Netflix | നെറ്റ്ഫ്‌ലിക്‌സ് വരിക്കാര്‍ ഒന്ന് കരുതിയിരുന്നോ; സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടാന്‍ പോകുന്നതായി റിപോര്‍ട്
ന്യൂഡെല്‍ഹി: (KasargodVartha) വളരെ ജനപ്രീതി നേടി മുന്നോട്ട് കുതിക്കുന്ന അമേരികന്‍ സ്ട്രീമിങ് ഭീമന്‍ നെറ്റ്ഫ്‌ലിക്‌സ് തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് ഉയര്‍ത്താന്‍ പോകുന്നതായി റിപോര്‍ട്. ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷം ആദ്യമോ നിരക്ക് കൂട്ടിയേക്കാം. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ വിപണികള്‍ക്ക് ഈ വര്‍ധനവ് ബാധകമാക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് ഉദ്ദേശിക്കുന്നതായി റിപോര്‍ടുകള്‍ പറയുന്നു.
തുടക്കത്തില്‍ യുഎസിലും കാനഡയിലും തുടര്‍ന്ന് തങ്ങളുടെ ലോകമെമ്പാടുമുള്ള വിവിധ വിപണികളില്‍ പുതിയ കൂട്ടിയ നിരക്കുകള്‍ കൊണ്ടുവന്നേക്കാം. അതേസമയം, നിലവില്‍ ഇന്‍ഡ്യയെ കുറിച്ച് പരാമര്‍ശമൊന്നുമില്ലെങ്കിലും ആഗോളതലത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ തന്നെയാണ് സ്ട്രീമിങ് ഭീമന്‍ ലക്ഷ്യമിടുന്നത്.
അവസാനമായി നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. മാത്രമല്ല, ഇന്‍ഡ്യയടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ പാസ്വേഡ് പങ്കിടുന്നത് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. സുഹൃത്തുക്കളുമായി അകൗണ്ട് പങ്കിടുന്നത് അവസാനിപ്പിച്ച് വീട്ടിലുള്ളവരുമായി മാത്രം പങ്കിട്ട് ഉപയോഗിക്കാന്‍ കഴിയും വിധം നെറ്റ്ഫ്‌ലിക്‌സിനെ മാറ്റുകയുമാണ് ചെയ്തത്. പാസ്‌വേഡ് അനിയന്ത്രിതമായി പങ്കുവെക്കുന്നത് തടയാനായി ബോറോവര്‍, ഷെയേര്‍ഡ് അകൗണ്ട് ഫീചറും ചില രാജ്യങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സ് പരീക്ഷിച്ചു.
അധിക തുക നല്‍കി കൂടുതല്‍ യൂസര്‍മാരെ അകൗണ്ടില്‍ ചേര്‍ക്കാനോ പ്രൊഫൈലുകള്‍ മറ്റ് അകൗണ്ടുകളിലേക്ക് മാറ്റാനോ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നതാണ് ഫീചര്‍. പാസ്വേഡ് പങ്കിടല്‍ നെറ്റ്ഫ്‌ലിക്‌സ് അവസാനിപ്പിച്ചതിന് ശേഷം കംപനിക്ക് ഒട്ടേറെ പുതിയ വരിക്കാരെ ലഭിക്കുകയുണ്ടായി. 2023-ന്റെ രണ്ടാം പാദത്തില്‍, നെറ്റ്ഫ്‌ലിക്‌സ് ഏകദേശം ആറ് ദശലക്ഷം പേയ്‌മെന്റ് സബ്‌സ്‌ക്രൈബര്‍മാരെ ചേര്‍ത്തതായാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: Netflix, Price, Subscription, Increase, Subscription Plan, News, World, Technology, Business, Netflix is said to increase subscription plan prices.