No hikes | ഇന്ത്യയിലെ 60 ശതമാനത്തിലധികം എൻട്രി ലെവൽ ജീവനക്കാർക്കും ഈ മൂല്യനിര്‍ണയ വർഷത്തിൽ ശമ്പള വർധനവ് ലഭിച്ചില്ല; റിപ്പോർട്ട് പുറത്ത്
Aug 1, 2023, 14:38 IST
ന്യൂഡെൽഹി: (www.kasargodvartha.com) ഇന്ത്യയിലെ 60 ശതമാനത്തിലധികം എൻട്രി ലെവൽ ജീവനക്കാർക്കും ഈ മൂല്യനിര്‍ണയ വർഷത്തിൽ ശമ്പളത്തിൽ വർധനവ് ലഭിച്ചിട്ടില്ലെന്ന് ജോബ് അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമായ ഫൗണ്ടിറ്റ് (മോൺസ്റ്റർ എപിഎസി, എംഇ എന്നീ പേരുകളിൽ നേരത്തെ അറിയപ്പെട്ടിരുന്നത്) റിപ്പോർട്ടിൽ വെളിപ്പെടുത്തൽ.
എൻട്രി ലെവൽ പ്രൊഫഷണലുകൾക്കുള്ള ശമ്പള വർധനവിൽ തങ്ങൾക്ക് ഒരു വർധനവും ഉണ്ടായിട്ടില്ലെന്ന് പൂജ്യം മുതൽ മൂന്ന് വർഷം വരെ പരിചയമുള്ള 62 ശതമാനം പേർ പറഞ്ഞു. അവരിൽ 10 ശതമാനം പേർക്ക് 5-10 ശതമാനം വർധനവ് ലഭിച്ചു. ഒമ്പത് ശതമാനം പേർക്ക് 0-5 ശതമാനം ശമ്പള വർധനവ് ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ശമ്പള വർധനയ്‌ക്ക് പകരം ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യം നൽകുന്നതിന് കമ്പനികൾ മറ്റു മാർഗങ്ങൾ തേടുന്നുണ്ടെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. എംപ്ലോയീസ് സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനുകൾ (ESOP), ബോണസുകൾ, പ്രമോഷനുകൾ എന്നിവ പോലുള്ള ശമ്പള വർധനവിന് പകരമുള്ള കാര്യങ്ങൾ കമ്പനികൾ നോക്കുന്നതായി ഫൗണ്ടിറ്റ് സിഇഒ ശേഖർ ഗരിസ പറഞ്ഞു.
ശമ്പള വർധനവ് ലഭിക്കാത്ത 49 ശതമാനം ജീവനക്കാർക്കും ഇഎസ്ഒപിയും ബോണസും ലഭിച്ചതായി പറയുന്നു. കൂടാതെ, വർധനവ് ഇല്ലാത്തവരിൽ 20 ശതമാനം പേർക്ക് പ്രമോഷനാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഹെൽത്ത്‌കെയർ, ബിപിഒ/ഐടിഇഎസ് മേഖലകളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ജീവനക്കാരും ഈ വർഷം ശമ്പള വർധനവ് നേടി. ഹെൽത്ത് കെയറിൽ 29 ശതമാനം ജീവനക്കാർക്ക് 5-10 ശതമാനം വർധനവ് ലഭിച്ചപ്പോൾ 27 ശതമാനം ജീവനക്കാരുടെ ശമ്പളത്തിൽ 10-15 ശതമാനം വർധനവുണ്ടായി.
ബിപിഒ/ഐടിഇഎസ് മേഖലയിൽ, പ്രതികരിച്ചവരിൽ പകുതിയോളം, അതായത് 49 ശതമാനം ജീവനക്കാർ 2023 സാമ്പത്തിക വർഷത്തിൽ 0-5 ശതമാനം വരെ ശമ്പള വർധനവ് നേടി, അതേസമയം 26 ശതമാനം പേർക്ക് 5-10 ശതമാനം വർധനവ് ലഭിച്ചു. ബിഎഫ്എസ്ഐ മേഖലയിൽ, 20 ശതമാനം ജീവനക്കാർക്ക് 10-15 ശതമാനം വർധനവും 30 ശതമാനം പേർക്ക് 5-10 ശതമാനം വർധനവും ലഭിച്ചു. 30 ശതമാനം പേർക്ക് 10-15 ശതമാനം വർധനയും 21 ശതമാനം പേർക്ക് 5-10 ശതമാനം ലഭിച്ചുകൊണ്ട് സമാനമായ പ്രവണതയാണ് ഐടി മേഖലയിലും കാണാനായത്. എൻജിനീയറിംഗ്/കൺസ്ട്രക്ഷൻ വ്യവസായത്തിൽ ജോലി ചെയ്യുന്നവരിൽ 20 ശതമാനം പേർക്കും 20 ശതമാനത്തിലധികം ശമ്പള വർദ്ധനവ് ലഭിച്ചു.
റിപ്പോർട്ട് പ്രകാരം, ഈ വർഷം ലഭിച്ച ശമ്പള വർധനവ് അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതായി പ്രതികരിച്ചവരിൽ 38 ശതമാനം പേർ പ്രസ്താവിച്ചു. 76 ശതമാനം ജീവനക്കാരും ജോലി മാറ്റം പരിഗണിക്കുന്നതായി വ്യക്തമാക്കി. പുതിയ അവസരങ്ങൾ തേടുമെന്ന് പ്രതികരിച്ച 26 ശതമാനം പേരും 5-10 ശതമാനം വരെ ശമ്പള വർധനവ് ലഭിച്ചവരാണ് എന്നാണ് പ്രത്യേകത.
Keywords: Entry Level, Employees, Salary, Report, Foundit, Report, No hikes for over 60% entry level employees this appraisal season: foundit Report.