NEET Exam | തിളച്ചുമറിഞ്ഞ് നീറ്റ് പരീക്ഷ വിവാദം; സുതാര്യമായാണ് നടത്തിയതെന്ന് എൻടിഎ; മൂന്നാം മോദി സർക്കാരിനെതിരെ ആദ്യ ആയുധമാക്കാൻ പ്രതിപക്ഷം
ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്
ന്യൂഡെൽഹി: (KasaragodVartha) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നീറ്റ് പരീക്ഷാ (NEET-UG 2024) ഫലം രാജ്യവ്യാപകമായി വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. നീറ്റ് പരീക്ഷ ഫലത്തിൽ അട്ടിമറിയെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നുണ്ട്.
ചില വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതിലും അട്ടിമറിയുണ്ടെന്നും ആക്ഷേപമുണ്ട്. ചില വിദ്യാർത്ഥികളും രക്ഷിതാക്കളും പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് പരീക്ഷയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതും മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല പ്രവേശനം നടക്കുന്നതെന്ന ആശങ്കയും രക്ഷിതാക്കളും വിദ്യാർഥികളും പ്രകടിപ്പിക്കുന്നു.
സുതാര്യമായാണ് നടത്തിയതെന്ന് എൻടിഎ
അതേസമയം സുതാര്യവും സത്യസന്ധവുമായ രീതിയിലാണ് നീറ്റ് പരീക്ഷ നടത്തിയതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പറഞ്ഞു. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. 44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ് മാര്‍ക്കിലൂടെയാണ്. സമയം കിട്ടാത്തവര്‍ക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിര്‍ദേശ പ്രകാരം ഗ്രേസ് മാര്‍ക്ക് നല്‍കി. ഇതാണ് ഒന്നാം റാങ്കിന്റെ എണ്ണം കൂടാന്‍ കാരണം. ഗ്രേസ് മാര്‍ക്കില്‍ അപാകതയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പുതിയ സമിതിയെ രൂപവത്കരിച്ചതായും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചെയര്‍മാന്‍ സുബോദ് കുമാര്‍ സിങ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നീറ്റ് പരീക്ഷയ്ക്കിടെ ആറ് പരീക്ഷാ കേന്ദ്രങ്ങളിലായി 1600 ഓളം വിദ്യാർത്ഥികൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതായി സുബോധ് കുമാർ പറഞ്ഞു. ചില കേന്ദ്രങ്ങളിൽ സാങ്കേതിക തകരാർ മൂലം സമയം നഷ്‌ടമായി. സുപ്രീം കോടതിയുടെ മാർഗനിർദേശ പ്രകാരം ഇത്തരം പരാതികളിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകി. രാജ്യത്ത് എവിടെയും പേപ്പർ ചോർന്നിട്ടില്ല. ഹിന്ദി, ഇംഗ്ലീഷ് പേപ്പറുകൾ തെറ്റായി വിതരണം ചെയ്തതിനെത്തുടർന്ന് സവായ് മധോപൂരിലെ ഒരു കേന്ദ്രത്തിൽ പ്രശ്‌നമുണ്ടായി. ഞങ്ങൾ ഉടനടി നടപടി സ്വീകരിച്ചു. കുട്ടികളെല്ലാം സെൻ്ററിനകത്തായിരുന്നു. പരീക്ഷയുടെ മുഴുവൻ പ്രക്രിയയും സുതാര്യമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ആയുധമാക്കാൻ പ്രതിപക്ഷം
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതുതായി അധികാരമേൽക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. മോദിയുടെ ഞായറാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പിന്നാലെ തിങ്കളാഴ്ച ഡൽഹിയിൽ വൻ പ്രതിഷേധത്തിനാണ് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷം ശക്തമായ സാഹചര്യത്തിൽ മൂന്നാം മോദി സർക്കാർ നേരിടുന്ന ആദ്യ വെല്ലുവിളിയായിരിക്കും നീറ്റ് പരീക്ഷാ വിവാദം.