൾ കാൾ മെർജിംഗ് തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞാൽ, ഉടൻ തന്നെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:
● ബാങ്കിനെ വിളിച്ച് ഇടപാടുകൾ തടയുക: അനധികൃത ഇടപാടുകൾ തടയുന്നതിന് ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെ വിളിക്കുക. അക്കൗണ്ട് മരവിപ്പിക്കുകയോ അല്ലെങ്കിൽ ഓൺലൈൻ ബാങ്കിംഗ് താൽക്കാലികമായി ബ്ലോക്ക് ചെയ്യുകയോ പോലുള്ള അടിയന്തര നടപടികൾ സ്വീകരിക്കുക.
● സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്യുക: സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിച്ചോ അല്ലെങ്കിൽ cybercrime(dot)gov(dot)in എന്ന വെബ്സൈറ്റ് വഴിയോ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുക. നിങ്ങളുടെ പരാതി രേഖപ്പെടുത്തുകയും തുടർനടപടികൾ സ്വീകരിക്കാൻ ഇത് സഹായിക്കുകയും ചെയ്യും.
● ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ശ്രദ്ധിക്കുക: നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ കൃത്യമായി നിരീക്ഷിക്കുക. സംശയാസ്പദമായ എന്തെങ്കിലും ഇടപാടുകൾ കാണുകയാണെങ്കിൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടുക.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A new scam called ‘Call Merging’ allows fraudsters to access OTP and steal money from bank accounts without the victim's knowledge.
#CallMergingScam #CyberFraud #OTPScam #BankingSecurity #DigitalFraud #CyberCrime