Indian Stars | ടീം ഏതായാലും കളിക്കാന്‍ ഇന്‍ഡ്യാക്കാര്‍ ഉണ്ടാകും; ട്വന്റി20 ലോകകപ്പിലെ കളിക്കാരുടെ സാന്നിധ്യം അത് ശരിവയ്ക്കുന്നു
ഇന്‍ഡ്യക്കായി അണ്ടര്‍ 19 ടീമില്‍ കളിച്ചവരുമുണ്ട്
ട്വന്റി20 ലോകകപ്പിനെത്തുന്ന ഇന്‍ഡ്യന്‍ ടീം കഴിഞ്ഞാല്‍ ഏറ്റവുമധികം 'ഇന്‍ഡ്യക്കാര്‍' കളിക്കുന്ന ടീം കാനഡയാണ്
ന്യൂഡെല്‍ഹി: (KasargodVartha) ടീം ഏതായാലും അതില്‍ കളിക്കാന്‍ ഇന്‍ഡ്യാക്കാര്‍ ഉണ്ടാകും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ട്വന്റി20 ലോകകപ്പിലെ കളിക്കാരുടെ സാന്നിധ്യം നോക്കിയാല്‍ തന്നെ ഇത് ശരിവയ്ക്കുന്നു. നേരത്തെ ഒരു അഭിമുഖത്തിനിടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി വേണമെന്ന് വച്ചാല്‍ ലോകകപ്പിന് രണ്ട് ടീമിനെ അയയ്ക്കാനുള്ള അത്രയും മിടുക്കരായ കളിക്കാര്‍ ഇന്‍ഡ്യന്‍ ക്രികറ്റിലുണ്ടെന്നുള്ള അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
ഇന്‍ഡ്യന്‍ ക്രികറ്റിലെ പ്രതിഭാ ധാരാളിത്തത്തെക്കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു ശാസ്ത്രി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. ഇത്തവണ ട്വന്റി20 ലോകകപ്പിനുള്ള ടീമുകളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ശാസ്ത്രി പറഞ്ഞതില്‍ വാസ്തവമുണ്ടെന്ന് നൂറുശതമാനം ഉറപ്പിക്കാം.
ഇന്‍ഡ്യന്‍ ടീമിന് പുറമേ, വിവിധ ടീമുകളിലായി മുപ്പതിലേറെ ഇന്‍ഡ്യന്‍ വംശജരാണ് ഇത്തവണത്തെ ലോകകപ്പിനുള്ളത്. ഇതില്‍ ഇന്‍ഡ്യക്കായി അണ്ടര്‍ 19 ടീമില്‍ കളിച്ചവരുമുണ്ട്.
കാനഡ ടീമില്‍ 11 'ഇന്‍ഡ്യക്കാര്‍' കളിക്കുന്നുണ്ട്
ട്വന്റി20 ലോകകപ്പിനെത്തുന്ന ഇന്‍ഡ്യന്‍ ടീം കഴിഞ്ഞാല്‍ ഏറ്റവുമധികം 'ഇന്‍ഡ്യക്കാര്‍' കളിക്കുന്ന ടീം കാനഡയാണ്. കാനഡയുടെ 15 അംഗ ലോകകപ്പ് ടീമിലും റിസര്‍വ് ബെഞ്ചിലുമായി 11 ഇന്‍ഡ്യന്‍ വംശജരാണ് ഉള്ളത്. ഇതില്‍ ഏഴുപേര്‍ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമാണ്. ടീമിന്റെ ക്യാപ്റ്റന്‍ പാകിസ്താന്‍ വംശജന്‍ സാദ് ബിന്‍ സഫറാണ്.
ടീമിലെ ഇന്‍ഡ്യന്‍ വംശജര്‍: രവീന്ദര്‍പാല്‍ സിങ്, നവ് നീത് ധലിവാല്‍, നിഖില്‍ ദത്ത, പര്‍ഗത് സിങ്, ദില്‍പ്രീത് ബാജ് വ, ശ്രേയസ് മോവ, ഋഷിവ് ജോഷി, തജിന്ദര്‍ സിങ്, ആദിത്യ വരദരാജന്‍, ജതിന്ദര്‍ മതാരു, പ്രവീണ്‍ കുമാര്‍.
യുഎസ് ടീമില്‍ 9 പേര്‍
ട്വന്റി20 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന യുഎസ് ടീമില്‍ ക്യാപ്റ്റന്‍ മോനക് പട്ടേല്‍ ഉള്‍പെടെ ഒമ്പത് പേര്‍ ഇന്‍ഡ്യന്‍ വംശജരാണ്. സന്നാഹ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ മോനക് തന്നെയാണ് ടീമിലെ പ്രധാന ബാറ്ററും. ടീമിലെ പ്രധാന പേസറായ സൗരഭ് നേത്രാല്‍വാകര്‍ മുന്‍പ് ഇന്‍ഡ്യന്‍ അണ്ടര്‍ 19 ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ടീമിലെ ഇന്‍ഡ്യന്‍ വംശജര്‍: മോനക് പട്ടേല്‍ (ക്യാപ്റ്റന്‍), ജെസ്സി സിങ്, മിലന്ദ് കുമാര്‍, നിസാര്‍ഗ് പട്ടേല്‍, നിതീഷ് കുമാര്‍, സൗരഭ് നേത്രാല്‍വാകര്‍, നൊഷ്തുഷ് കെന്‍ജിഗെ, ഗജാനന്ദ് സിങ്, ഹര്‍മീത് സിങ്.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ് സിനായി മികച്ച പ്രകടനം നടത്തിയ ആര്യന്‍ ദത്ത്, തേജ നിദാമനുരു, വിക്രംജിത്ത് സിങ് എന്നീ ഇന്‍ഡ്യന്‍ വംശജര്‍ ട്വന്റി20 ലോകകപ്പിനുള്ള ടീമിലും ഇടംപിടിച്ചിട്ടുണ്ട്.
ഒമാന്‍: 6 പേര്‍
പാകിസ്താന്‍ വംശജനായ അക്വിബ് ഇല്യാസ് നയിക്കുന്ന ഒമാന്‍ ടീമില്‍ കശ്യപ് പ്രജാപതി, പാര്‍ഥിക് അഥവാലെ, ജതീന്ദര്‍ സിങ്, സമയ് ശ്രീവാത്സവ, ജയ് ഒഡേദ്ര, അയാന്‍ ഖാന്‍ എന്നിങ്ങനെ ആറ് ഇന്‍ഡ്യന്‍ വംശജരുണ്ട്.
യുഗാണ്ട: 3 പേര്‍
കന്നി ട്വന്റി20 ലോകകപ്പ് കളിക്കാനെത്തുന്ന യുഗാണ്ട ടീമില്‍ ദിനേശ് നക്രാനി, അല്‍പേഷ് രാംജാനി, റോണക് പട്ടേല്‍ എന്നീ ഇന്‍ഡ്യന്‍ വംശജര്‍ ഇടംപിടിച്ചിട്ടുണ്ട്.
'ഇന്‍ഡ്യക്കാര്‍' വേറെയും
ട്വന്റി20 ലോകകപ്പില്‍ കുഞ്ഞന്‍ ടീമുകളില്‍ മാത്രമല്ല ഇത്തവണ ഇന്‍ഡ്യന്‍ സാന്നിധ്യമുള്ളത്. ന്യൂസീലന്‍ഡ് ടീമിന്റെ ഭാഗമായ രചിന്‍ രവീന്ദ്രയും ഇഷ് സോധിയും ഇന്‍ഡ്യന്‍ വംശജരാണ്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിനും ഇന്‍ഡ്യന്‍ പാരമ്പര്യമുണ്ട്.