PM Oath | മോദി മൂന്നാം വട്ടം അധികാരത്തിലേക്ക്; 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണമില്ല
ലോകനേതാക്കള്‍ അതിഥികളായെത്തും.
ലാലന്‍ സിംഗ്, റാം നാഥ് താക്കൂര്‍ എന്നിവരായിരിക്കും ജെഡിയു മന്ത്രിമാര്‍.
സ്പീകര്‍ പദവി ബിജെപി വിട്ടുകൊടുക്കില്ലെന്ന് റിപോര്‍ടുകള്‍.
ന്യൂഡെല്‍ഹി: (KasargodVartha) മൂന്നാം എന്‍ഡിഎ സര്‍കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടക്കും. ഏകദേശം 45 മിനിറ്റോളം നീളുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സഖ്യകക്ഷികളില്‍നിന്നടക്കം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ വഹിക്കുന്ന ബിജെപി മന്ത്രിമാരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുന്നത്.
പുതിയ മന്ത്രിസഭയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രി സ്ഥാനങ്ങളും ലഭിക്കുമെന്നാണ് സൂചന. റാം മോഹന്‍ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല പ്രസാദ് എന്നിവരാണ് ടിഡിപിയിലെ മൂന്ന് പേര്‍. നാലാമന്‍ ആരെന്ന് വ്യക്തമായിട്ടില്ല. ലാലന്‍ സിംഗ്, റാം നാഥ് താക്കൂര്‍ എന്നിവരായിരിക്കും ജെഡിയു മന്ത്രിമാര്‍. അതേസമയം, സ്പീകര്‍ പദവി ബിജെപി വിട്ടുകൊടുക്കില്ലെന്നും റിപോര്‍ടുകള്‍ പറയുന്നു.
ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കള്‍ക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപാള്‍, ഭൂടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമാണ് ചടങ്ങില്‍ അതിഥികളായെത്തുക. ചടങ്ങിന്റെ ഭാഗമാകാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയും സെയ്‌ഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫും ഡെല്‍ഹിയില്‍ കഴിഞ്ഞദിവസം എത്തിച്ചേര്‍ന്നു.
വ്യത്യസ്ത മതങ്ങളിലെ 50 ഓളം പുരോഹിതരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിര്‍മാണത്തില്‍ പങ്കാളികളായവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. പ്രമുഖരായിട്ടുള്ള അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, കലാകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിങ്ങനെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ക്ഷണം. ഇവര്‍ക്ക് പുറമേ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഈ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍, സംഘടനാ ചുമതല വഹിക്കുന്ന ഭാരവാഹികള്‍ എന്നിങ്ങനെ ആയിരത്തിലധികം വ്യക്തികളാണ് ചടങ്ങിന്റെ ഭാഗമാകുന്നത്.
വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് നിരവധി ലോക നേതാക്കളും പ്രമുഖരും ആശംസകള്‍ അറിയിച്ചു. യമന്‍ പ്രധാനമന്ത്രി അഹമ്മദ് ബിന്‍ മുബാറക്, ബെല്‍ജിയം പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡിക്രൂ, അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡണ്ട് വയോള അംഹെര്‍ഡ്, അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ തുടങ്ങിയ നിരവധി ലോകരാഷ്ട്ര നേതാക്കളും ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും ആശംസകള്‍ അറിയിച്ചു.
അതേസമയം, മൂന്നാം നരേന്ദ്രമോദി സര്‍കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യ പ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസിന് ക്ഷണമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ലോക നേതാക്കള്‍ക്ക് വരെ ക്ഷണമുള്ള ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കാതിരുന്നത്. രാഷ്ട്രീയവും ധാര്‍മികവുമായും തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്ന് പ്രതികരിച്ചുകൊണ്ട് ജയ്‌റാം രമേശാണ് വിമര്‍ശനം ഉന്നയിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശി തരൂര്‍, സത്യപ്രതിജ്ഞയ്ക്ക് പകരം ഇന്‍ഡ്യ-പാകിസ്താന്‍ ക്രികറ്റ് മത്സരം തത്സമയം കാണുമെന്ന് വ്യക്തമാക്കി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.